ആവശ്യക്കരുടെ താമസ സ്ഥലത്ത് ലഹരി നേരിട്ട് ഉത്തരവാദിത്തത്തോടെ എത്തിച്ച് നല്‍കുന്നതിനാല്‍ ജഹിദുള്‍ ഇസ്ലാമിന് കിട്ടിയത് കബൂത്തര്‍ ഭായ് എന്ന വിളിപ്പേര്; മാടപ്രാവിന്റെ മനസ്സുള്ള അസമുകാരന്‍ ആഴത്തില്‍ വളര്‍ത്തിയത് ചൈനാ വൈറ്റ് ഹെറോയിന്‍; 10 മില്ലി കുപ്പിക്ക് വില 1,500 രൂപ; കബൂത്തറിന്റെ കൂട്ടുകാരനും പിടിയില്‍; കൊച്ചിയില്‍ എക്‌സൈസ് നിര്‍ണ്ണായക നീക്കങ്ങളില്‍

Update: 2026-02-06 03:43 GMT

കൊച്ചി: എറണാകുളത്ത് മയക്കു മരുന്ന് വേട്ട തുടരുന്നു. ആഴത്തില്‍ വളര്‍ന്ന കബൂത്തര്‍ ഭായിയുടെ കുട്ടാളികളെയാണ് ലക്ഷ്യമിടുന്നത്. എറണാകുളത്ത് 21 ഗ്രാം ഹെറോയിനുമായി ഒരാള്‍ പിടിയില്‍. കഴിഞ്ഞ ദിവസം എക്‌സൈസിന്റെ പിടിയിലായ ലഹരി ശൃംഖലയിലെ പ്രധാന കണ്ണി കബൂത്തര്‍ ഭായിയുടെ സഹായിയാണ് പിടിയിലായ മസൂദ് ആലം. കബൂത്തര്‍ ഭായി എന്ന ജുഹിദുല്‍ ഇസ്ലാമിന് അസമില്‍ നിന്നും ഹെറോയിന്‍ എത്തിച്ചുകൊടുത്തിരുന്നത് മസൂദ് ആലം ആണെന്ന് എക്‌സൈസ് വ്യക്തമാക്കി. ആസാമില്‍ നിന്നാണ് മസൂദ് ആലം ഹെറോയിന്‍ എത്തിച്ചുനല്‍കിയിരുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് മസൂദ് ആലം പിടിയിലായത്. ചൈന വൈറ്റ് ഹെറോയിനുമായി കബൂത്തര്‍ ഭായിയെ കൊച്ചിയില്‍ നിന്നാണ് എക്‌സൈസ് പിടികൂടിയത്. കാക്കനാട് ഭാരത് മാത കോളജിന് സമീപമുള്ള വാടക കെട്ടിടത്തിലായിരുന്നു പ്രതിയുടെ താമസം. 16 ഗ്രാം ചൈന വൈറ്റ് ഹെറോയിന്‍, ഒരു ഗ്രാം എംഡിഎംഎ, 30 ഗ്രാം കഞ്ചാവ് എന്നിവയാണ് എക്‌സൈസ് ഇയാളില്‍ നിന്ന് പിടികൂടിയത്. കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വില്‍ക്കാനായി കൊണ്ടുവന്നതായിരുന്നു ലഹരി മരുന്ന്. ലഹരി വില്‍പ്പന നടത്തി കിട്ടിയ 2,85,000 രൂപയും, മൂന്ന് സ്മാര്‍ട്ട് ഫോണുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

ആവശ്യക്കരുടെ താമസ സ്ഥലത്ത് ലഹരി നേരിട്ട് ഉത്തരവാദിത്തത്തോടെ എത്തിച്ച് നല്‍കുന്നതിനാല്‍ ഉപഭോക്താക്കള്‍ അസം കരീംഖജ് സ്വദേശി ജഹിദുള്‍ ഇസ്ലാമിന് നല്‍കിയ പേരാണ് കബൂത്തര്‍ ഭായ്. ഇയാളുടെ സഹായി റംസാന്‍ അലിയും പിടിയിലായിരുന്നു. അതിമാരക രാസലഹരിയാണ് എക്‌സൈസ് പിടിച്ചെടുത്ത ചൈന വൈറ്റ് ഹെറോയ്ന്‍. ഇത് 5 ഗ്രാമിലധികം കൈവശം വക്കുന്നത് 10 വര്‍ഷത്തെ കഠിനതടവും, ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണ്.

അസം കരീംഖജ് സ്വദേശിയാണ് ജഹിദുള്‍ ഇസ്ലാം എന്ന കബൂത്തര്‍ ഭായി. 10 മില്ലി ഗ്രാം അടങ്ങുന്ന ചെറിയ കുപ്പിക്ക് 1,500 രൂപയാണ് ഈടാക്കിയിരുന്നത്. ആവശ്യക്കാരുടെ പക്കല്‍ നിന്നു മുന്‍കൂര്‍ പണം വാങ്ങിയ ശേഷം അസമിലെ അതിര്‍ത്തി ഗ്രാമമായ കരീംഖഞ്ചില്‍ നിന്ന് ലഹരി മരുന്ന് കാക്കനാടുള്ള വാടക വീട്ടില്‍ എത്തിച്ച ശേഷം പണം നല്‍കിയവരുടെ താമസ സ്ഥലത്ത് നേരിട്ട് എത്തിച്ച് നല്‍കുന്നതായിരുന്നു വില്‍പ്പനയുടെ രീതി. ഓണ്‍ലൈന്‍ ആയി ഇവര്‍ പണം സ്വീകരിച്ചിരുന്നില്ല.

കാക്കനാട് തുതിയൂര്‍ ഭാഗത്ത് നിന്ന് അടുത്തിടെ പിടിയിലായ യുവാവില്‍ നിന്നാണ് കബൂത്തര്‍ ഭായിയെയും സുഹൃത്തിനേയും കുറിച്ചുള്ള വിവരം എക്‌സൈസിന് ലഭിക്കുന്നത്. ഭാരത് മാതാ കോളജിനു സമീപമുള്ള വാടക വീട്ടിലിരുന്ന് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിനു ലഹരിമരുന്നു പാക്ക് ചെയ്യുന്നതിനിടെയാണ് എക്‌സൈസ് സംഘം ദിവസങ്ങള്‍ക്ക് മുമ്പ് ഇവരെ കീഴ്‌പ്പെടുത്തിയത്.

Tags:    

Similar News