പി.എം ശ്രീയെ എതിര്‍ക്കുമ്പോള്‍ സിപിഐ വകുപ്പില്‍ നടപ്പാക്കുന്നത് കോടികളുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍; കൃഷി, മൃഗസംരക്ഷണം, സിവില്‍ സപ്ലൈസ് വകുപ്പുകളില്‍ എത്തുന്നത് കോടികള്‍; കര്‍ഷകരുടെ ഡാറ്റ സൂക്ഷിക്കാന്‍ മൈക്രോസോഫ്റ്റിനെ ഏല്‍പ്പിച്ചപ്പോഴും കൃഷി മന്ത്രിക്ക് മൗനം; സിപിഐയുടെ നിലപാടിനെതിരെ സിപിഎമ്മും തിരിച്ചടിക്ക്

സിപിഐയുടെ നിലപാടിനെതിരെ സിപിഎമ്മും തിരിച്ചടിക്ക്

Update: 2025-10-28 10:17 GMT

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനു വഴങ്ങേണ്ടി വരുമെന്ന കാരണം ചൂണ്ടിക്കാട്ടി പി.എം ശ്രീ പദ്ധതിയെ ശക്തമായി എതിര്‍ക്കുന്ന സി.പി.ഐയുടെ വകുപ്പുകളില്‍ നടപ്പാക്കുന്നത് കോടികളുടെ കേന്ദ്ര പദ്ധതികള്‍. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 148 കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ഭൂരിഭാഗവും സി.പി.ഐ മന്ത്രിമാര്‍ ഭരിക്കുന്ന കൃഷി, മൃഗസംരക്ഷണം, സിവില്‍ സപ്ലൈസ് വകുപ്പുകളിലാണ്. കോടികളുടെ കേന്ദ്ര വിഹിതം ലഭിക്കുന്ന ഭാരതീയ പ്രകൃതി കൃഷി, രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പദ്ധതികളില്‍ ഇതുവരെ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാത്ത സി.പി.ഐയുടെ നിലപാടിനെതിരെ മുന്നണിയില്‍ പ്രതിഷേധം.

കേരളത്തിലെ കര്‍ഷകരുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കാന്‍ വിദേശ കമ്പനിയായ മൈക്രോസോഫ്റ്റുമായി കരാര്‍ ഒപ്പിട്ട് പദ്ധതി ആരംഭിച്ചിട്ടും മൗനം പാലിച്ച മന്ത്രി പി. പ്രസാദാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നതെന്നും ഇടതു മുന്നണിയില്‍ ആരോപണം. സിപിഎം തന്നെയാണ് ഇക്കാര്യം വീണ്ടും ഉയര്‍ത്തുന്നത്. പിഎം ശ്രീയില്‍ ഏറ്റവും കുടുത്ത എതിര്‍പ്പുയര്‍ത്തിയത് പ്രസാദാണ് എന്നതാണ് സിപിഎമ്മുകാരെ ചൊടിപ്പിക്കുന്നത്. അതുകൊണ്ടാണ് കൃഷി വകുപ്പിനെ നോട്ടമിട്ട് നീക്കങ്ങള്‍ നടക്കുന്നത്.

ഭാരതീയ പ്രകൃതി കൃഷി പദ്ധതി നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ ഇരുപത് കോടിരൂപയാണ് അനുവദിച്ചത്. സംരക്ഷിത കൃഷി പ്രോത്സാഹന പദ്ധതി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനാണ് നടപ്പാക്കുന്നത്. ഇതുകൂടാതെ മറ്റു നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികളും കൃഷി വകുപ്പില്‍ നടപ്പിലാക്കുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ ലൈവ്സ്റ്റോക്ക് ഡെവലപ്മെന്‍്റ് ബോര്‍ഡ് പോലുള്ള നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ബോര്‍ഡുകളിലെല്ലാം കേന്ദ്ര സര്‍ക്കാരില്‍ നിന്നും കോടികളുടെ ഫണ്ട് ലഭിക്കുന്നുണ്ട്. രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പോലുള്ള നിരവധി പദ്ധതികളാണ് മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ നടപ്പാക്കുന്നത്.

