'കേവല ഭൂരിപക്ഷ'ത്തിന് എന്‍സിപിയുടെ പിന്തുണ ഉറപ്പിച്ചു; ഇടഞ്ഞ ഷിന്‍ഡെയെ അനുനയിപ്പിച്ച് മോദിയും അമിത് ഷായും; ഫഡ്നവിസിനിത് മധുരപ്രതികാരം; മഹാരാഷ്ട്രയില്‍ 'സസ്‌പെന്‍സ്' അവസാനിപ്പിച്ച് മഹായുതി അധികാരത്തിലേക്ക്

ഷിന്‍ഡെയെ അനുനയിപ്പിച്ച് മോദിയും അമിത് ഷായും

Update: 2024-12-04 12:30 GMT

മുംബൈ: രണ്ടാഴ്ചയോളം നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ തെരഞ്ഞെടുത്തതിന്റെ ആശ്വാസത്തിലാണ് ബിജെപി നേതൃത്വം. തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ച് മിന്നും വിജയം നേടിയിട്ടും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വമാണ് സര്‍ക്കാര്‍ രൂപീകരണത്തിന് തടസ്സമായത്. എന്നാല്‍ ഇടഞ്ഞുനിന്ന ഏക്‌നാഥ് ഷിന്‍ഡെയെ അനുനയിപ്പിക്കാന്‍ മോദിയും അമിത്ഷായും നേരിട്ട് രംഗത്തിറങ്ങിയതോടെ മഹായുതി സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും. കേവല ഭൂരിപക്ഷത്തിന് ബിജെപിക്ക് എന്‍സിപി പിന്തുണ അറിയിച്ചതോടെ ഷിന്‍ഡെ വിഭാഗം വഴങ്ങുകയായിരുന്നുവെന്നാണ് സൂചന.

ഫഡ്‌നവിസ് നാളെ മുംബൈയിലെ ആസാദ് മൈതാനിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം മിന്നുന്ന വിജയം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനം തര്‍ക്കത്തിലായിരുന്നു. ശിവസേന നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ വഴങ്ങാതായതോടെയാണ് അനിശ്ചിതത്വമുണ്ടായത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത ബിജെപി നേതാക്കള്‍ ഇടപെട്ടതോടെ ഷിന്‍ഡെ അയഞ്ഞു.

മഹായുതിയുടെ വന്‍ വിജയത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായത്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാന്‍ ഫഡ്നാവിസ് ഇന്ന് ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ കാണും. ശിവസേന അധ്യക്ഷന്‍ ഏകനാഥ് ഷിന്‍ഡെ, എന്‍സിപി നേതാവ് അജിത് പവാര്‍ എന്നിവരുമായി ഫഡ്‌നവിസ് കൂടിക്കാഴ്ച നടത്തും.

ബിജെപി നിയമസഭാംഗങ്ങളുടെ യോഗത്തില്‍, നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും ബിജെപിയുടെ 132 എംഎല്‍എമാരുടെ പിന്തുണയില്ലാതെ താന്‍ ഇവിടെ ഉണ്ടാകില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയ്ക്ക് നന്ദിയെന്നും ബിജെപിയുടെ 'ഇരട്ട എഞ്ചിന്‍' സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ വികസനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ 'ഏക് ഹെയ് ടു സേഫ് ഹെയ്' മുദ്രാവാക്യമാണ് മഹായുതിയുടെ വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ കോര്‍ കമ്മിറ്റിയാണ് ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. 288-ല്‍ 230 സീറ്റുകളും മഹായുതി സഖ്യം നേടിയിരുന്നു. തെരഞ്ഞെടുപ്പില്‍ സഖ്യത്തെ നയിച്ചത് ഷിന്‍ഡെയാണെന്നും മുഖ്യമന്ത്രിയായി അദ്ദേഹം തുടരണമെന്നും ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മത്സരിച്ച 148 സീറ്റില്‍ 132ലും വിജയിച്ച ബിജെപിക്കാണ് മുഖ്യമന്ത്രി സ്ഥാനത്തിനര്‍ഹതയെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ രൂപീകരണത്തിന് താനൊരു തടസ്സമാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു. നിയമസഭയില്‍ കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ ബിജെപിക്ക് നിലവില്‍ സഖ്യകക്ഷികളിലൊന്നിന്റെ പിന്തുണ മാത്രമേ ആവശ്യമുള്ളൂവെന്നതും നേട്ടമായി. എന്‍സിപി നേരത്തെ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.

മൂന്നാമൂഴത്തില്‍ കരുത്തനായ ഫഡ്നവിസ്

പത്ത് വര്‍ഷംമുമ്പ് 44-ാം വയസ്സില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ ഹര്‍ഷാരവം മുഴക്കുന്ന ആയിരങ്ങളെ സാക്ഷിയാക്കിയാണ് മഹാരാഷ്ട്രയുടെ 19-ാമത് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നവിസ് ആദ്യം അധികാരമേറ്റത്. ഒന്നാമൂഴത്തില്‍ മുതിര്‍ന്ന നേതാക്കളെയെല്ലാം പിന്തള്ളി, അപ്രതീക്ഷിതമായി മുഖ്യമന്ത്രി പദവിയിലെത്തിയ ഫഡ്നവിസിന്റെ രണ്ടാമൂഴം അതിലേറെ അതിശയിപ്പിക്കുന്നതായിരുന്നുവെങ്കിലും മൂന്നാമൂഴം കുറെക്കൂടി എളുപ്പമായി.

