ചാരിറ്റി തുടങ്ങി സ്വയം പൈസ അടിച്ചു മാറ്റി ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍; പണം മുഴുവന്‍ ചെലവഴിച്ചത് കടംവീട്ടിയും ബന്ധുക്കള്‍ക്ക് നല്‍കിയും; കല്‍ദീപ് സിംഗും രാജ്ബിന്ദര്‍ കൗറും നടത്തിയ തട്ടിപ്പ് കണ്ടെത്തി ബ്രിട്ടീഷ് കോടതി
ചാരിറ്റി തുടങ്ങി സ്വയം പൈസ അടിച്ചു മാറ്റി ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍
ലണ്ടന്‍: ചാരിറ്റി തുടങ്ങി സ്വയം പൈസ അടിച്ചു മാറ്റിയ ഉള്‍പ്പെടെ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ കുറ്റക്കാരെന്ന്കണ്ടെത്തി ബര്‍മിംഗ്ഹാം കോടതി. സിഖ് യൂത്ത് യുകെ എന്ന പേരില്‍ 2016ല്‍ തുടങ്ങിയ ചാരിറ്റി വഴി പണം ശേഖരിച്ചാണ് 55കാരിയായ രാജ്ബിന്ദര്‍ കൗറും 43 കാരനായ കല്‍ദീപ് സിംഗും തട്ടിപ്പ് നടത്തിയത്. വ്യക്തിപരമായ കടങ്ങള്‍ വീട്ടിയും കുടുംബക്കാര്‍ക്ക് പണം നല്‍കിയുമാണ് ഇവര്‍ സമാഹരിച്ച പണം ചെലവഴിച്ചതെന്നറാണ് റിപ്പോര്‍ട്ട്.
ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ ആറ് മോഷണക്കേസുകളും ഒരു കള്ളപ്പണം വെളുപ്പിക്കലുമാണ് രാജ്ബിന്ദര്‍ കൗറിനെതിരെ തെളിയിക്കപ്പെട്ട കുറ്റങ്ങള്‍. സഹോദരന്‍ കല്‍ദീപ് സിംഗ് ലെഹലിനൊപ്പം ചാരിറ്റി കമ്മീഷനില്‍ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ അറിഞ്ഞോ അശ്രദ്ധമായോ നല്‍കിയതും ഇവര്‍ക്കെതിരെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ചാരിറ്റി നടത്തുവാന്‍ ഇവര്‍ എന്താണ് ചെയ്തതെന്ന് വിശദമായി കേട്ട കമ്മീഷന്‍ മതിയായ വിവരങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് അത് അടച്ചുപൂട്ടുകയും ചെയ്തു.
മുന്‍ ബാങ്ക് ജീവനക്കാരിയായിരുന്നു രാജ്ബിന്ദര്‍ കൗര്‍. ഇവിടെ നിന്നുമാണ് തട്ടിപ്പിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ചാരിറ്റി വഴി തട്ടിയെടുത്ത പണത്തിന്റെ ഇടപാടുകള്‍ പിന്തുടരുന്നത് കഴിയുന്നത്ര സങ്കീര്‍ണ്ണമാക്കാനുള്ള ശ്രമവും കൗര്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 50-ലധികം സ്വകാര്യ ബാങ്ക് അക്കൗണ്ടുകള്‍ കൗര്‍ ഉപയോഗിച്ചിരുന്നുവെന്നാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
പ്രാദേശിക ആളുകള്‍ നല്ല കാര്യങ്ങള്‍ക്കായി സംഭാവന ചെയ്ത വലിയ തുക കൗര്‍ മോഷ്ടിക്കുകയായിരുന്നു. ഹാംസ്റ്റെഡ് റോഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. സാമ്പത്തികമായി താന്‍ യാതൊരു ഇടപാടുകളും നടത്തിയിട്ടില്ലെന്നും നിഷ്‌കളങ്കയാണെന്നും സ്വയം ചിത്രീകരിക്കാനും ഇവര്‍ ശ്രമിച്ചതായി സൂപ്റ്റ് ആനി മില്ലര്‍ പറഞ്ഞു. കൗറിനും ലീഹലിനും നവംബര്‍ 21ന് ശിക്ഷ വിധിക്കും. 2019ലാണ് രാജ്ബിന്ദര്‍ കൗറും കല്‍ദീപ് സിംഗും അറസ്റ്റിലായത്.