സൗദിയുമായി നേരിട്ട് കച്ചവടം; ഗള്‍ഫ് രാജ്യങ്ങളെ കൈപ്പിടിയിലൊതുക്കാന്‍ മോദി; രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് അന്ത്യം കുറിക്കാന്‍ ഇന്ത്യയും ജിസിസിയും ഒന്നിക്കുന്നു; പുതിയ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും ഇത് ഗുണകരം; നിക്ഷേപ ഒഴുക്ക് കൂട്ടാന്‍ മോദി നീക്കം

Update: 2026-02-06 04:13 GMT

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തുറ്റ നീക്കം. രണ്ട് പതിറ്റാണ്ടോളമായി അനിശ്ചിതത്വത്തില്‍ നിന്നിരുന്ന ഇന്ത്യ-ജിസിസി (ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍) സ്വതന്ത്ര വ്യാപാര കരാര്‍ ഒടുവില്‍ ട്രാക്കിലായി. വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സുപ്രധാനമായ മാര്‍ഗ്ഗരേഖയില്‍ ഇന്ത്യയും ജിസിസി പ്രതിനിധികളും ഒപ്പുവച്ചു. ഇതോടെ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹറിന്‍, കുവൈത്ത്, ഒമാന്‍ എന്നീ ആറ് അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് വഴിതുറക്കുന്നത്.

ഡല്‍ഹിയിലെ വാണിജ്യ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ജിസിസി ചീഫ് നെഗോഷ്യേറ്റര്‍ ഡോ. രാജ അല്‍ മര്‍സൂഖിയും മാര്‍ഗ്ഗരേഖ കൈമാറിയതോടെ വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ചര്‍ച്ചകള്‍ക്ക് ജീവന്‍ വെച്ചു. 2006-ലും 2008-ലും ചര്‍ച്ചകള്‍ നടന്നുവെങ്കിലും പിന്നീട് ജിസിസി ഇത് മരവിപ്പിക്കുകയായിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിന്റെ നയതന്ത്ര ഇടപെടലുകള്‍ ഫലം കണ്ടതോടെ ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും ഇന്ത്യയുമായി കൈകോര്‍ക്കാന്‍ തയ്യാറായിരിക്കുകയാണ്. അമേരിക്കയുമായി ഉണ്ടാക്കിയ വ്യാപാര കരാറിന് പിന്നാലെയാണ് ഈ നീക്കം.

ജിസിസി രാജ്യങ്ങളുമായി മൊത്തത്തിലുള്ള കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ സൗദി അറേബ്യയുമായി പ്രത്യേക വ്യാപാര ഉടമ്പടിക്കായി ഇന്ത്യ നീക്കം നടത്തുന്നു എന്നതാണ് ശ്രദ്ധേയം. സൗദിയുമായുള്ള ചര്‍ച്ചകളെ ജിസിസി കരാറുമായി കൂട്ടിക്കുഴയ്‌ക്കേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം. രാജ്യത്തേക്ക് കൂടുതല്‍ സൗദി നിക്ഷേപം എത്തിക്കുകയാണ് ലക്ഷ്യം. എന്നാല്‍ സൗദി മുന്നോട്ടുവെച്ച 'അഭിമത രാജ്യ' (ങീേെ എമ്ീൗൃലറ ചമശേീി) പദവി പോലുള്ള ചില ആവശ്യങ്ങളില്‍ ഇന്ത്യ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുകയാണ്. നിക്ഷേപ തര്‍ക്ക പരിഹാരത്തിന് പ്രത്യേക സംവിധാനം വേണമെന്ന സൗദിയുടെ ആവശ്യവും ഇന്ത്യ ഗൗരവമായി പരിഗണിക്കുന്നുണ്ട്.

നിലവില്‍ യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യക്ക് നേരിട്ട് വ്യാപാര കരാറുകളുണ്ട്. ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതോടെ ഊര്‍ജ്ജ മേഖലയിലും വലിയ മുന്നേറ്റമുണ്ടാകും. ക്രൂഡ് ഓയിലും പ്രകൃതിവാതകവും ഗള്‍ഫില്‍ നിന്ന് വന്‍തോതില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ തുണിത്തരങ്ങള്‍, മെഷിനറി, ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 178 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഗള്‍ഫുമായി ഇന്ത്യ നടത്തിയത്. പുതിയ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും ഇത് ഗുണകരമാകും. നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News