ആ നല്ല കുട്ടി കെപിസിസി ഓഫീസില്‍ ആര്‍ എസ് എസ് ശാഖ തുടങ്ങുമെന്ന് ബാലേട്ടന് ഭയം! ആ കുട്ടി നിലപാട് പറഞ്ഞാല്‍ തീരുമാനമെടുക്കുമെന്ന് പറഞ്ഞ മന്ത്രി എംബി രാജേഷ് ഇപ്പോള്‍ മുന്നില്‍ കാണുന്നത് കോണ്‍ഗ്രസിന്റെ അന്ത്യം! സിപിഎം കഷ്ടിച്ചു രക്ഷപ്പെട്ടുവോ? സന്ദീപ് വാര്യരെ തള്ളി പറയുമ്പോള്‍ ചര്‍ച്ചയാകുന്നത് പഴയ പുകഴ്ത്തലുകള്‍

സന്ദീപ് വാര്യരെ തള്ളി സിപിഎം നേതാക്കള്‍, പഴയ പുകഴ്ത്തലുകള്‍ ചര്‍ച്ചയാകുന്നു

Update: 2024-11-17 10:30 GMT

പാലക്കാട്: ബി.ജെ.പി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയ സന്ദീപ് വാര്യരെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്ത മന്ത്രി എം.ബി രാജേഷും എ കെ ബാലനും യുവനേതാവിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി വീണ്ടും രംഗത്ത്. കോണ്‍ഗ്രസിന്റെ അന്ത്യത്തിന്റെ തുടക്കമാണ് സന്ദീപ് വാര്യരുടെ വരവെന്നായിരുന്നു മന്ത്രി എം ബി രാജേഷ് പറഞ്ഞത്. സന്ദീപ് വാര്യര്‍ അന്തകവിത്താണ്. സന്ദീപിനെ ചുമന്ന് കോണ്‍ഗ്രസ് കുറച്ചുകൂടി നടക്കണമെന്നും എം ബി രാജേഷ് പരിഹസിച്ചു.

അതേസമയം കോണ്‍ഗ്രസ് ക്യാമ്പ് ആര്‍.എസ്.എസ്. ക്യാമ്പായി മാറിയെന്നായിരുന്നു എ.കെ. ബാലന്‍ പരിഹസിച്ചത്. ആര്‍.എസ്.എസ്. ആശയങ്ങള്‍ തള്ളിപ്പറഞ്ഞല്ല സന്ദീപ് കോണ്‍ഗ്രസിലേക്ക് പോയത്. സന്ദീപിന്റെ സ്നേഹത്തിന്റെ ചായക്കട ഒറ്റപ്പാലം തിരഞ്ഞെടുപ്പ് വരെയെന്നും എ.കെ. ബാലന്‍ പരിഹസിച്ചു. സിപിഎമ്മിലേക്ക് സന്ദീപ് വാര്യരെ സ്വാഗതം ചെയ്തുകൊണ്ട് ഇരുവരും നടത്തിയ പുകഴ്ത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ബി.ജെ.പി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയതിന് പിന്നാലെ നവംബര്‍ നാലിനാണ് സന്ദീപ് വാര്യരെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയത് മന്ത്രി രാജേഷ് രംഗത്തെത്തിയത്. ഇതുവരെ പിന്തുടര്‍ന്ന ബി.ജെ.പി രാഷ്ട്രീയം ഉപേക്ഷിക്കുന്നവെങ്കില്‍ സന്ദീപിനെ സ്വീകരിക്കുന്നതില്‍ തടസമില്ലെന്നാണ് മന്ത്രി രാജേഷ് വാര്‍ത്താ ചാനലിനോട് വ്യക്തമാക്കിയത്.

