കെ എസ് ഐ ഡി സിയ്ക്കുള്ള 13.4 ശതമാനം പൊതുതാല്‍പ്പര്യമാകും; ചരക്കുനീക്കത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും കോടികള്‍ ചെലവാക്കിയെന്ന് വ്യാജരേഖയുണ്ടാക്കി രാഷ്ട്രീയക്കാര്‍ക്ക് നല്‍കി; വീണാ വിജയന് കൊടുത്ത 1.72 കോടിയിലും പൊതു ജന പണം; 20ന് വിധി; കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുമോ ഡല്‍ഹി വിധി?
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍. 185 കോടി രൂപ നിയമവിരുദ്ധമായി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുമ്പോള്‍ കേസ് പുതിയ തലത്തിലേക്ക്. എക്‌സാലോജിക്കിനു മാത്രം 1.72 കോടി നല്‍കി. ഇതെല്ലാം കമ്പനിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടിയാണെന്ന് സി.എം.ആര്‍.എല്‍. ന്യായീകരിക്കുകയും ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ കേസിലെ വിധി കേരളാ രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കും.
എസ്.എഫ്.ഐ.ഒ. (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) അന്വേഷണം ചോദ്യംചെയ്ത് സി.എം.ആര്‍.എല്‍. നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരും ആദായനികുതി വകുപ്പും ഇക്കാര്യമറിയിച്ചത്. കേസില്‍ ഡല്‍ഹി ഹൈക്കോടതി ജനുവരി 20-ന് വിധി പറയും. നികുതി വകുപ്പിന്റെ അന്വേഷണത്തിലും അഴിമതി കണ്ടെത്തിയതായി ആദായനികുതി വകുപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്. ചെലവുകള്‍ പെരുപ്പിച്ചുകാട്ടിയ സിഎംആര്‍എല്‍ അഴിമതിപ്പണം ആ വകയില്‍ ഉള്‍പ്പെടുത്തി. കോര്‍പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് സങ്കല്‍പ്പത്തിനപ്പുറമുള്ള അഴിമതിയാണ് നടന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തികഭദ്രതയ്ക്ക് ഭീഷണിയാണെന്നും കേന്ദ്രവും ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചു.
രാഷ്ട്രീയപാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും അനധികൃതമായി പണം കൈമാറിയിട്ടുണ്ട്. ചരക്കുനീക്കത്തിനും മാലിന്യനിര്‍മാര്‍ജനത്തിനും കോടികള്‍ ചെലവാക്കിയെന്ന് വ്യാജരേഖയുണ്ടാക്കി. കോര്‍പറേറ്റ് സ്ഥാനത്തെ ഉപയോഗിച്ചുള്ള അഴിമതിയാണ് നടന്നത്. നിയമം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനാകുമെന്ന് ആദായനികുതി വകുപ്പും കോടതിയെ അറിയിച്ചു. അന്വേഷണം പാടില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. കക്ഷികളോടു വാദം എഴുതി നല്‍കാനും കോടതി ആശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും ആദായനികുതി വകുപ്പും എഴുതി നല്‍കിയ മറുപടിയിലാണ് വന്‍ അഴിമതി ആരോപണം ചൂണ്ടിക്കാട്ടിയത്.
സിഎംആര്‍എല്ലില്‍ കെഎസ്‌ഐഡിസിയുടെ ഓഹരി പങ്കാളിത്തമുള്ളതിനാല്‍ പൊതുതാത്പര്യ പരിധിയില്‍ വരുമെന്നു കേന്ദ്രം വ്യക്തമാക്കി. നേരത്തേ സിഎംആര്‍എല്ലിനെതിരേ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ രംഗത്തുവന്നിരുന്നു. ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയോയെന്നു സംശയിക്കുന്നതായി എസ്എഫ്‌ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് ഒരു സേവനവും നല്‍കാതെതന്നെ പണം നല്‍കിയിട്ടുണ്ടെന്ന് സിഎംആര്‍എല്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയെന്നും എസ്എഫ്‌ഐഒ നേരത്തെ വ്യക്തമാക്കിയിരുന്നു.
മാലിന്യം നീക്കം ചെയ്യല്‍, ഗതാഗതം തുടങ്ങിയ ഇനങ്ങളില്‍ വലിയ തുക ചെലവിട്ടെന്നു വരുത്തിത്തീര്‍ത്ത് സിഎംആര്‍എല്‍ ചെലവ് പെരുപ്പിച്ചു കാട്ടി. ഇതിന്റെ മറവിലാണ് 185 കോടി രൂപ അനധികൃതമായി പലര്‍ക്കും നല്‍കിയത് കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയം പത്രികയില്‍ പറയുന്നു. പൊതു മേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിയ്ക്ക് സിഎംആര്‍എല്‍ കമ്പനിയില്‍ 13.4% ഓഹരി പങ്കാളിത്തമുള്ള സ്ഥിതിക്ക് പൊതുതാല്‍പര്യമുണ്ട്. പൊതുതാല്‍പര്യം നിലനില്‍ക്കുന്ന കേസില്‍ ബന്ധപ്പെട്ട വകുപ്പിന് സ്വമേധയാ അന്വേഷണവും നടത്താം.
ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് (ഐബിഎസ്) തീര്‍പ്പാക്കിയ കേസില്‍ മറ്റൊരു നിയമപ്രകാരം രണ്ടാമതൊരു അന്വേഷണം ചട്ടവിരുദ്ധമാണെന്ന സിഎംആര്‍എലിന്റെ വാദത്തെയും കേന്ദ്രം എതിര്‍ത്തു. ഇന്ത്യന്‍ ശിക്ഷാ നിയമം അടക്കമുള്ള കേന്ദ്ര നിയമങ്ങളുമായി ബന്ധപ്പെട്ട് ബോര്‍ഡിന് യാതൊരു വിധ പരിരക്ഷയും (ഇമ്യൂണിറ്റി) അനുവദിക്കാന്‍ അധികാരമില്ലെന്ന് 2007 മുതല്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയത്. ബോര്‍ഡിന് മറ്റ് ഏജന്‍സികളുമായി വിവരം പങ്കുവയ്ക്കുന്നതിനെ ആദായനികുതി നിയമത്തിലെ വ്യവസ്ഥ.