ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ മരിച്ച് മണ്ണടിഞ്ഞിട്ടും തീര്‍ന്നില്ല സി പി എമ്മിന്റെ കുടിപ്പക; വീട്ടില്‍ കയറി ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിച്ചതായി പരാതി; വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം കമ്പിപ്പാര കൊണ്ട് തലങ്ങും വിലങ്ങും അടിച്ചെന്ന് ശ്രീഷ്‌കാന്ത്; പകയ്ക്ക് കാരണം ഇങ്ങനെ
ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ മരിച്ച് മണ്ണടിഞ്ഞിട്ടും തീര്‍ന്നില്ല സി പി എമ്മിന്റെ കുടിപ്പക
കണ്ണൂര്‍: ദളിത് ആക്ടിവിസ്റ്റും ഓട്ടോറിക്ഷ ഡ്രൈവറുമായ ചിത്രലേഖ മരിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും പക തീരാതെ സി.പി.എം പ്രവര്‍ത്തകര്‍. അര്‍ബുദ രോഗബാധിതയായി ചിത്രലേഖ ഏറെ ദുരിതമനുഭവിച്ചിട്ടാണ് ഈ ലോകം വിട്ടുപോയത്. രോഗാവസ്ഥയില്‍ പോലും ഒരു നാളെങ്കിലും രാഷ്ട്രീയ വൈരാഗ്യത്താല്‍ സി.പിഎം - സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അവരെ വെറുതെ വിട്ടിരുന്നില്ല.
ഇപ്പോഴിതാ ചിത്രലേഖയുടെ ഭര്‍ത്താവും ഓട്ടോറിക്ഷ ഡ്രൈവറുമായ എം. ശ്രീഷ് കാന്തിനെയും വീട്ടില്‍ കയറി അക്രമിച്ചു. ഇടതുകാലിന്റെ എല്ലൊടിഞ്ഞ ശ്രീഷ് കാന്ത് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച്ച വൈകിട്ട് കാട്ടാമ്പള്ളി കുതിരത്തടത്തിലെ വീട്ടില്‍ കയറിയാണ് സി.പി.എം പ്രാദേശിക നേതാവായ സജിയുടെ നേതൃത്വത്തില്‍ ചിത്രലേഖയുടെ ഭര്‍ത്താവിനെ ആക്രമിച്ചത്.
വാതിലില്‍ മുട്ടിയ സംഘം തുറന്ന ഉടന്‍ കമ്പിപ്പാര കൊണ്ടു തലങ്ങും വിലങ്ങും അടിക്കുകയായിരുന്നുവെന്ന് ശ്രീഷ് കാന്ത് പറഞ്ഞു.. നാട്ടുകാരാണ് ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അക്രമം ഭയന്ന് വീട്ടിലുണ്ടായിരുന്നവര്‍ ഭയന്നോടി രക്ഷപ്പെടുകയായിരുന്നു.
ആറു മാസത്തെ പോരാട്ടത്തിന് ശേഷം ജനുവരി ഒന്നിനാണ് ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്കുണ്ടായിരുന്ന കോര്‍പറേഷന്‍ പെര്‍മിറ്റ് മകള്‍ മേഘയുടെ പേരില്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉണ്ണികൃഷ്ണന്‍ മാറ്റിക്കൊടുത്തത്. ഇതിനു ശേഷം ശ്രീ ഷ്‌കാന്താണ് കണ്ണൂര്‍ നഗരത്തില്‍ നിന്നും ഈ ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. തങ്ങള്‍ക്ക് പെര്‍മിറ്റ് നിഷേധിച്ചത് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതിനാണ് ആക്രമണം നടത്തിയതെന്ന് ശ്രീഷ് കാന്ത് പറഞ്ഞു.
പയ്യന്നൂര്‍ എടാട്ടില്‍ നിന്നും സി.ഐ.ടി.യു പ്രവര്‍ത്തകരുടെ അക്രമവും ജാതി അധിക്ഷേപവും കാരണം നില്‍ക്കകള്ളിയില്ലാതെയാണ് ചിത്രലേഖയും കുടുംബവും അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമിയില്‍ വീട് നിര്‍മ്മിച്ച് കാട്ടാമ്പള്ളിയിലേക്ക് മാറിയത്. ഇതിനു ശേഷം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഇവരുടെ ഓട്ടോറിക്ഷയും അഗ്‌നിക്കിരയാക്കി. എന്നാല്‍ ഈ കേസിലെ പ്രതികളെ ഇതുവരെ വളപട്ടണം പൊലിസ് പിടികൂടിയിട്ടില്ല. അഗ്‌നിക്കിരയായ ചിത്രലേഖയുടെ ഓട്ടോറിക്ഷ ഇപ്പോഴും നോക്കു കുത്തി പോലെ വളപട്ടണം പൊലിസ് സ്റ്റേഷന്‍ വളപ്പിലുണ്ട്.