മാപ്പ്.. മാപ്പ്.. മാപ്പ്... വഞ്ചിയൂരില്‍ റോഡ് തടസ്സപ്പെടുത്തിയ സിപിഎം സമ്മേളനത്തില്‍ ഹൈക്കോടതിയില്‍ പോലീസിന്റെ നിരുപാധിക മാപ്പപേക്ഷ; കോടതിയ്ക്ക് മുമ്പിലെ ആ പുറമ്പോക്ക് കൈയ്യേറ്റം കോടതിയില്‍ എത്തിയാല്‍ എന്തു സംഭവിക്കുമെന്ന് സര്‍ക്കാരിന് ആശങ്ക; താല്‍കാലിക വേദിക്കൊപ്പം കണ്ണായ സ്ഥലത്തെ കൈയ്യേറ്റവും ചര്‍ച്ചകളില്‍
തിരുവനന്തപുരം: വഞ്ചിയൂര്‍ ജംഗ്ഷനിലെ പുറമ്പോക്ക് കൈയ്യേറ്റം ഹൈക്കോടതിയുടെ മുന്നിലെത്തിയാല്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ സര്‍ക്കാരും പോലീസും. വഞ്ചിയൂര്‍ കോടതിയ്ക്ക് മുന്നിലുള്ള സ്ഥലത്തെ തറയോട് പാകി സിപിഎം സ്വന്തമാക്കിയെന്ന ആരോപണം ശക്തമാണ്. വഞ്ചിയൂര്‍ ജംഗ്ഷനിലെ ചിത്തര തിരുന്നാല്‍ ഗ്രന്ഥശാലയുടെ വശത്തുള്ള സ്ഥലത്ത് മുമ്പൊരു കടയായിരുന്നു. റോഡ് വികസനത്തെ തുടര്‍ന്ന് ആ കട ഒഴിഞ്ഞു. ഈ സ്ഥലത്താണ് ഏര്യാ സമ്മേളന കാലത്ത് രണ്ട് സഖാക്കളുടെ പ്രതിമ വച്ചും തറയോട്് പാകിയും സിപിഎം തങ്ങളുടേതാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ആരും കൊടുത്തിട്ടില്ല. പക്ഷേ രാഷ്ട്രീയ എതിരാളികള്‍ കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയുണ്ടാകുമോ എന്നാണ് ആശങ്ക. ഈ സ്ഥലത്ത് റോഡ് കൈയ്യേറി പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്. അതൊന്നും പ്രശ്‌നമായില്ല. എന്നാല്‍ റോഡിലെ പന്തല്‍ കെട്ടല്‍ സമ്മേളനം ഹൈക്കോടതി ഗൗരവത്തില്‍ എടുത്തു. സമാനമായി ഈ കൈയ്യേറ്റ ആരോപണവും കോടതിയ്ക്ക് മുമ്പിലെത്തിയാല്‍ പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തല്‍. എങ്കിലും പരാതികള്‍ ഇല്ലാത്തതു കൊണ്ട് തന്നെ നടപടികളൊന്നും എടുക്കാതെ കാത്തിരിക്കുകയാണ് സര്‍ക്കാര്‍. ഈ വിവാദത്തില്‍ റവന്യൂ വകുപ്പ് നിലപാടും നിര്‍ണ്ണായകമാകും.
