'ഭയപ്പെടേണ്ട..പ്രതികള്‍ക്കൊപ്പം പാര്‍ട്ടിയുണ്ട്, അവര്‍ സിപിഎമ്മുകാരാണ്'; കോടതിയിലെത്തി ശിക്ഷിക്കപ്പെട്ടവരെ കണ്ട് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി; പൊലീസ് കണ്ടെത്തിയതിനപ്പുറം സിബിഐ ഒന്നും കണ്ടെത്തിയില്ലെന്ന് എം വി ഗോവിന്ദനും; കോടതി ശിക്ഷിച്ചെങ്കിലും പ്രതികളെ കൈവിടാതെ സിപിഎം
'ഭയപ്പെടേണ്ട..പ്രതികള്‍ക്കൊപ്പം പാര്‍ട്ടിയുണ്ട്, അവര്‍ സിപിഎമ്മുകാരാണ്'
കൊച്ചി: ഏതൊരു രാഷ്ട്രീയ കൊലപാതകം നടക്കുമ്പോഴും സിപിഎം പതിവായി പറയുന്നത് പാര്‍ട്ടി അറിഞ്ഞില്ലെന്നാണ്. എന്നാല്‍, പിന്നീട് ഈ പ്രതികളെ സംരക്ഷിക്കാന്‍ പാര്‍ട്ടി ഏതറ്റം വരെയും പോകുകയും ചെയ്യും. പെരിയ ഇരട്ടക്കൊല കേസിലും സംഭവിച്ചത് മറ്റൊന്നല്ല. സിപിഎം പണമെറിഞ്ഞും അഭിഭാഷകനെ വിലക്കെടുത്തുമാണ് അട്ടിമറി ശ്രമം നടത്തിയത്. എന്നിട്ടും കേസ് വിജയിച്ചില്ല. ഇപ്പോള്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമ്പോഴും പ്രതികളെ സിപിഎം കൈവിടുന്നില്ല.
പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ കോടതിയിലെത്തി കണ്ടു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. കമ്യൂണിസ്റ്റുകാരായതിനാലാണ് അവരെ കാണാന്‍ വന്നതെന്ന് പ്രതികളെ കണ്ട ശേഷം മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'അവര്‍ കമ്യൂണിസ്റ്റുകാരാണ്. അതുകൊണ്ടാണ് അവരെ കാണാനായി എത്തിയത്. കുറ്റക്കാരെന്ന് കോടതി പറഞ്ഞതാണ്. അതില്‍ മറിച്ചൊരു അഭിപ്രായമില്ല. ഇനിയും കോടതിയുണ്ടല്ലോ. അവരെ കാണാന്‍ തന്നെയാണ് കോടതിയില്‍ എത്തിയത്. അപ്പീല്‍ നല്‍കുന്ന കാര്യം കാസര്‍കോട്ടെ പാര്‍ട്ടി തീരുമാനിക്കും' സിഎന്‍ മോഹനന്‍ പറഞ്ഞു.
പെരിയ ഇരട്ടക്കൊലപാതക്കേസില്‍ പൊലീസ് കണ്ടെത്തിയതിനപ്പുറമൊന്നും കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കോട്ടയത്ത് പറഞ്ഞു. പാര്‍ട്ടി ഗൂഢാലോചനയില്‍ ഉണ്ടായ കൊലപാതകം അല്ലെന്ന് സിപിഎം നേരത്തെ പറഞ്ഞതാണ്. എന്നാല്‍ തുടക്കം മുതല്‍ സിപിഎം ഗുഢാലോചന നടത്തിയെന്ന് വരുത്താനാണ് സിബിഐ ശ്രമിച്ചത്. വിധി ന്യായങ്ങള്‍ പരിശോധിച്ച് മറ്റ് ഉയര്‍ന്ന കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. രാഷ്ട്രീയമായ ലക്ഷ്യത്തോടെ സിപിഎമ്മിനെ ഈ കേസിന്റെ ഭാഗമാക്കാന്‍ ശ്രമിച്ച നിലപാടിനെ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
പൊലീസ് കണ്ടെത്തിയതിനപ്പുറം സിബിഐ ഒന്നും കണ്ടെത്തിയില്ല. അതിന് പുറമെ രാഷ്ട്രീയമായ ഉദ്ദേശ്യം വച്ച് പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കന്‍മാരെയും കേസില്‍ ഉള്‍പ്പെടുത്തി. അതിന് വേറെ ചില വകുപ്പുകളാണ് അവര്‍ സ്വീകരിച്ചത്. സിബിഐ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ പ്രതിയാക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം നിതിന്യായ വ്യവസ്ഥയുടെ മുന്നില്‍ ഫലപ്രദമായി മുന്നോട്ടുപോകാനുള്ള സാധ്യതയുണ്ട്. ഉയര്‍ന്ന കോടതികളെ സമീപിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു
അതേസമയം കൊലപാതകത്തില്‍ സിപിഎം ഗൂഢാലോചനയുണ്ടെന്ന വാദം പൊളിഞ്ഞെന്നും, കേരളാ പൊലീസിന്റെ നിഗമനങ്ങളാണ് ശരിയെന്നതാണ് കോടതി വിധിയിലൂടെ വ്യക്തമാകുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. കേസില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്ന നിലപാടാണ് കേരളാ പൊലീസ് സ്വീകരിച്ചത്. പിന്നീടാണ് സിബിഐ വരുന്നത്. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് മറ്റ് കോടതികളെ സമീപിക്കാന്‍ നിയമപരമായി പോകാന്‍ അവസരമുണ്ട്. നിയമപരമായ പരിശോധനയ്ക്ക് ശേഷം ഇതില്‍ പാര്‍ട്ടി നിലപാട് സ്വീകരിക്കും.
കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. ഇവര്‍ക്ക് രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം നാലു പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും വിധിച്ചു. ഇവര്‍ക്ക് പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എന്‍ ശേഷാദ്രിനാഥന്‍ ആണ് വിധി പ്രസ്താവിച്ചത്. ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ പീതാംബരന്‍, സജി സി ജോര്‍ജ്, കെ എം സുരേഷ്, കെ അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍ ശ്രീരാഗ് (കുട്ടു), എ അശ്വിന്‍ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി രഞ്ജിത്ത്(അപ്പു), 15ാം പ്രതി എ സുരേന്ദ്രന്‍ (വിഷ്ണു സുര) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
തെളിവ് നശിപ്പിക്കുകയും പ്രതികളെ സഹായിക്കുകയും ചെയ്തതിന്, 14ാം പ്രതി സിപിഎം ജില്ലാ കമ്മിറ്റി അം?ഗം കെ മണികണ്ഠന്‍, 20ാം പ്രതി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, 21ാം പ്രതി, സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാഘവന്‍ വെളുത്തോളി (രാഘവന്‍നായര്‍), 22ാം പ്രതി, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ വി ഭാസ്‌കരന്‍ എന്നിവര്‍ക്കാണ് അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിച്ചത്.പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. കേസില്‍ സിപിഎം നേതാക്കള്‍ അടക്കം 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരുന്നു. പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.