എഡിജിപി അജിത്കുമാറിന് എതിരായ അന്വേഷണം: കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് എന്തിനാണ് സര്‍ക്കാരിന് നല്‍കിയതെന്ന് വിജിലന്‍സിന് വിമര്‍ശനം; റിപ്പോര്‍ട്ട് മെയ് 12 ന് ഹാജരാക്കണമെന്ന് അതൃപ്തി രേഖപ്പെടുത്തി കൊണ്ട് കോടതി

വിജിലന്‍സിന് കോടതി വിമര്‍ശനം

Update: 2025-05-06 15:42 GMT

തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാത്ത വിജിലന്‍സ് ഉദ്യോഗസ്ഥനെ കോടതി ശകാരിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ് പി ഷിബു പാപ്പച്ചനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനം.

റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയെന്ന് ഡിവൈഎസ് പി അറിയിച്ചപ്പോള്‍ എന്തുകൊണ്ട് കോടതിയില്‍ നല്‍കിയില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് മെയ് 12ന് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അജിത് കുമാറിനും പി. ശശിക്കുമെതിരായ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ ഹര്‍ജിയിലെ അന്വേഷണമാണ് കോടതി പരിഗണിച്ചത്.

തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എം.വി. രാജകുമാര മുമ്പാകെയാണ് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാതെ ഹര്‍ജി തള്ളണമെന്ന് വിജിലന്‍സ് അപേക്ഷ നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട വിജിലന്‍സ് ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ കോടതിയില്‍ നേരിട്ടു ഹാജരായി

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന് എന്ത് കാര്യമെന്നും ഇവിടെയല്ലേ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതെന്നും

കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് എന്തിനാണ് സര്‍ക്കാരിന് നല്‍കിയതെന്നും കോടതി രൂക്ഷമായ ഭാഷയില്‍ വിജിലന്‍സിനെ വിമര്‍ശിച്ചു.അന്വേഷണ റിപ്പോര്‍ട്ട് വരുന്ന 12 ന് കോടതിയില്‍ ഹാജരാക്കാനും വിജിലന്‍സ് കോടതി ഉത്തരവിട്ടു

നാളിതു വരെ സാവകാശം തേടി അവ്യക്തമായ അപേക്ഷകളാണ് വിജിലന്‍സ് സമര്‍പ്പിച്ചതെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. എത്ര സാക്ഷികളുടെ മൊഴിയെടുത്തു, സാക്ഷികളുടെ പേരുവിവരങ്ങള്‍, എത്ര രേഖകള്‍ പിടിച്ചെടുത്തു എന്ന വിവരങ്ങള്‍ ഒന്നും ഇതുവരെ സമര്‍പ്പിച്ച സാവകാശ റിപ്പോര്‍ട്ടുകളിലൊന്നും പറഞ്ഞിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. 'രേഖകള്‍ വല്ലതും പിടിച്ചെടുത്തു കാണുമോ ' എന്ന് കോടതി വിജിലന്‍സിനെ പരിഹസിക്കുകയും ചെയ്തു.

Tags:    

Similar News