ഒരു ശവസംസ്‌കാരത്തിന് മുടക്കിയത് ഒന്നരലക്ഷം; സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കാപ്‌സ്യൂള്‍ പൊളിഞ്ഞു; ചെലവാക്കിയത് ഇരട്ടി തുക? കേന്ദ്രത്തിന് സമര്‍പ്പിച്ചത് പ്രപ്പോസലെന്ന വാദവും പൊളിയുന്നു
സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കാപ്‌സ്യൂള്‍ പൊളിഞ്ഞു
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ചെലവിനെ കുറിച്ചുള്ള സര്‍ക്കാര്‍ വിശദീകരണം പൊളിയുന്നു, കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയെന്ന സര്‍ക്കാര്‍ വാദമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന കണക്കിനെ കുറിച്ചല്ല, ചെലവാക്കിയ കണക്കിനെ കുറിച്ചാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് ആക്ഷേപം. മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ വീതം ചെലവാക്കിയെന്ന കണക്കും ചോദ്യം ചെയ്യപ്പെടുന്നു.
സഖാക്കളുടെ ചോദ്യത്തിന് പോലും ഉത്തരം പറയാനാവാതെ വെള്ളം കുടിക്കുകയാണ് സിപിഎം നേതാക്കള്‍. ഇതുവരെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേതുമായി പുറത്തുവന്നിരിക്കുന്ന കാപ്‌സ്യൂള്‍ ഇത് എസ്റ്റിമേറ്റ് ആണ് എന്നാണ്. എന്നാല്‍, ഈ എസ്റ്റിമേറ്റിന്റെ വിശ്വാസ്യത പാര്‍ട്ടിക്കാരെ പോലും ബോധ്യപ്പെടുത്താനാവുന്നില്ല. സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത് ഞെട്ടിക്കുന്ന കണക്കുകളാണ്.
ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75,000 രൂപ. അങ്ങനെ 359 മൃതദേഹങ്ങള്‍ക്കായി 2.77 കോടി രൂപ. ഏറ്റവുമധികം ചര്‍ച്ചയായത് ഈ വിഷയമാണ്. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ഒരു ചെലവ് ഇല്ലാതിരിക്കവേയാണ് ഈ കണക്കവതരണം. സംസ്‌കാരം സന്നദ്ധ സംഘടനകള്‍ സ്വന്തമായി ചെയ്യുന്ന സാഹചര്യവും 10,000 രൂപ വീതം മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന സാഹചര്യവും നിലനില്‍ക്കവേയാണിത്( 10,000 രൂപ വേറെ കണക്കിനത്തിലും പെടുത്തിയിരിക്കുന്നു). ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75,000 രൂപ എന്നത് എസ്റ്റിമേറ്റാണെങ്കിലും, പ്രപ്പോസലാണെങ്കിലും തട്ടിപ്പാണെന്നാണ് ആരോപണം.
സന്നദ്ധ സംഘടനകളും വ്യക്തികളും എത്തിച്ചുകൊടുത്ത വസ്ത്രങ്ങള്‍ അധികമായി കിടക്കുമ്പോഴാണ് വസ്ത്ര വിതരണത്തിന് 11 കോടി ചെലവ് കാട്ടിയിരിക്കുന്നത്. ആരോഗ്യത്തിന് 8 കോടി, ഭക്ഷണത്തിന് 8 കോടി, ജനറേറ്ററിന് 7 കോടി, രക്ഷാസേനയ്ക്കും വോളണ്ടിയേഴ്‌സിനും ഭക്ഷണം കൊടുക്കാന്‍ 10 കോടി, താമസ സൗകര്യത്തിന് 15 കോടി, യാത്രാചെലവ് നാല് കോടി, ടോര്‍ച്ചും, മഴക്കോട്ടും, കുടയും വാങ്ങാന്‍ 2.91 കോടി, പരിചരണം നടത്താന്‍ 2.2 കോടി. നാട്ടുകാര്‍ സൗജന്യമായി നല്‍കിയ കാര്യങ്ങളില്‍ ഒരുരൂപ പോലും സര്‍ക്കാരിന് മുടക്കില്ല. കഴിഞ്ഞുപോയ ഇത്തരം ചെലവുകളുടെ പേരിലാണ് ഈ കോടികളുടെ പ്രപ്പോസല്‍ അല്ലെങ്കില്‍ എസ്റ്റിമേറ്റ് നല്‍കിയത് എന്നതാണ് വിരോധാഭാസം.
