രാവിലെ നൃത്തം പഠിക്കാന്‍ എത്തിയ കുട്ടികള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; നാദാപുരത്ത് നൃത്താദ്ധ്യാപികയായ ബിരുദ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; 19 കാരിയുടെ മരണം വീട്ടുകാര്‍ പുറത്തുപോയ സമയത്ത്; അസ്വാഭാവിക മരണത്തിന് കേസ്
നൃത്താദ്ധ്യാപികയായ ബിരുദ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
കോഴിക്കോട്: നാദാപുരത്ത് വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ചന്ദന നൃത്താദ്ധ്യാപിക കൂടിയാണ്.
ഇന്ന് രാവിലെ വീട്ടിലേക്ക് നൃത്തം പഠിക്കാനെത്തിയ കുട്ടികളാണ് ചന്ദനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഈ സമയത്ത് വീട്ടുകാര്‍ പുറത്തുപോയിരുന്നു. മൃതദേഹം നാദാപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കും.
അതേസമയം, തിരുവനന്തപുരത്ത് രണ്ട് സ്ഥലങ്ങളിലായി പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. ആറ്റിങ്ങല്‍ വലിയകുന്ന് ശിവത്തില്‍ അമ്പാടി കണ്ണനാണ്(15) വീടിനുളളില്‍ തൂങ്ങിമരിച്ചത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമ്പാടി കണ്ണന്‍. ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു.മാറനല്ലൂരിലും പത്താം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മിന്നു നിവാസില്‍ വീണയുടെ മകള്‍ വൈഷ്ണവിയാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ ഫാനിന്റെ ക്ലാമ്പില്‍ കുരുക്കിട്ടാണ് തൂങ്ങിമരിച്ചത്. മാറനല്ലൂര്‍ ഡിവിഎന്‍ എംഎംഎച്ച്എസ്എസ് വിദ്യാര്‍ത്ഥിനിയാണ് വൈഷ്ണവി. അസ്വാഭാവിക മരണത്തിന് മാറനല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.