ഏറെക്കാലത്തെ ഭരണപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെയാണ് ഫഡ്‌നവിസ് ആദ്യം അധികാരത്തിലേറിയത്. അങ്ങനെ സംസ്ഥാനത്ത് അഞ്ചുവര്‍ഷം കാലാവധി തികച്ച ആദ്യ ബി.ജെ.പി. മുഖ്യമന്ത്രിയായി അദ്ദേഹം ചരിത്രം കുറിച്ചു. ആര്‍.എസ്.എസുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഫഡ്‌നവിസിന് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നീര്‍ച്ചുഴികളെ അതിജീവിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി. അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്ഷാ യുടെയും അകമഴിഞ്ഞ പിന്തുണയും കൂടി ആയപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ എതിരാളിയില്ലാത്ത നേതാവായി മാറി. കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ബി.ജെ.പി.യെ വീണ്ടും ഒന്നാംസ്ഥാനത്തെത്തിച്ച് നേതൃപാടവം തെളിയിച്ചു.

1970-ല്‍ നാഗ്പുരിലെ ആര്‍.എസ്.എസ്. കുടുംബത്തില്‍ ജനിച്ച ഫഡ്‌നവിസ് ചെറുപ്രായത്തില്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായി.

1992-ല്‍ നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അംഗവും 1997-ല്‍ 27-ാം വയസ്സില്‍ മേയറുമായി. രാജ്യത്തെതന്നെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മേയര്‍ എന്ന റെക്കോഡിട്ട അദ്ദേഹം 1999-ലാണ് നിയമസഭയിലേക്ക് ആദ്യം മത്സരിക്കുന്നത്. നാഗ്പൂര്‍ സൗത്ത് വെസ്റ്റ് നിയമസഭാമണ്ഡലം തുടര്‍ച്ചയായ ആറാം വിജയമാണ് ഇത്തവണ ഫഡ്‌നവിസിന് സമ്മാനിച്ചത്. അഴിമതിയില്‍ നിന്ന് അകന്നുനില്‍ക്കുന്ന, ജനകീയപ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടുന്ന നേതാവ് എന്ന പ്രതിച്ഛായയുമായി വീണ്ടും അധികാരത്തിലേറിയ അദ്ദേഹത്തിന് മൂന്നാമൂഴം എളുപ്പമാവുമോയെന്ന ചോദ്യമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

മഹാവികാസ് അഘാഡി സഖ്യം പൊളിച്ച് സര്‍ക്കാരിനെ വീഴ്ത്താന്‍ ഫഡ്നാവിസിന് മുഖ്യമന്ത്രി പദം ത്യജിക്കേണ്ടി വന്നു. ഏകനാഥ് ഷിന്‍ഡേയ്ക്ക് കീഴില്‍ ഉപമുഖ്യമന്ത്രിയായി ഒതുങ്ങേണ്ടി വന്നത് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശത്തിലാണ്. ഇപ്പോള്‍ വീണ്ടും ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് ഫഡ്നാവിസ് തിരിച്ചെത്തുമ്പോള്‍ അതേ ഷിന്‍ഡേ ഉപമുഖ്യമന്ത്രിയാകുമോ എന്ന് മാത്രമാണ് അറിയാന്‍ ബാക്കിയുള്ളത്

അന്ന് നാണംകെട്ട് മടങ്ങി, കരുത്തോടെ തിരിച്ചുവരവ്

തിരഞ്ഞെടുപ്പ് ഫലം വന്ന് 19 ദിവസം കഴിഞ്ഞിട്ടും നീണ്ട അനശ്ചിതത്വത്തിനൊടുവില്‍ രാഷ്ട്രപതി ഭരണം വരെ വന്നതിന് ശേഷമായിരുന്നു 2019 നവംബര്‍ 23 ാം തീയതി ദേവേന്ദ്ര ഫഡ്നവിസ് രണ്ടാം തവണയും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. കൈകൊടുക്കാന്‍ എന്‍.സി.പിയുടെ അജിത് പവാറുണ്ടായിരുന്നു. അത്യന്തം നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു 35 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് മറുകണ്ടം ചാടി വന്ന അജിത് പവാറിനെ കൂട്ടുപിടിച്ച് മന്ത്രിസഭ രൂപവത്കരിച്ചത്. മുഖ്യമന്ത്രിയായി ഫഡ്നാവിസും, ഉപമുഖ്യമന്ത്രിയായി അജിത് പവാറും അധികാരമേല്‍ക്കുകുയും ചെയ്തു. പക്ഷെ അന്ന് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഒരാഴ്ചത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിച്ചത്. പക്ഷെ ശരദ് പവാറെന്ന രാഷ്ട്രീയ അതികായന്റെ പവറില്‍ നാല് ദിവസത്തിനകം ഫഡ്നാവിസ് സര്‍ക്കാരിന് രാജിവെക്കേണ്ടി വന്നു.