പ്രപ്പോസല്‍ യഥാര്‍ഥത്തില്‍ ഇതൊക്കെയാണ്: വീട് പുനര്‍നിര്‍മ്മാണം 250 കോടി, കൃഷി-മൃഗ നഷ്ടപരിഹാരം 297 കോടി, വസ്ത്ര-പാത്രങ്ങള്‍ 27 കോടി, കുടിവെള്ള വിതരണം നാലര കോടി, ഭൂമി പഴയപടിയാക്കാന്‍ 36 കോടി, വഴിക്കായി 14 കോടി, സ്‌കൂള്‍ പുനരുദ്ധാരണം 18 കോടി. മുമ്പ് പറഞ്ഞതൊക്കെ കഴിഞ്ഞ ചെലവുകളാണെങ്കില്‍, വരാനിരിക്കുന്ന ചെലവുകളാണ് യഥാര്‍ഥത്തില്‍ പ്രപ്പോസലുകള്‍. എന്നാല്‍, ഈ പ്രപ്പോസലുകളിലും അതിരുകടന്ന ചെലവുകളാണെന്നാണ് വിമര്‍ശനം.
എല്ലാ വീടകളും സൗജന്യമായി വെച്ചുകൊടുക്കാമെന്ന് നിരവധി വ്യവസായികളും, സന്നദ്ധ സംഘടനകളും നാട്ടുകാരും വാഗ്ദാനം ചെയ്തിരിക്കെ, വീണ്ടും കേന്ദ്ര സര്‍ക്കാരിന് ഇങ്ങനെയൊരു കണക്ക് കൊടുത്തത് എന്തിന് എന്ന ചോദ്യമാണ് ഉയരുന്നത്. കേന്ദ്രസഹായം കിട്ടാതിരിക്കാനോ എന്നും സംശയം തോന്നിക്കും വിധമാണ് കണക്കുകള്‍. സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ പ്രപ്പോസലാണ് എന്ന വാദം കൂടി പൊളിയുന്ന തരത്തിലാണ് കണക്കുകളുടെ കളി.
നിസാന്‍ കമ്പനിയില്‍ ഉന്നത പദവി വഹിച്ചിരുന്ന ടോണി തോമസ് ഈ പരസ്പര വിരുദ്ധമായ കണക്കുകള്‍ വിലയിരുത്തുന്നത് ഇങ്ങനെ.
വയനാട് ദുരിതാശ്വാസ കണക്കാണല്ലോ ഇന്നത്തെ വിഷയം. വിഷയത്തിനാധാരമായ റിപ്പോര്‍ട്ടില്‍ പേജ് 18 മുതല്‍ 23 വരെ എസ്റ്റിമേറ്റ് ആണ്. 25, 26 പേജുകളില്‍ SDRF മാനദണ്ഡവും അതിനോടൊപ്പം ആക്ച്വല്‍ ലോസ് തുകയും കൊടുത്തിട്ടുണ്ട്. ഏഷ്യാനെറ്റും, മറ്റു മാധ്യമങ്ങളും 18 മുതല്‍ 23 വരെയുള്ള എസ്റ്റിമേറ്റ് കണക്കാണ് ആണ് കാണിച്ചത്, 25, 26 പേജുകളിലെ ആക്ച്വല്‍ ലോസ് കണക്ക് അല്ല.
നമുക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത എസ്റ്റിമേറ്റ് കണക്കും, റിപ്പോര്‍ട്ടിലെ ആക്ച്വല്‍ ലോസ് കണക്കും നോക്കാം.
