'നാമനിർദേശപത്രികയിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തിയില്ല..'; കുന്നത്തൂർ പഞ്ചായത്തിൽ ബിജെപി നേതാവിന്റെ ഹർജിയിൽ ഒടുവിൽ ഇടപെടൽ; സിപിഎം അംഗമായ രതീഷ് മംഗലത്തെ കോടതി അയോഗ്യനാക്കി വിധി
ശാസ്താംകോട്ട: കുന്നത്തൂർ പഞ്ചായത്ത് ഐവർകാല കിഴക്ക് ആറാംവാർഡ് സിപിഎം അംഗമായ രതീഷ് മംഗലത്തെ ജില്ലാ അഡീഷണൽ സെഷൻസ് കോടതി അയോഗ്യനാക്കി. എതിർസ്ഥാനാർഥിയായി മത്സരിച്ച ബിജെപിയിലെ മുരളി കോട്ടൂർ നൽകിയ ഹർജിയിലാണ് വിധി. പഞ്ചായത്ത് രാജ് നിയമത്തിലെ 30-ാം വകുപ്പ് അനുസരിച്ചാണ് അയോഗ്യനാക്കിയത്.
എയ്ഡഡ് സ്കൂളിൽ താത്കാലിക അധ്യാപകനായ രതീഷ് എൻസിസി ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുന്നതും കേന്ദ്ര സർക്കാരിന്റെ ഓണറേറിയം കൈപ്പറ്റുന്നതും തിരഞ്ഞെടുപ്പ് നാമനിർദേശപത്രികയിൽ രേഖപ്പെടുത്തിയിരുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.
നാമനിർദേശപത്രിക സമർപ്പണവേളയിൽ പ്രസ്തുത വിവരം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അദ്ദേഹം പത്രിക സ്വീകരിച്ചത് നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഓണറേറിയം പറ്റുന്ന അങ്കണവാടി ജീവനക്കാർ, സാക്ഷരതാ പ്രേരക്മാർ, ആശ പ്രവർത്തകർ എന്നിവരൊഴികെ എല്ലാവരും ജീവനക്കാരെന്ന വിഭാഗത്തിൽ വരുമെന്നും അതിനാൽ എൻസിസി ഉദ്യോഗസ്ഥനായി ജോലിയിലിരിക്കെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു.
നേരത്തേ ശാസ്താംകോട്ട മുൻസിഫ് മജിസട്രേറ്റ് കോടതി ഹർജി തള്ളിയിരുന്നു. തുടർന്നാണ് മുരളി സെഷൻസ് കോടതിയെ സമീപിച്ചത്. അഡീഷണൽ ജില്ലാ കോടതി ജഡ്ജി ഹരിപ്രിയ പി. നമ്പ്യാരാണ് വിധി പ്രഖ്യാപിച്ചത്. അഭിഭാഷകരായ സി.ജി. അഭിലാഷ്, ടി.പി. പ്രകാശ് എന്നിവർ ഹർജിക്കാരനുവേണ്ടി ഹാജരായി.