ഫഡ്നാവിസന്റെ ആ രാജി വലിയ നാണക്കേടിലേക്ക് കൂടിയാണ് അദ്ദേഹത്തെ തള്ളിവിട്ടത്. ചുരുങ്ങിയ കാലം മുഖ്യമന്ത്രിയായവരുടെ പട്ടകിയില്‍ ദേവേന്ദ്ര ഫഡ്നാവിസും ഉള്‍പ്പെട്ടു. 170 എം.എല്‍.എ.മാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു രാജ്ഭവനില്‍ ഫഡ്നാവിസ് അന്ന് സത്യ പ്രതിജ്ഞ ചെയ്തത്. അജിത് പവാറിന്റെ ഉറപ്പില്‍ അദ്ദേഹം അവകാശപ്പെട്ട എല്ലാ എം.എല്‍.എ.മാരുടേയും പിന്തുണ ഉണ്ടാകില്ലെന്ന് അറിയാമായിരുന്നുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ നല്‍കിയ ഒരാഴ്ച സമയത്തിനുള്ളില്‍ എല്ലാം തന്റെ വഴിക്ക് വന്നോളുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ആ സത്യപ്രതിജ്ഞ. പക്ഷെ അവിടെ പവാര്‍ തന്റെ യഥാര്‍ഥ ഗെയിം കളിക്കുകയായിരുന്നു. തങ്ങളുടെ ഭാഗത്തു നിന്നുള്ള എം.എല്‍.എ.മാരുടെ കൊഴിഞ്ഞുപോക്ക് സാധ്യതയെ പാവാറിന് തടഞ്ഞു നിര്‍ത്താനായി. അജിത്തിനൊപ്പം പോയ കുറെപ്പേരെയും തിരിച്ചെത്തിച്ചു. ഇത് യാഥാര്‍ഥ്യമായതോടെ രാജിയെന്ന അവസാന വഴിയിലേക്ക് ഫഡ്നാവിസ് എത്തുകയായിരുന്നു. പക്ഷെ താന്‍ തിരിച്ചുവരുമെന്ന് പറഞ്ഞ് പടിയിറങ്ങിയ ഫഡ്നവിസ് ഇത്തവണ മൂന്നാമൂഴത്തില്‍ കൂടുതല്‍ ശക്തിയോടെ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തിരിക്കുകയാണ്.

2019ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പിയെ ജനങ്ങള്‍ തിരഞ്ഞെടുത്തിരുന്നുവെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷമില്ലായിരുന്നു. ഇതായിരുന്നു വലിയ നാടകങ്ങള്‍ക്ക് അന്ന് മഹാരാഷ്ട്ര സാക്ഷിയാകേണ്ടി വന്നത്. തന്നെ അധികാരത്തില്‍ നിന്നിറക്കിയ ശരദ് പവാറിന്റെ പാര്‍ട്ടിയേയും ഒപ്പം അവരെ പിന്തുണച്ചിരുന്ന ശിവസേനയേയും പിളര്‍ത്തി മഹാരാഷ്ട്രയില്‍ ബി.ജെ.പി പിന്നീട് രാഷ്ട്രീയ അട്ടിമറി നടത്തിയപ്പോള്‍ അന്ന് കൂടെപ്പോന്ന ഏക്നാഥ് ഷിന്‍ഡേയെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തി ഉപമുഖ്യമന്ത്രി പദം മനസ്സില്ലാ മനസ്സോടെ ഏറ്റെടുക്കുകയായിരുന്നു. അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കളമൊരുക്കുകയായിരുന്നു ഫഡ്നാവിസ്. അതിന്ന് യാഥാര്‍ഥ്യമാവുമ്പോള്‍ തന്നെ നാല് ദിവസത്തിനകം അധികാര ഭ്രഷ്ടനാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ശരദ് പവാറിന്റെ എന്‍.സി.പി ചിത്രത്തിലേ ഇല്ല. പവാറിനൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ച ശിവസേനയുടെ ഉദ്ദവ് താക്കറെയും ചിത്രത്തിലില്ല. പകരം ഒറ്റരാത്രിയില്‍ കളം മാറി അന്ന് ഫഡ്നാവിസനൊപ്പം ചേര്‍ന്ന് ഉപമുഖ്യന്ത്രിയായ അജിത് പവാറും നിര്‍ണായക ഘട്ടത്തില്‍ സ്വന്തം പാര്‍ട്ടിയെ പിളര്‍ത്തി തങ്ങള്‍ക്കൊപ്പം ചേര്‍ന്ന ഷിന്‍ഡേയും കൂടെയുണ്ട്താനും.

Tags:    

Similar News