ലോകത്തെ അത്ഭുതപ്പെടുത്തിയ പേജര്‍ ആക്രമണത്തിന് പിന്നില്‍ തന്ത്രങ്ങളുടെ രാജാക്കന്‍മാരായ മൊസാദ്? പേജര്‍ പൊട്ടിത്തെറിയില്‍ 200ലേറെ പേര്‍ക്ക് ഗുരുതര പരിക്ക്; ഹിസ്ബുല്ല ഉന്നതരും കൊല്ലപ്പെട്ടെന്ന് സൂചന; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല; മധ്യേഷ്യ വീണ്ടും കലുഷിതം

പേജര്‍ ആക്രമണത്തിന് പിന്നില്‍ തന്ത്രങ്ങളുടെ രാജാക്കന്‍മാരായ മൊസാദ്?

Update: 2024-09-18 00:51 GMT

ബെയ്‌റൂത്ത്: ലോകം ഇന്ന് വരെ കണാത്ത യുദ്ധമുറയാണ് കഴിഞ്ഞ ദിവസം ഹിസ്ബുല്ല നേരിടേണ്ടി വന്നത്. ആയിരക്കണക്കിന് പേജറുകള്‍ ഒരേ സമയം പൊട്ടിത്തെറിച്ച സംഭവം അസാധാരണങ്ങളില്‍ അസാധാരണമായതാണ്. ഈ ആക്രമണത്തിന് പിന്നില്‍ തന്ത്രങ്ങളുടെ രാജക്കന്‍മാരായ ഇസ്രായേല്‍ ചാരസംഘടന മൊസാദ് ആണെന്നാണ് സൂചന. ഇക്കാര്യം ഹിസ്ബുല്ല ആരോപിക്കുമ്പോള്‍ അത് ഇസ്രായേല്‍ നിഷേധിക്കുന്നുമില്ല.

ലോകചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഇലക്ട്രോണിക് ആക്രമണമാണ് നടന്നത്. ഇതിന് തിരിച്ചടി നല്‍കുമെന്നാണ് ഹിസ്ബുല്ലയുടെ പ്രഖ്യാപനം. അതേസമയം ആരോപണം ഇസ്രയേലിന് നേര്‍ക്ക് ഉന്നയിച്ചോടെ മധ്യേഷ്യ വീണ്ടും കലുഷിതമാകുമോ എന്നതിലാണ് ആശങ്ക. ഇറാന്‍ പിന്തുണയുള്ള ലെബനീസ് സായുധ സംഘമാണ് ഹിസ്ബുല്ല. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ശത്രുവിന് ലൊക്കേഷന്‍ കണ്ടെത്തി ആക്രമിക്കാന്‍ എളുപ്പമാകുമെന്ന് കരുതിയാണ് പഴയകാല പേജര്‍ യന്ത്രങ്ങള്‍ ഹിസ്ബുല്ല ഇപ്പോഴും ഉപയോഗിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് പേജറുകള്‍ പൊട്ടിത്തെറിച്ചുള്ള സ്‌ഫോടനെ മൊസാദ് ആസൂത്രണം ചെയ്തത് എന്നാണ് സൂചന. േ

ഇത്തരത്തില്‍ ആയിരക്കണക്കിന് യന്ത്രങ്ങളാണ് ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. ഇതോടെ ഹിസ്ബുല്ലയുടെ ആശയവിനിമയ ശൃംഖല തകര്‍ക്കപ്പെട്ടു. തീര്‍ത്തും അപ്രതീക്ഷിതവും ഇതുവരെ ഉണ്ടായിട്ടില്ലാത്തതുമായ ഈ ആക്രമണം ആസൂത്രിതമെന്നാണ് ഹിസ്ബുല്ല വിലയിരുത്തുന്നത്. പിന്നാലെ തങ്ങളുടെ പ്രഖ്യാപിത ശത്രു ഇസ്രയേലിന് നേരെ അവര്‍ ആരോപണവും ഉന്നയിച്ചു.

ലെബനോനില്‍ ഉടനീളം ഇന്ന് ഉച്ചയോടെയുണ്ടായ പേജര്‍ സ്‌ഫോടനങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും 2800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. സംഭവത്തില്‍ ഹിസ്ബുല്ലയുടെ ഉന്നതരടക്കം കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ആശുപത്രികളെല്ലാം പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞു.

