പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേരാന്‍ മധു; പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം: മധുവിനെ സഹായിക്കുന്നവരെ കണ്ടെത്താനും പാര്‍ട്ടി; 42 വര്‍ഷം സഖാവായിരുന്ന മധു മുല്ലശ്ശേരിയുടെ രാഷ്ട്രീയ യാത്ര ഇനി പരിവാറിനൊപ്പം
തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയെത്തുടര്‍ന്ന് സിപിഎമ്മിന്റെ തിരുവനന്തപുരം മംഗലപുരം ഏരിയാ സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയ ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരിയെ സിപിഎമ്മിന്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. പൊതുജന മധ്യത്തില്‍ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി വി ജോയിയുടെ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ നല്‍കിയ ശിപാര്‍ശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. മധു മുല്ലശ്ശേരി ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സിപിഎം തീരുമാനം.
അതേസമയം, മധു മുല്ലശ്ശേരി ബിജെപിയില്‍ ചേരും. 42 വര്‍ഷം സിപിഎം പ്രവര്‍ത്തകനായിരുന്നു മധു മുല്ലശ്ശേരി. പാര്‍ട്ടിമാറ്റം സംബധിച്ച് ഇന്ന് 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് മധു അറിയിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് തുടങ്ങിയവര്‍ മധുവിനെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിക്കും. ബിജെപിയിലേക്ക് വരാന്‍ തയ്യാറാണെന്ന് മധു ബിജെപി നേതാക്കളെ അറിയിച്ചിട്ടുണ്ട്.
മധുവിനെ സഹായിക്കുന്ന ആളുകളെ കണ്ടെത്താന്‍ സിപിഎം. തിരുവനന്തപുരത്ത് പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാണെന്നും, ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി തന്നെ സിപിഎം സംസ്ഥാന നേതൃത്വം പരിശോധിക്കും. മംഗലപുരത്തെ് പ്രശ്‌നങ്ങള്‍ തിരുവനന്തപുരം ജില്ല കമ്മിറ്റി പിടിക്കാനുള്ള ചിലരുടെ തന്ത്രങ്ങളാണെന്ന് സംശയമുണ്ട്. ആറ്റിങ്ങല്‍ ലോക്‌സഭയില്‍ ജോയിയുടെ നാമമാത്ര വോട്ടിന്റെ തോല്‍വിക്ക് പിന്നിലും ഈ ശക്തികളാണെന്നാണ് നിരീക്ഷണം. അതുകൊണ്ട് തന്നെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ നിരീക്ഷണം നടത്താനാണ് തീരുമാനം. മധുവിന് പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ കണ്ടെത്താനാണ് പാര്‍ട്ടി തീരുമാനം.
കഴിഞ്ഞ ദിവസം ഏരിയാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച മധുവിനെതിരെ ജില്ലാ സെക്രട്ടറി വി. ജോയി രംഗത്തുവന്നിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സി.പി.എം വിടുകയാണെന്ന് മധു പ്രഖ്യാപിച്ചത്. സാമ്പത്തിക ആരോപണങ്ങളും ക്രമവിരുദ്ധ ഇടപെടലുകളും മധുവിനെതിരെ ഉയര്‍ന്നിരുന്നു. മധു എട്ടുവര്‍ഷം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ആറ് വര്‍ഷം ഏരിയ സെക്രട്ടറിയുമായും സേവനമനുഷ്ടിച്ചിരുന്നു. ഏരിയ സമ്മേളനത്തില്‍ തനിക്കെതിരെ വിമര്‍ശനം പോലും ഉയര്‍ന്നിരുന്നില്ലെന്നും പാര്‍ട്ടി നല്‍കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അച്ചടക്കത്തോടെ കൃത്യമായി നടത്തിയിട്ടുണ്ടെന്നും മധു പറഞ്ഞു.
കഴക്കൂട്ടം ഏരിയാ കമ്മിറ്റി രണ്ടായതിനു ശേഷം മംഗലപുരത്ത് രണ്ട് തവണയും മധു മുല്ലശ്ശേരിയാണ് സെക്രട്ടറിയായത്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമീപിക്കാന്‍ സാധിക്കാത്ത ആളായി ഏരിയാ സെക്രട്ടറി മാറിയെന്ന ആരോപണമാണ് മധുവിനെതിരെ ഉയര്‍ന്നത്. എന്നാല്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് വി. ജോയി നടത്തിവരുന്നതെന്നാണ് മധുവിന്റെ ആരോപണം. പുതിയ ഏരിയാ കമ്മിറ്റി ചേര്‍ന്നപ്പോള്‍ മധുവിനു പകരം എം ജലീലിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പിന്നാലെയാണ് അപ്രതീക്ഷിത നീക്കത്തില്‍ പ്രതിഷേധിച്ച് മധു ഇറങ്ങിപ്പോയത്. തന്റെയൊപ്പം മകന്‍ കൂടി പാര്‍ട്ടി വിടുമെന്ന് മധു ഇന്നലെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ മകന്‍ പാര്‍ട്ടി വിടില്ലെന്നാണ് സിപിഎം വാദം.