ആശിച്ച് മോഹിച്ച് അദ്ധ്വാനിച്ച് നിര്‍മ്മിച്ച വീട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിനായി പണയം വച്ചു; പലിശ കൊടുത്തുമുടിഞ്ഞിട്ടും രണ്ടരവര്‍ഷമായിട്ടും പണം തിരികെ കൊടുക്കാതെ ചതി; സംസ്ഥാന-ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും അവഗണന; വീട് വിറ്റ് വാടക വീട്ടിലേക്ക് മാറേണ്ട ഗതികേടില്‍ സിപിഎം പ്രവര്‍ത്തകനും ഭാര്യയും

സിപിഎം ഓഫീസ് നിര്‍മ്മാണത്തിനായി വീട് പണയം വെച്ച പ്രവര്‍ത്തകന്‍ സാമ്പത്തിക പ്രതിസന്ധിയില്‍

Update: 2025-08-20 05:20 GMT

തൊടുപുഴ: തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിനായി വീട് പണയം വെച്ച സിപിഎം പ്രവര്‍ത്തകനും ഭാര്യയും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഏരിയ സെക്രട്ടറിയുടെ ആവശ്യപ്രകാരം വീട് പണയം വെച്ച് ലക്ഷങ്ങള്‍ പാര്‍ട്ടിക്ക് നല്‍കിയെങ്കിലും രണ്ടര വര്‍ഷം കഴിഞ്ഞിട്ടും മുഴുവന്‍ തുകയും തിരികെ ലഭിച്ചില്ല. സംഭവം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല.

പരാതിയുടെ ചുരുക്കം:

തൊടുപുഴ ഈസ്റ്റ് ഏരിയ മുന്‍ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ മുഹമ്മദ് ഫൈസലിന്റെ ആവശ്യപ്രകാരമാണ് ഇടുക്കിയിലെ ഒരു സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം തന്റെ വീട് പണയംവെച്ച് 2023 ജനുവരിയില്‍ എട്ടര ലക്ഷം രൂപ പാര്‍ട്ടിക്ക് നല്‍കിയത്. മൂന്ന് മാസത്തിനകം മുഴുവന്‍ തുകയും തിരികെ നല്‍കാമെന്ന് വാക്ക് നല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്ന വീട് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഇവര്‍. മാതാപിതാക്കളും ചെറിയ കുട്ടിയും അടങ്ങുന്ന കുടുംബം വീണ്ടും വാടക വീട്ടിലേക്ക് മാറി വരുമെന്ന സ്ഥിതിയിലാണെന്ന് സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

വീട് നഷ്ടപ്പെടുമെന്ന് ആശങ്ക

2021 ഏപ്രിലിലാണ് സിപിഎം പ്രവര്‍ത്തകന്‍ 6 സെന്റ് വാങ്ങിയത്. മുതലക്കോടം സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് അടുത്ത വര്‍ഷം ജനുവരിയില്‍ 10 ലക്ഷം രൂപ വായ്പയെടുത്തു വീടുവച്ചു. വായ്പ പുതുക്കാനിരിക്കെയാണ് പാര്‍ട്ടിക്ക് പണത്തിനായി വായ്പത്തുക 10 ലക്ഷം രൂപ കൂട്ടിവയ്ക്കണമെന്ന് ഫൈസല്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഫൈസല്‍ വാക്കുപാലിച്ചില്ല.

പലതവണകളായി 4.65 ലക്ഷം രൂപ തിരികെ നല്‍കിയെങ്കിലും പലിശ കൂടാതെ 3.85 ലക്ഷം ഇനിയും നല്‍കാനുണ്ട്. ഈ പശ്ചാത്തലത്തിലാണ് വീട് വില്‍ക്കേണ്ട സഹാചര്യം ഉടലെടുത്തത്.

സംസ്ഥാന നേതൃത്വത്തിന് പരാതി

സംഭവം സംബന്ധിച്ച് കഴിഞ്ഞ മേയ് 5-ന് ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്ന് മേയ് 23-ന് തിരുവനന്തപുരത്തെ എ.കെ.ജി. സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരാതി നല്‍കി. ഇടുക്കിയില്‍ നിന്നുള്ള സംസ്ഥാന നേതാക്കളെയും ഇവര്‍ കണ്ടിരുന്നു.

ജില്ലാ നേതൃത്വം അവഗണിച്ചു

പ്രശ്‌നം ജില്ലയില്‍ പരിഹരിക്കാമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ഇത് അവഗണിക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കാനോ അന്വേഷിക്കാനോ പോലും തയ്യാറായില്ല. വാങ്ങിയ പണമെല്ലാം തിരികെ നല്‍കിയെന്ന മുഹമ്മദ് ഫൈസലിന്റെ വിശദീകരണം അംഗീകരിച്ച് പരാതി പൂഴ്ത്തുകയായിരുന്നുവെന്ന് ആരോപണമുണ്ട്.

'എല്ലാവര്‍ക്കും വീട്' എന്ന സര്‍ക്കാര്‍ ലക്ഷ്യം ഉയര്‍ത്തിക്കാട്ടുന്നതിനിടയിലാണ് 'കോടിയേരി ബാലകൃഷ്ണന്‍ സ്മാരക മന്ദിരം' നിര്‍മ്മാണത്തിനായി വീട് പണയം വെച്ച പ്രവര്‍ത്തകന്റെ ദുരിതം പുറത്തുവരുന്നത്. ഇവര്‍ക്ക് നീതി ലഭിക്കണമെന്നും വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Similar News