സിവില്‍ സപ്ലൈസ് നെല്‍ കര്‍ഷകര്‍ക്കു നല്‍കുന്ന പി.ആര്‍.എസ് വായ്പയിലും കേന്ദ്ര സര്‍ക്കാര്‍ സഹായമാണുള്ളത്. കാര്‍ഷിക പദ്ധതികള്‍ പ്രകാരമുള്ള അവകാശങ്ങള്‍ ലഭിക്കുന്നതിന് കര്‍ഷകരുടെ ഡാറ്റ ഉപയോഗിച്ച് അവരുടെ ഐഡന്റിറ്റി ആധികാരികമാക്കുന്നതിനാണ് അഗ്രിസ്റ്റാക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരും മൈക്രോസോഫ്റ്റും തമ്മില്‍ ഒപ്പിട്ട ഈ ധാരണാപത്രത്തെക്കുറിച്ച് ആര്‍ക്കും വിശദമായി അറിയില്ലായിരുന്നു. ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷനെന്ന സംഘടന വിവരാവകാശ അപേക്ഷ സമര്‍പ്പിച്ച ശേഷമാണ് ഈ ധാരണാപത്രം പൊതുവിടത്തില്‍ ലഭ്യമായത്. രാജ്യത്തെ കര്‍ഷകരുടെ വിശദ ഡാറ്റ വിദേശ കമ്പനി കരസ്ഥമാക്കുന്നതിനെതിരെ രാജ്യവ്യാപകമായി സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ സി.പി.ഐ മന്ത്രിയായ പി. പ്രസാദ് മൗനം പാലിക്കുകയായിരുന്നെന്നാണ് ആരോപണം.

പാര്‍ട്ടിയെ ഇരുട്ടില്‍നിര്‍ത്തി ഏകപക്ഷീയമായി മുന്നണി മര്യാദ പോലും പാലിക്കാതെ ധാരണാപത്രം ഒപ്പിട്ടതിലുള്ള വിയോജിപ്പ് രേഖപ്പെടുത്തി മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാനാണ് സിപിഐ മന്ത്രിമാരുടെ തീരുമാനം. മന്ത്രി വി.ശിവന്‍കുട്ടി തുടങ്ങിവച്ച അനുനയ ശ്രമങ്ങള്‍ ഗള്‍ഫ് പര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തിട്ടും സിപിഐ ഒരിഞ്ചും പിന്നോട്ട് പോകാന്‍ തയ്യാറായില്ല. ആലപ്പുഴയില്‍ ചേര്‍ന്ന സിപിഐ നേതൃയോഗങ്ങള്‍ പിഎംശ്രീയില്‍ വിട്ടുവീഴ്ച വേണ്ടെന്നും മന്ത്രിമാരുടെ രാജി പോലും വേണ്ടിവന്നാല്‍ നല്‍കണം എന്ന ചര്‍ച്ച യോഗത്തിലുണ്ടായി. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുക്കാല്‍ മണിക്കൂറോളം ചര്‍ച്ചനടത്തിയെങ്കിലും അനുനയശ്രമങ്ങള്‍ ഫലിച്ചില്ല.

ധാരണാപത്രം ഒപ്പിട്ട സ്ഥിതിക്ക് അതില്‍ പിന്നാക്കം പോകാനാകില്ലെന്ന കാര്യം മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ അറിയിച്ചു. എന്നാല്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ബിനോയ് വിശ്വം മറുപടി നല്‍കി. ധാരണാപത്രം ഒപ്പിട്ടെങ്കിലും സ്‌കൂളുകളുടെ പട്ടിക കൈമാറുന്നതടക്കം തുടര്‍നടപടികള്‍ തത്കാലം മരവിപ്പിക്കാമെന്ന സമവായനിര്‍ദേശം ചര്‍ച്ചയിലുണ്ടായെങ്കിലും സിപിഐ അതിനോട് യോജിച്ചില്ലെന്നാണ് സൂചന. സി.പി.ഐയുടെ കടുത്ത നിലപാടിനെ പ്രതിരോധിക്കാനാണ് അവരുടെ വിവിധ വകുപ്പുകളില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ചൂണ്ടിക്കാട്ടാന്‍ സി.പി.എം ശ്രമിക്കുന്നത്.

Tags:    

Similar News