നിലപാട് എന്തെന്ന് വ്യക്തമാക്കിയാല്‍ മാത്രമേ ബാക്കി കാര്യം പറയാന്‍ സാധിക്കൂ. സന്ദീപ് വാര്യര്‍ എന്ന വ്യക്തിയോടല്ല ശത്രുതയും എതിര്‍പ്പും, നിലപാടിനോടാണ്. നിലപാട് ഉപേക്ഷിക്കുമോ എന്നാണ് അറിയേണ്ടത്. കൗതുകത്തോടെയാണ് നിലപാടിനെ വീക്ഷിക്കുന്നത്. അപ്പുറത്ത് നില്‍ക്കുന്നവരുടെ നിലപാട് തിരുത്തി ഞങ്ങള്‍ക്കൊപ്പം കൊണ്ടു വരാനും ഞങ്ങളുടെ പാര്‍ട്ടി വളര്‍ത്താനുമാണ് ശ്രമിക്കുന്നതെന്നാണ് മന്ത്രി രാജേഷ് അന്ന് പറഞ്ഞത്.

എന്നാല്‍ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കൈകൊടുത്ത് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തതോടെ കടുത്ത വിമര്‍ശനമാണ് എം ബി രാജേഷ് ഉന്നയിച്ചത്. ഞങ്ങളുടെ പാര്‍ട്ടിയിലേക്ക് എടുക്കാന്‍ പറ്റുന്നതല്ല എന്ന് ഞങ്ങള്‍ക്ക് അറിയാം. വിഷം ചീറ്റിയെ ആളെ ഞങ്ങള്‍ എടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല. പാണക്കാട്ടെ സന്ദര്‍ശനം പരിഹാസ്യമായ നാടകമാണെന്നും എം ബി രാജേഷ് പറഞ്ഞു. സന്ദീപ് ആര്‍എസ്എസിനെ തള്ളി പറയാന്‍ തയ്യാറായുണ്ടോ, സവര്‍ക്കറേ തള്ളിപ്പറയുമോ എന്നും രാജേഷ് ചോദിച്ചു. ആര്‍എസ്എസ് കോണ്‍ഗ്രസിലേക്ക് നിയോഗിച്ച ഏജന്റ് ആണ് സന്ദീപ് വാര്യര്‍. കോണ്‍ഗ്രസില്‍ ധാരാളം ആര്‍എസ്എസ് ഏജന്റുമാരുണ്ട്. ഇപ്പോള്‍ പുതിയ ഏജന്റ് വന്നു എന്നേയുള്ളുവെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

സന്ദീപ് വാര്യര്‍ ബി.ജെ.പി വിട്ട് വന്നാല്‍ സ്വീകരിക്കുമെന്ന് അന്ന് പറഞ്ഞ എ.കെ. ബാലന്‍ പ്രതീക്ഷച്ചതിന് വിപരീതമായി യുവനേതാവ് കോണ്‍ഗ്രസില്‍ ചേക്കേറിയതോടെ സ്വരം മാറ്റി. അഅപ്പം കൊടുത്തു പിണ്ണാക്ക് വാങ്ങിയ അവസ്ഥയായി കോണ്‍ഗ്രസിനെന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം. യുഡിഎഫിനൊപ്പം നില്‍ക്കുന്ന ഒരു വിഭാഗം വന്‍ പ്രതിഷേധത്തിലാണ്. വോട്ട് കൈവിട്ടു പോകുമോ എന്ന പേടിയിലാണ് സന്ദീപിനെ ഉടന്‍ പാണക്കാട്ടേക്ക് അയച്ചത്.

യുഡിഎഫ് - ആര്‍എസ്എസ് അവിശുദ്ധ ബന്ധത്തിനുള്ള പാലമാണ് സന്ദീപ് വാര്യര്‍. കെപിസിസി ഓഫീസിനുള്ളില്‍ ഇനി ആര്‍എസ്എസ് ശാഖ തുടങ്ങാം. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്ന ഒരു വിഭാഗം അതിശക്തമായ പ്രതിഷേധത്തിലാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം കിട്ടിയില്ലെങ്കില്‍ സ്‌നേഹത്തിന്റെ കട വിടരുതെന്ന് കെ മുരളീധരന്‍ വരെ സന്ദീപിനോട് പറഞ്ഞുകഴിഞ്ഞുവെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News