കെപിസിസി പുന: സംഘടനയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരിന്റെയും തമ്മിലടിയുടെയും ചൂട് കുറയും മുമ്പേ കളം പിടിക്കണം; മുഖ്യമന്ത്രി ഗള്‍ഫ് സന്ദര്‍ശനം കഴിഞ്ഞെത്തിയാലുടന്‍ ജില്ലാതല തിരഞ്ഞെടുപ്പു ചുമതലകള്‍ നേതാക്കള്‍ക്കു നല്‍കും; ഭവന സന്ദര്‍ശനങ്ങള്‍ അടുത്തമാസം മുതല്‍ ആരംഭിക്കാനും സിപിഎം നിര്‍ദ്ദേശം; കൊട്ടിഘോഷിച്ചു തുടങ്ങിയ 'സി.എം വിത്ത് മീ' പരിപാടി പാളിയെന്ന് വിലയിരുത്തല്‍

മുഖ്യമന്ത്രി ഗള്‍ഫ് സന്ദര്‍ശനം കഴിഞ്ഞെത്തിയാലുടന്‍ ജില്ലാതല തിരഞ്ഞെടുപ്പു ചുമതലകള്‍ നേതാക്കള്‍ക്ക്‌

Update: 2025-10-17 13:00 GMT

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയാലുടന്‍ വിവിധ ജില്ലകളിലെ തിരഞ്ഞെടുപ്പു ചുമതലകള്‍ക്കായി നേതാക്കളെ തീരുമാനിക്കാന്‍ തീരുമാനം. മൂന്നാം തവണയും ഭരണം ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെ, വിശദമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കാനും അടുത്ത മാസം ആദ്യആഴ്ചയില്‍ ഭവന സന്ദര്‍ശനങ്ങള്‍ ആരംഭിക്കാനും പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചു. 'സി.എം വിത്ത്മീ' എന്ന ജനസമ്പര്‍ക്ക പരിപാടിക്ക് ഉദ്ദേശിച്ച രീതിയില്‍ പ്രചരണം ലഭിക്കാത്തതിനാല്‍ പരാതികള്‍ക്ക് അടിയന്തര പരിഹാരം കണ്ടെത്തി നല്‍കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം.

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ മുഖം നഷ്ടപ്പെട്ടെന്ന തിരിച്ചറിവില്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഊര്‍ജ്ജിതമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സി.പി.എം തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുന്ന ജയ, പരാജയങ്ങള്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയാണ്. വരുന്ന ഏഴുമാസത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുമെന്നതിനാല്‍ ഈ തദ്ദേശ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാകുമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് എല്‍.ഡി.എഫും. സ്വര്‍ണ്ണപ്പാളി വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നിയമപരമായ നിലപാടുകള്‍ ഉയര്‍ത്തിക്കാണിച്ച് ഭവന സന്ദര്‍ശനവും കൂട്ടായ്മകളും നടത്താനാണ് കീഴ്ഘടകങ്ങള്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

പുന:സംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉയരുന്ന ഗ്രൂപ്പ്പോരും തമ്മിലടിയും അവസാനിക്കുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെന്ന അവകാശവാദങ്ങള്‍ പരമാവധി ജനങ്ങളിലെത്തിക്കാനും നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ ജില്ലകളിലെയും തെരഞ്ഞെടുപ്പു ചുമതലകള്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം മന്ത്രിമാര്‍ക്ക് നല്‍കും. കഴിഞ്ഞ തവണ വോട്ടുകള്‍ കുറഞ്ഞ തദ്ദേശ സ്ഥാപനങ്ങള്‍ക്കും വാര്‍ഡുകള്‍ക്കും പ്രത്യേക പരിഗണന നല്‍കി പ്രവര്‍ത്തനം നടത്താനാണ് നിര്‍ദ്ദേശം. ജി. സുധാകരനെപ്പോലെ പാര്‍ട്ടിക്കുള്ളില്‍ വിമത ശബ്ദമുയര്‍ത്തുന്ന നേതാക്കളെ പ്രകോപിപ്പിക്കാതെ ഒപ്പം നിര്‍ത്താന്‍ സംസ്ഥാന നേതൃത്വം ശ്രദ്ധിക്കും.

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് സര്‍ക്കാര്‍ അവതരിപ്പിച്ച പരിപാടികളൊന്നും വേണ്ടത്ര വിജയം കണ്ടില്ല. എന്നുമാത്രമല്ല, ഇതെല്ലാം സര്‍ക്കാര്‍ പി.ആര്‍ പരിപാടിയാണെന്ന ആരോപണം പ്രാദേശികതലത്തില്‍ വിജയിപ്പിക്കാനും പ്രതിപക്ഷത്തിനു കഴിഞ്ഞു. പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായി സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ നടത്തുന്ന വികസന സദസുകളും വേണ്ടത്ര ഫലപ്രദമായില്ല. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലത്തില്‍ നടത്തുന്ന വികസന സദസുകള്‍ ഒരു ചടങ്ങായി മാത്രം മാറുകയാണ് ഇപ്പോള്‍.

കൊട്ടിഘോഷിച്ചു നടത്തിയ 'സി.എം വിത്ത് മീ' ഒരുമാസത്തോളമായെങ്കിലും അതും കാര്യമായ ചലനം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചില്ല. ബന്ധപ്പെട്ടാല്‍ കിട്ടുന്നില്ലെന്ന പരാതിയാണ് കൂടുതല്‍ പേരും പങ്കുവയ്ക്കുന്നത്. എത്ര പേരുടെ പരാതികള്‍ പരിഹരിച്ചെന്നതു സംബന്ധിച്ച കൃത്യമായ അവലോകനം പോലും നടക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. പരിപാടി പാളിപ്പോയതു കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് സി.എം വിത്ത് മീ ഊര്‍ജ്ജിതമാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News