ലെബനോനിലെ ഇറാന്‍ അംബാസിഡര്‍ക്കും പേജര്‍ സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. ഹിസ്ബുല്ലയുടെ ആരോപണം ശരിയാണെങ്കില്‍ ലോകത്തെ ത്തന്നെ അസാധരണമായ ഒരാക്രമണ രീതിയാണ് ഇസ്രായേല്‍ നടപ്പാക്കിയത്. ഇസ്രയേല്‍ ട്രാക്ക് ചെയ്യുമെന്ന് പറഞ്ഞ് സെല്‍ഫോണുകളുപയോഗിക്കരുതെന്ന് സംഘാംഗങ്ങള്‍ക്ക് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണ് പേജര്‍ ഉപയോഗം വ്യാപകമാകാനുള്ള കാരണമെന്നു കരുതുന്നു.

ഇത്രയും വിപുലമായരീതിയില്‍ ഒരേസമയം ആക്രമണം നടത്തണമെങ്കില്‍ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്രയേലിന് കിട്ടിയിരിക്കണമെന്ന് സൈനികവിദഗ്ധനായ എലിജ് മാഗ്‌നിയര്‍ പറയുന്നു. ആക്രമണം നടത്തിയത് ഇസ്രയേലാണെങ്കില്‍ അതിനായി അവരുടെ ചാരസംഘടനയായ മൊസാദ് പേജറുകളുടെ ഉത്പാദന-വിതരണ സമയംമുതലുള്ള ഘട്ടങ്ങളില്‍തന്നെ ഇടപെട്ടിട്ടുണ്ടെന്നുവേണം അനുമാനിക്കാന്‍.

ഇറാനെ പിന്തുണയ്ക്കുന്ന ലെബനീസ് സായുധസംഘമാണ് ഹിസ്ബുള്ള. ഹിസ്ബുള്ളയ്ക്കുവേണ്ട വെടിക്കോപ്പുകളും നൂതന ഉപകരണങ്ങളുമെല്ലാം സിറിയയും ഇറാഖും വഴി എത്തിക്കുന്നത് ഇറാനാണ്. അങ്ങനെയെങ്കില്‍ ഇറാന്‍ വിതരണംചെയ്ത പേജറുകളില്‍ തിരിമറി നടത്താന്‍ ഇസ്രയേലിനു കഴിഞ്ഞിരിക്കണം. ഉയര്‍ന്ന സ്ഫോടകശേഷിയുള്ള വസ്തുക്കള്‍ കുറഞ്ഞ അളവില്‍ പേജറുകളില്‍ നിറയ്ക്കണം. ഒന്നുമുതല്‍ മൂന്നുഗ്രാംവരെയാകും പരമാവധി ഒരുപേജറില്‍ നിറയ്ക്കാനാവുക.

ആയിരക്കണക്കിന് പേജറുകളില്‍ ഇത്തരത്തില്‍ സ്ഫോടകവസ്തു നിറയ്ക്കുന്നതിന് ചില്ലറസമയവുമല്ല വേണ്ടത്. പുറമേനിന്നുകണ്ടാല്‍ ഒരു കുഴപ്പവും പേജറിന് തോന്നുകയുമരുത്. ഒപ്പം പേജറുകള്‍ പ്രവര്‍ത്തനക്ഷമവുമായിരിക്കണം. ഇവയ്‌ക്കൊക്കെയുമായി വലിയ ആള്‍ശക്തിയും ഇസ്രയേല്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. റേഡിയോ ആവൃത്തിയെയാകാം സ്‌ഫോടനത്വരകമായി ഉപയോഗിച്ചിരിക്കുക എന്നാണ് നിഗമനം.

സൈബര്‍ ആക്രമണമാണെങ്കില്‍ ഒരേകമ്പനിയുടെ പേജറുകള്‍ ഒരേസമയം പ്രവര്‍ത്തനരഹിതമാവുകയെ ഉണ്ടായിരുന്നുള്ളൂ. ഏതായാലും തെക്കന്‍ ലെബനന്‍, ബെകാവാലി, ബയ്റുത്ത്, സിറിയന്‍ തലസ്ഥാനം എന്നിവിടങ്ങളിലായി ആയിരക്കണക്കിന് പേജറുകളില്‍ ഒരേസമയം ബാറ്ററികള്‍ പൊട്ടിത്തെറിച്ചത് അട്ടിമറിയാണെന്ന് കരുതാന്‍ കാരണങ്ങളേറെ.

Tags:    

Similar News