എം കെ രാഘവനെ തോല്‍പ്പിക്കാന്‍ കളിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെ; ഇടത് സ്ഥാനാര്‍ഥിയുമായി തിരഞ്ഞെടുപ്പ് വേളയില്‍ രഹസ്യയോഗം; ചേവായൂര്‍ സര്‍വീസ് ബാങ്കിലെ ഡയറക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ഡിസിസി

എം കെ രാഘവനെ തോല്‍പ്പിക്കാന്‍ കളിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെ

Update: 2024-09-17 15:04 GMT

കോഴിക്കോട്: ലോക്സഭാമണ്ഡലത്തില്‍ നാലുതവണ വെന്നിക്കൊടി പാറിച്ച എം കെ രാഘവന്‍ എം പിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരണത്തിലുള്ള ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ നേതാക്കള്‍ക്ക് എതിരെയാണ് ഡിസിസിയുടെ നടപടിയുണ്ടായത്. എന്നാല്‍ ഇത് പാര്‍ട്ടിയിലെ പവര്‍ ഗ്രൂപ്പിന്റെ കളികള്‍ ആണെന്ന് പറഞ്ഞ് നടപടിക്ക് വിധേയരായവര്‍ പ്രതിഷേധിക്കുന്നുണ്ട്.

ബാങ്ക് ഡയറക്ടര്‍മാരായ പുഷ്പരാജന്‍ കെ പി, സുഭാഷ്ചന്ദ്രന്‍ പി കെ, തോട്ടത്തില്‍ മോഹന്‍ദാസ്, പി സദാനന്ദന്‍ മാസ്റ്റര്‍, രാജി ടി, പ്രമീള ബാലഗോപാല്‍, സ്വര്‍ണലത പി എന്നിവരെയാണ് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായി തെരഞ്ഞെടുപ്പ് വേളയില്‍ ഇവര്‍ രഹസ്യമായി യോഗം ചേര്‍ന്നെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാറിന്റെ റിപ്പോര്‍ട്ട് പറയുന്നു.

പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരണത്തിലുള്ള ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണം സിപിഎമ്മിന്റെ കൈകളില്‍ എത്തിക്കുന്നതിന് വേണ്ടി ഇടപാടുകാരല്ലാത്ത അനര്‍ഹരായ രണ്ടായിരത്തോളം സിപിഎമ്മുകാര്‍ക്ക് ഒന്നിച്ച് അംഗത്വം നല്‍കി ബാങ്കിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുന്ന നീക്കങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കിയെന്നും പ്രവീണ്‍ കുമാര്‍ ആരോപിച്ചു. വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തി സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ബാങ്കില്‍ നിയമനം കൊടുക്കുവാനുള്ള നടപടിയുമായി മുന്നോട്ടുപോയ ഇവര്‍ പാര്‍ട്ടിക്ക് പൊതുസമൂഹത്തിന്റെ മുമ്പില്‍ അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഈ കാരണങ്ങള്‍ കൊണ്ടാണ് അച്ചടക്കനടപടി സ്വീകരിച്ചതെന്നുമാണ് പ്രവീണ്‍കുമാര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയത്. പാര്‍ട്ടിയില്‍നിന്നും പുറത്താക്കാതിരിക്കുവാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇവര്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.

പ്രശ്നം ജില്ലാ കോണ്‍ഗ്രസിലെ പവര്‍ഗ്രൂപ്പ്

എന്നാല്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളുടെ ധാര്‍ഷ്ട്യമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും, ഏകപക്ഷീയമായി ഒരുവിഭാഗത്തെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ബാങ്ക് ഭരണസമിതി അംഗങ്ങള്‍ വ്യക്തമാക്കുന്നു. ജില്ലാ കോണ്‍ഗ്രസ്സ് പവര്‍ ഗ്രൂപ്പിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്വന്തം നിലയില്‍ മത്സരിക്കാന്‍ ചേവായൂര്‍ ബാങ്ക് സംരക്ഷണ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും ഇവര്‍ അറിയിച്ചു. ബാങ്ക് പരിധിയിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ അണിനിരത്തി നിലവിലുള്ള ഭരണസമിതിയുടെ പിന്തുണയോടെയാണ് മത്സരിക്കുക. വ്യാജ ആരോപണങ്ങളുന്നയിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചും ബാങ്ക് പരിധിക്ക് പുറത്തുള്ളവരുടെ മാര്‍ച്ച് സംഘടിപ്പിച്ചും ധര്‍ണ്ണ നടത്തിയും ചേവായൂര്‍ ബാങ്കിനെ പൊതുജന മദ്ധ്യത്തില്‍ കളങ്കപ്പെടുത്തിയവരെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം നടക്കുന്നത്. കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി റിബലിന് വേണ്ടി പ്രവര്‍ത്തിച്ചവരെയും ആസന്നമായ ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കാന്‍ നീക്കം നടക്കുകയാണ്.

