രാഹുല്‍ മാങ്കൂട്ടത്തിലിനും യു ആര്‍ പ്രദീപിനും നീല ട്രോളി ബാഗ് സമ്മാനിച്ചു സ്പീക്കര്‍; ബാഗിനുള്ളില്‍ ഭരണഘടനയും നിയമസഭാ ചട്ടങ്ങളും; എ എന്‍ ഷംസീര്‍ ട്രോളിയത് മന്ത്രി രാജേഷിനെയാണോ എന്ന് സോഷ്യല്‍ മീഡിയ; യാദൃശ്ചികമെന്ന് നിയമസഭാ സെക്രട്ടേറിയറ്റ്

Update: 2024-12-04 12:21 GMT

തിരുവനന്തപുരം: നീല ട്രോളി ബാഗ് ഏറ്റവും അധികം ചര്‍ച്ചയും വിവാദവുമായ ഉപതിരഞ്ഞെടുപ്പാണ് കടന്നുപോയത്. ത്രികോണ പോരാട്ടം നടന്ന പാലക്കാട്ടായിരുന്നു ട്രോളി വിവാദമുണ്ടായത്. ഈ വിവാദത്തില്‍ കേസുമായി മുന്നോട്ടു പോകാനില്ലെന്ന് പോലീസ് അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനെല്ലാം ശേഷം ഇന്നായിരുന്നു എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലായിരുന്നു രാഹുലിന്റെയും യു ആര്‍ പ്രദീപിന്റെയും സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞക്ക് ശേഷം ഇരുവര്‍ക്ുകം സ്പീക്കര്‍ പ്രത്യേക ഉപഹാരവും നല്‍കി. നീല ട്രോളി ബാഗാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വക ഉപഹാരം.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഏറെ വിവാദമായിരുന്നു നീല ട്രോളി ബാഗ് വിഷയം. മന്ത്രി എം.ബി രാജേഷും സംഘവും നീല ട്രോളി ബാഗ് സംഭവത്തില്‍ ഏറെ ട്രോളുകള്‍ക്ക് വിധേയമാകുകയും ചെയ്തിരുന്നു. ഇതോട ഷംസീര്‍ മുന്‍ സ്പീക്കര്‍ കൂടിയായ രാജേഷിനെ ട്രോളിയതാണോ ട്രോളി ബാഗിലൂടെ എന്നാണ് ഉയരുന്ന ചോദ്യം. സൈബറിടത്്തിലും ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

എന്നാല്‍, വിവാദം വേണ്ടെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ പക്ഷം. പുതിയ എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ വരവേല്‍പ്പ് സമ്മാനം നല്‍കുന്നത് പതിവാണ്. ഭരണഘടന, നിയമസഭാ ചട്ടങ്ങള്‍ സംബന്ധിച്ച പുസ്തകം എന്നിവയാണ് ബാഗില്‍ ഉള്ളത്. എംഎല്‍എ ഹോസ്റ്റല്‍ അസിസ്റ്റന്റ് മാനേജരുടെ പക്കലുള്ള ബാഗ് പിന്നീട് എംഎല്‍എമാര്‍ക്ക് കൈമാറും. ഉമാ തോമസിനും ചാണ്ടി ഉമ്മനും നല്‍കിയത് നീല ട്രോളി ബാഗ് തന്നെയാണെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

നേരത്തെ സത്യപ്രതിജ്ഞ ചടങ്ങില്‍ എം.ബി രാജേഷിന് വേദിയില്‍ സ്ഥാനം ഉണ്ടായിരുന്നില്ല. എം.ബി രാജേഷ് ചടങ്ങിനെത്തും മുമ്പേ എത്തിയ മന്ത്രി സജി ചെറിയാനെ സ്പീക്കര്‍ വേദിയില്‍ ഇരുത്തിയതോടെയാണ് എം.ബി രാജേഷിന് കസേര നഷ്ടപ്പെട്ടത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എം ബി രാജേഷ് കൈകൊടുത്ത് അഭിനന്ദിക്കുകയും ചെയ്തിരുന്നു. പാലക്കാട് ഉപതെരഞ്ഞടുപ്പിനിടെ നീല ട്രോളി ബാഗില്‍ രാഹുലിന്റെ പ്രചാരണത്തിനായി പണമെത്തിച്ചെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇതിന്റെ സൂത്രധാരന്‍ രാജേഷാണെന്നായിരുന്നു ആരോപണം.

ഇതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയില്‍ ഡിവൈഎസ്പി അന്വേഷണം നടത്തി റിപ്പോര്‍ട്ട് പൊലിസ് മേധാവിക്ക് കൈമാറിയിരുന്നു. ബാഗില്‍ പണം കടത്തിയതിന് തെളിവ് ഇല്ലെന്നും തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു ജില്ലാ പൊലീസ് മേധാവിക്ക് ഡിവൈഎസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ട്.

അതേസമയം നിറഞ്ഞ സദസ്സിലായിരുന്നു ഇരു എംഎല്‍എമാരുടെയും സത്യപ്രതിജ്ഞ. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ. ആദ്യമായാണാണ് രാഹുല്‍ എംഎല്‍എയാകുന്നത്. രണ്ടാം തവണയാണ് യുആര്‍ പ്രദീപ് എംഎല്‍എയാകുന്നത്.

നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങിലാണ് ഇരുവരും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മറ്റു മന്ത്രിമാരും നേതാക്കളും ചടങ്ങില്‍ പങ്കെടുക്കു. യുആര്‍ പ്രദീപിന്റെ ഭാര്യയും മക്കളും രാഹുലിന്റെ അമ്മയും സഹോദരിയുമെല്ലാം ചടങ്ങ് കാണാനെത്തിയിരുന്നു.

രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എകെ ആന്റണിയെ കണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ അനുഗ്രഹം വാങ്ങിയാണ് നിയമസഭയിലേക്ക് എത്തിയത്. പാളയം യുദ്ധസ്മാരകത്തില്‍ നിന്ന് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ജാഥയായാണ് സഭാ മന്ദിരത്തിലെത്തിയത്.

Tags:    

Similar News