പേജ് 20ല്‍ എസ്റ്റിമേറ്റില്‍ 'ഡിസ്‌പോസല്‍ ഓഫ് ഡെഡ് ബോഡീസ്' 359 കൗണ്ട്, Rs.75,000 ഒരെണ്ണത്തിന് വച്ച് 359 എണ്ണത്തിന് 2,76,75,000 കാണിച്ചിട്ടുണ്ട്. ഈ 359 ബോഡി കൗണ്ടില്‍ 128 കാണാതായവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്, ഓഗസ്റ്റ് 15 വരെ ബോഡി റിക്കവര്‍ ചെയ്തത് 231 ആളുകള്‍ ആണ്. എന്നാല്‍ പേജ് 25ല്‍ ആക്ച്വല്‍ ലോസ് ആയി 4c Disposal of dead bodies (359) Rs. 6,28,25,000 ആയി കൊടുത്തിട്ടുണ്ട്. അതായത് ഒരു ഡെഡ് ബോഡി ഡിസ്‌പോസ് ചെയ്യാന്‍ ആക്ച്വല്‍ ലോസ് Rs.1,75,000 (ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം).
പേജ് 20ല്‍ എസ്റ്റിമേറ്റില്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഓപ്പറേഷന്‍സില്‍ 7 വകയിലായി (10 കോടി ഭക്ഷണവും വെള്ളവും, 4 കോടി യാത്ര ചിലവും ഉള്‍പ്പെടെ) മൊത്തം 47 കോടി കാണിച്ചിട്ടുണ്ട്. പേജ് 25ല്‍ ആക്ച്വല്‍ ലോസ് ആയി 2a Search and rescue operations 47 കോടി തന്നെ കാണിച്ചിട്ടുണ്ട്.
പേജ് 20ല്‍ എസ്റ്റിമേറ്റില്‍ സെര്‍ച്ച് ആന്‍ഡ് എക്വിപ്‌മെന്റ് ഹൈറിങ് 3 വകയിലായി (3 ഡ്രോണ്‍ മുതലായവ, 15 കോടി ജെസിബി മുതലായവ, 3 കോടി DNA സാംപ്ലിങ്) മൊത്തം 21 കോടി കാണിച്ചിട്ടുണ്ട്. പേജ് 25ല്‍ ആക്ച്വല്‍ ലോസ് ആയി 2b Search and rescue - hiring of equipment 21 കോടി തന്നെ കാണിച്ചിട്ടുണ്ട്.
പേജ് 21 ല്‍ എസ്റ്റിമേറ്റില്‍ 226 പശുക്കള്‍ പോയതനുസരിച്ച് , ഒരു പശുവിന് Rs 37,500 രൂപ വച്ച്, ഒരു കര്‍ഷകന് 3 വരെ പശു എന്ന നിലക്ക്, മൊത്തം 84,37,500 കാണിച്ചിട്ടുണ്ട്. എന്നാല്‍ പേജ് 25ല്‍ ആക്ച്വല്‍ ലോസ് ആയി 4,52,00,000 രൂപയാണ് കാണിച്ചിരിക്കുന്നത്. അതായത് ഒരു പശുവിന് രണ്ടു ലക്ഷം രൂപ.
അങ്ങനെ അങ്ങനെ.. മൊത്തം നഷ്ടം രൂപ 1,202.13 കോടി ആയി കാണിച്ചിരിക്കുന്നു. കണക്കിന്റെ പിന്നില്‍ എന്താണെന്ന് ബന്ധപ്പെട്ട അധികാരികള്‍ തന്നെ വ്യക്തമാക്കട്ടെ.
ഇംഗ്ലീഷ് വായിക്കാനും, കണക്ക് കൂട്ടാനും അറിയാവുന്നവര്‍ക്ക് വേണ്ടി പ്രസക്ത പേജുകള്‍ ഇവിടെ കൊടുക്കുന്നു. വായിക്കുക, പ്രബുദ്ധരാവുക.
സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും കാപ്‌സ്യൂള്‍ തീരെ ദഹിക്കുന്നതല്ല എന്നതാണ് വിമര്‍ശനം. പല സ്രോതസുകളില്‍ നിന്നും പണവും മറ്റുസഹായങ്ങളും എത്തിയെങ്കിലും വയനാട്ടുകാരുടെ ദുരിതം ദുരിതമായി തുടരുന്നു.