മില്ലുടമകള്‍ ഹാജര്‍; സിപിഐ മന്ത്രിമാര്‍ക്ക് വിമര്‍ശനവുമില്ല; എല്ലാം നിശ്ചയിച്ച പടി തന്നെ തീര്‍ന്നു; 63.37 കോടിയുടെ നഷ്ടപരിഹാര തുക നല്‍കാന്‍ ധനമന്ത്രിയും പൂര്‍ണ്ണ സജ്ജന്‍! കൃഷി-ഭക്ഷ്യ വകുപ്പിന്റെ നെല്ലു സംഭരണ തലവേദന തീര്‍ത്തു; ചോദിച്ചതെല്ലാം നല്‍കി മുഖ്യമന്ത്രിയും; സിപിഎം-സിപിഐ ഐക്യം കര്‍ഷകര്‍ക്കും തുണയാകും

Update: 2025-10-29 08:58 GMT

തിരുവനന്തപുരം: സിപിഐയും സിപിഎമ്മും തമ്മിലെ പ്രശ്‌ന പരിഹാരത്തിനിടെ നെല്ലു സംഭരണത്തിലും സിപിഐ മന്ത്രിമാര്‍ക്ക് ആശ്വാസ വാര്‍ത്ത. കഴിഞ്ഞ ദിസവം കൊച്ചിയില്‍ ചേര്‍ന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ പിരിച്ചു വിട്ടിരുന്നു. മില്ലുടമകളെ വിളിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. ഇന്ന് വീണ്ടും തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രശ്‌ന പരിഹാരവും ഉണ്ടായി. പിഎം ശ്രീയിലെ മന്ത്രിമാരുടെ ബഹിഷ്‌കരണവും മന്ത്രിസഭാ യോഗത്തില്‍ ഇന്നുണ്ടാകില്ല. അങ്ങനെ രണ്ടു പ്രശ്‌നങ്ങള്‍ ഒരു ദിനം തീര്‍ന്നു.

നെല്ല് സംഭരണം സുഗമമാക്കാന്‍ സര്‍ക്കാരും മില്ലുടമകളും തമ്മിലാണ് ധാരണയായത്. നെല്ല് സംസ്‌ക്കരണ മില്ലുടമകള്‍ക്ക് 2022-23 സംഭരണ വര്‍ഷം ഔട്ട് ടേണ്‍ റേഷ്യോയുമായി ബന്ധപ്പെട്ട് നല്‍കാനുള്ള നഷ്ടപരിഹാര തുകയായ 63.37 കോടി രൂപ അനുവദിക്കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മില്ലുടമകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്രം നിശ്ചയിച്ച 68 ശതമാനമെന്ന ഔട്ട് ടേണ്‍ റേഷ്യോയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരം നെല്ല് സംഭരിക്കാന്‍ പ്രയാസം അനുഭവിക്കുകയാണ്. അതിനാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മില്ലുടമകള്‍ക്ക് നഷ്ടം ഉണ്ടാവുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതില്‍ ഇടപെടുകയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2025-26 സംഭരണവര്‍ഷം മുതല്‍ ഔട്ട് ടേണ്‍ റേഷ്യോയിലെ വ്യത്യാസം മൂലം മില്ലുടമകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന് ന്യായമായ നടപടി സര്‍ക്കാര്‍ കൈക്കൊള്ളും.

നെല്ല് കടത്തുന്നതുമായി ബന്ധപ്പെട്ട ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് അനുവദിച്ചു നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് പൂര്‍ണമായും മില്ലുടമകള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, വി എന്‍ വാസവന്‍, കെ കൃഷ്ണന്‍കുട്ടി, പി പ്രസാദ് എന്നിവര്‍ പങ്കെടുത്തു. അതായത് സിപിഐയുടെ രണ്ടു മന്ത്രിമാരും എത്തി. ഇവരുടെ വകുപ്പുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനമാണ് യോഗത്തിലുണ്ടാകുന്നതും.

ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക്, ഭക്ഷ്യ പൊതു വിതരണ വകുപ്പ് സെക്രട്ടറിയും സപ്ലൈകോ ചെയര്‍മാനുമായ എം ജി രാജമാണിക്യം, മില്ലുടമപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഈ യോഗത്തിലെ തീരുമാനങ്ങള്‍ കേരളത്തിലെ നെല്‍ കര്‍ഷകര്‍ക്ക് തുണയാണ്. ഇതു കാരണം നെല്ലു സംഭരണം ഉടന്‍ സിവില്‍ സപ്ലൈസ് വകുപ്പിന് തുടങ്ങാനാകും. കൃഷി മന്ത്രി പ്രസാദും സിവില്‍ സ്‌പ്ലൈസ് മന്ത്രി പി പ്രസാദുമാണ്. അതായത് സിപിഐ വകുപ്പുകളുടെ തലവേദനയാണ് മാറുന്നത്.

Similar News