തിരുവനന്തപുരം വഞ്ചിയൂരില്‍ സി.പി.എമ്മും സെക്രട്ടേറിയറ്റിനു മുന്‍പില്‍ സി.പി.ഐ.യുടെ കീഴിലുള്ള ജോയിന്റ് കൗണ്‍സിലും വഴി തടസ്സപ്പെടുത്തി സമ്മേളനവും സമരവും നടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വീകരിച്ച കോടതിയലക്ഷ്യ നടപടിയില്‍ ഐ.ജി. ജി. സ്പര്‍ജന്‍ കുമാര്‍ നിരുപാധികം മാപ്പ് അപേക്ഷിച്ച് സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. റോഡ് തടസ്സപ്പെടുത്തിയുള്ള പരിപാടികള്‍ തടയാന്‍ കഴിയാത്തത് അറിഞ്ഞുകൊണ്ടുള്ള വീഴ്ചയല്ലെന്നും അതിനാല്‍ കോടതിയലക്ഷ്യ നടപടിയില്‍നിന്ന് ഒഴിവാക്കണമെന്നുമാണ് സത്യവാങ്മൂലത്തില്‍ അപേക്ഷിച്ചിരിക്കുന്നത്. ഇതിന് സമാനമാണ് സമ്മേളന കാലത്ത് പ്രതിമ സ്ഥാപിച്ച് റോഡ് സൈഡിലെ കൈയ്യേറ്റം എന്ന വിലയിരുത്തലുമുണ്ട്. സി.പി.എം. പാളയം ഏരിയാ കമ്മിറ്റി വഞ്ചിയൂരില്‍ റോഡ് തടസ്സപ്പെടുത്തി സമ്മേളനം നടത്തുന്നത് വിലക്കി വഞ്ചിയൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നോട്ടീസ് നല്‍കിയിരുന്നു. പരിപാടി മറ്റൊരിടത്തേക്ക് മാറ്റണമെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് പാലിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇത് മറികടന്ന് സി.പി.എം. സമ്മേളനം നടത്തുകയായിരുന്നു. 500-ഓളം സി.പി.എം. പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനൊപ്പമാണ് പുതിയ വിവാദം. ആരെങ്കിലും വഞ്ചിയൂരിലെ സിപിഎം ഭൂമി കൈയ്യേറ്റ ആരോപണം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുമോ എന്നതും നിര്‍ണ്ണായകമാണ്. ജില്ലാ കോടതിയ്ക്ക് മുന്നിലാണ് പുതിയ കൈയ്യേറ്റ ആരോപണവും.
പരിപാടി നടത്തുന്നത് തടഞ്ഞാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകാന്‍ ഇടയുണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ പ്രതിഷേധ പരിപാടിയുടെ ഭാഗമായി നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാനായി ഒട്ടേറെ സി.പി.എം. പ്രവര്‍ത്തകര്‍ അന്ന് തിരുവനന്തപുരത്തുണ്ടായിരുന്നുവെന്നും വിശദീകരിക്കുന്നു. വഞ്ചിയൂരിലെ സമ്മേളനവുമായി ബന്ധപ്പെട്ട് 22 പേരെ അറസ്റ്റ് ചെയ്തതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വേദിയില്‍ നാടകം അവതരിപ്പിച്ച കെ.പി.എ.സി. ഗ്രൂപ്പിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിനു മുന്‍പില്‍ ജോയിന്റ് കൗണ്‍സില്‍ വഴി തടസ്സപ്പെടുത്തി സമരം നടത്തിയതുമായി ബന്ധപ്പെട്ട് സംഘടനാ ഭാരവാഹികളടക്കമുള്ള 10 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സത്യാവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. കോടതിയലക്ഷ്യക്കേസില്‍ ഫെബ്രുവരി 10-ന് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. മരട് സ്വദേശി എന്‍. പ്രകാശ് ഫയല്‍ ചെയ്ത കോടതിയലക്ഷ്യ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
വഞ്ചിയൂര്‍ ജങ്ഷനില്‍ ഗതാഗതം തടസപ്പെടുത്തി സിപിഎമ്മിന്റെ ഏരിയ സമ്മേളനത്തിന് വേദിയൊരുക്കിയതില്‍ വിശദീകരണവുമായി പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു രംഗത്ത് വന്നിരുന്നു. അനുമതി വാങ്ങിയാണ് വേദിയൊരുക്കിയതെന്നും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ് നല്‍കിയതെന്നും വഞ്ചിയൂര്‍ ബാബു വ്യക്തമാക്കുകയും ചെയ്തു. ഇതിന് വിരുദ്ധമാണ് പോലീസ് നല്‍കിയ സത്യവാങ്മൂലം. വാഹനങ്ങള്‍ക്ക് പോകാന്‍ സ്ഥലമുണ്ടായിരുന്നു. സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മാണം നടക്കുന്നതിനാലാണ് ബ്ലോക്കുണ്ടായതെന്നും വഞ്ചിയൂര്‍ ബാബു പ്രതികരിച്ചിരുന്നു. അതേസമയം വഴി തടഞ്ഞ് വേദി കെട്ടിയതില്‍ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു അന്നു തന്നെ. സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് സിപിഎം അനുമതി വാങ്ങിയത്. നടുറോഡില്‍ സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുകയും ചെയ്തു. വഞ്ചിയൂര്‍ കോടതിയുടെ സമീപത്തുള്ള റോഡിലാണ് വേദി കെട്ടിയത്. ആംബുലന്‍സുകളും സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെയുള്ളവ ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു.
വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് വേദിയൊരുക്കിയത്. പാതയോരങ്ങളില്‍ പോലും ഗതാഗതം തടസ്സപ്പെടുന്ന സമ്മേളനങ്ങള്‍ നടത്താന്‍ പാടില്ലെന്ന കോടതി വിധി നിലനില്‍ക്കെയാണ് ഏരിയ സമ്മേളനത്തിനായി വഴി അടച്ചത്. വഞ്ചിയൂര്‍ കോടതിയുടെയും പോലീസ് സ്റ്റേഷന്റെയും തൊട്ടു മുന്‍പിലായാണ് പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന ഈ നിയമലംഘനം. രാവിലെയും വൈകിട്ടും വന്‍ തിരക്കാണ് ഈ റോഡിലുള്ളത്. റോഡിലെ ഗതാഗതം നിയന്ത്രിക്കാനായി വ്യാഴാഴ്ച രാവിലെ മുതല്‍ അന്‍പതോളം പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍, വൈകുന്നേരമായതോടെ വന്‍ ഗതാഗത കുരുക്കാണ് ഇവിടെ രൂപപ്പെട്ടത്. തമ്പാനൂരില്‍ നിന്ന് വഞ്ചിയൂരിലെ ജനറല്‍ ആശുപത്രിയിലേക്ക് പോകുന്ന പ്രധാന പാത കൂടിയാണിത്. റോഡിന്റെ ഒരു വശത്തുകൂടിയാണ് ഇപ്പോള്‍ രണ്ട് ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്. ഈ പ്രധാനപ്പെട്ട റോഡിലാണ് സിപിഎം ഭൂമി കൈയ്യേറിയെന്ന ആരോപണവും സജീവമാകുന്നത്.
തിരക്കേറിയ റോഡില്‍ വാഹനങ്ങളും മറ്റും പാര്‍ക്ക് ചെയ്യുന്ന സ്ഥലമാണ് സമ്മേളന കാലത്ത് പ്രതിമ സ്ഥാപിച്ച് സിപിഎം കൈയ്യേറിയത് എന്നാണ് ആരോപണം. എന്നാല്‍ കൈയ്യറ്റമല്ലെന്ന വാദം സിപിഎമ്മും ഉയര്‍ത്തുന്നു. കോടതിയ്ക്ക് മുമ്പില്‍ എത്തിയാല്‍ രേഖകള്‍ എല്ലാം പരിശോധിക്കപ്പെടും. അപ്പോള്‍ സത്യവും തെളിയും. നിലവില്‍ സിപിഎമ്മിനെ ഭയന്ന് പ്രദേശ വാസികള്‍ പോലും സംഭവത്തില്‍ പരാതി നല്‍കുന്നില്ല. ഏതായാലും ഈ ഏര്യാ സമ്മേളനത്തിന് ശേഷമാണ് അവിടെ രണ്ട് അത്യാവശ്യം വലിയ പ്രതികള്‍ ഉയര്‍ന്നതും ടൈലിട്ട് എല്ലാം പുതിയ രീതിയില്‍ ആക്കിയതും. ഇതോടെ വാഹന പാര്‍ക്കിംഗ് അടക്കം ഇവിടെ പറ്റാത്ത സ്ഥിതിയും വന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.