ജില്ലയിലെ കോണ്‍ഗ്രസ്സ് നേതൃത്വം ഒരു മൂന്നംഗ പവര്‍ ഗ്രൂപ്പിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. നേതൃത്വത്തിന്റെ അന്യായ നടപടികളെ പാര്‍ട്ടിയില്‍ ചോദ്യം ചെയ്യുന്നവരെ പാര്‍ട്ടി വിരുദ്ധരായി മുദ്രകുത്തി പുറത്താക്കുന്ന ആരാച്ചാരായി ഡിസിസി പ്രസിഡന്റ് മാറിയിരിക്കുന്നു. ജില്ലയിലെ കോണ്‍ഗ്രസ് ഭരിക്കുന്ന മുഴുവന്‍ സഹകരണ സ്ഥാപനങ്ങളിലും നിരവധി പേരെയാണ് ഇതിനകം പുറത്താക്കിയിരിക്കുന്നത്. അതിന് കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരമുള്ള നടപടിയെന്ന കവചവും നല്‍കുന്നു.

നടപടി നേരിട്ടവര്‍ക്ക് അപ്പീലിന് പോലും പാര്‍ട്ടിയില്‍ അവസരം നല്‍കാതെ കടുത്ത നീതി നിഷേധമാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. മുതിര്‍ന്ന നേതാക്കളെ പോലും മൂന്നംഗ പവര്‍ ഗ്രൂപ്പ് ബന്ദികളാക്കിയിരിക്കുകയാണ്. ബാങ്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ബാങ്ക് ഡയറക്ടര്‍മാരെ കള്ളക്കാരണങ്ങള്‍ പറഞ്ഞ് സസ്പെന്റ് ചെയ്ത നടപടിയെ അവജ്ഞയോടെ തള്ളിക്കളയുകന്നതായും ചേവായൂര്‍ ബാങ്ക് സംരക്ഷണ സമിതി വ്യക്തമാക്കി.

ചേവായൂര്‍ ബേങ്ക് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ പ്രഥമ ക്ലാസ്സ് വണ്‍ സൂപ്പര്‍ ഗ്രേഡ് സഹകരണ സ്ഥാപനമാണ്. സഹകരണ നിയമത്തിന്റെ ചട്ടക്കൂട്ടില്‍ പ്രാദേശിക പ്രവര്‍ത്തകര്‍ പടുത്തുയര്‍ത്തിയ ബാങ്കില്‍ സംശുദ്ധ ഭരണമാണ് നടക്കുന്നത്. ബാങ്ക് ഏതെങ്കിലും പാര്‍ട്ടിയുടെ പോഷക സ്ഥാപനമോ, കീഴ്ഘടകമോ അല്ല. പാര്‍ട്ടി നേതാക്കള്‍ക്ക് കോടികള്‍ സമ്പാദിക്കാനുള്ള വില്പന ചരക്കാക്കി ബാങ്കിനെ മാറ്റാന്‍ അനുവദിക്കില്ല. നിക്ഷേപകര്‍ക്കും മറ്റ് ഇടപാടുകാര്‍ക്കും ബാങ്കിലുള്ള വിശ്വാസം ഒരുവിധത്തിലും നഷ്ടപ്പെടുത്താന്‍ ആര്‍ക്കും അടിയറ വെക്കാനുമാകില്ല.

ബാങ്കിലെ മെമ്പര്‍മാരില്‍ നിന്നോ, നിക്ഷേപകരില്‍ നിന്നോ, മറ്റ് ഇടപാടുകാരില്‍ നിന്നോ, രാഷ്ട്രീയ എതിരാളികളില്‍ നിന്നോ യാതൊരു പരാതികളും ചേവായൂര്‍ ബാങ്കിനെതിരെ ഇന്നേവരെ ഉണ്ടായിട്ടില്ല. 508 കോടി നിക്ഷേപവും, 235 കോടി ലോണും എട്ട് ബ്രാഞ്ചുകളും 100 കോടിയുടെ ആസ്തിയും 47 ജീവനക്കാരും 36,000 മെമ്പര്‍മാരും മറ്റ് എല്ലാ ആധുനിക സൗകര്യങ്ങളും ജനവിശ്വാസത്തില്‍ പടുത്തുയര്‍ത്തിയതാണ്. ബാങ്കിനെ ഏതുവിധേനയും സംരക്ഷിക്കുമെന്നും ബാങ്ക് സംരക്ഷണ സമിതി വ്യക്തമാക്കി. യോഗത്തില്‍ ചെയര്‍മാന്‍ വി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു.

Tags:    

Similar News