ഗാസ യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേലിനെ പേടിച്ച് മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല; പേജര്‍ വഴി ഒരേ സമയത്ത് ആക്രമണം; സുരക്ഷാവീഴ്ചയിലെ അമ്പരപ്പ് മറച്ച് വയ്ക്കാതെ ഹിസ്ബുല്ല

സുരക്ഷാവീഴ്ചയിലെ അമ്പരപ്പ് മറച്ച് വയ്ക്കാതെ ഹിസ്ബുല്ല

Update: 2024-09-17 18:20 GMT

ബെയ്‌റൂട്ട്: ലെബനനില്‍, 8 പേരുടെ മരണത്തിനിടയാക്കിയ പേജര്‍ ആക്രമണത്തിന് പിന്നില്‍, ഇസ്രയേലാണെന്ന് ഹിസ്ബുല്ല ആരോപിച്ചു. ആക്രമണത്തില്‍, കൊല്ലപ്പെട്ടവരില്‍, ഒരു പെണ്‍കുട്ടിയും രണ്ടുസഹോദരന്മാരും ഉള്‍പ്പെട്ടതായി ഹിസ്ബുല്ല പ്രസ്താവനയില്‍ അറിയിച്ചു.

പ്രാദേശിക സമയം 3.30 ഓടെ, ഹിസ്ബുല്ലയുടെ വിവിധ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നിരവധി പേജര്‍ ഉപകരണങ്ങള്‍ ഒരേസമയം പൊട്ടിത്തെറിച്ചു. സ്‌ഫോടനങ്ങളുടെ കാരണം കണ്ടുപിടിക്കാന്‍, വിപുലമായ സുരക്ഷാ-ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹിസ്ബുല്ല അറിയിച്ചു.

ചില തല്‍പര കക്ഷികള്‍ പടച്ചുവിടുന്ന അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും വിശ്വസിക്കരുതെന്നും അങ്ങനെ ചെയ്താല്‍ ഇസ്രയേലിന്റെ മന:ശാസ്ത്രയുദ്ധം വിജയിക്കുമെന്നും ഭീകര ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതുവരെ നേരിട്ടതില്‍ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണിതെന്നും ഗ്രൂപ്പ് പ്രതികരിച്ചു. എല്ലാ പേജറുകളും ഒരേ സമയത്താണ് പൊട്ടിത്തെറിച്ചതെന്നും തങ്ങളുടെ വിവരവിനിമയ ശൃംഖല ഇസ്രയേല്‍ ഭേദിച്ചതിന്റെ ഫലമാണ് സ്‌ഫോടനം എന്നും ഹിസ്ബുല്ല പറഞ്ഞു.

ലെബനന് പുറത്തും സ്‌ഫോടനങ്ങള്‍ ഉണ്ടായി. സിറിയയില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. ഡമാസ്‌കസില്‍ ഒരു വാഹനത്തിനുള്ളില്‍ ഒരുപേജര്‍ പൊട്ടിത്തെറിച്ചായി റിപ്പോര്‍ട്ടുണ്ട്. തങ്ങള്‍ സ്വന്തമായി സ്ഥാപിച്ച ടെലികമ്യൂണിക്കേഷന്‍സ് സംവിധാനം വഴിയാണ് ഹിസ്ബുല്ല ആശയവിനിമയം നടത്തുന്നത്. ഗാസ യുദ്ധം തുടങ്ങിയ ശേഷം മൊബൈലുകള്‍ ഉപയോഗിക്കരുതെന്ന് തങ്ങളുടെ അംഗങ്ങള്‍ക്ക് ഗ്രൂപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇസ്രയേലിന്റെ അത്യാധുനിക സാങ്കേതിക വിദ്യ പ്രയോഗിച്ച് തങ്ങളുടെ വിവര വിനിമയ ശൃംഖല തകര്‍ക്കാതിരിക്കാനാണ് ജാഗ്രത പുലര്‍ത്തിയത്. എന്നാല്‍, പേജറുകള്‍ ഉപയോഗിച്ചിട്ടും ഇസ്രയേല്‍ നുഴഞ്ഞുകയറിയെന്ന് വേണം അനുമാനിക്കാന്‍. ഹിmdബുല്ലയുടെയും ഇറാന്റെയും ആരോപണങ്ങളോട് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

1990 കളിലും 2000 ത്തിന്റെ ആദ്യത്തിലും ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ടെലികമ്യൂണിക്കേഷന്‍സ് ഡിവൈസാണ് പേജര്‍. ടെക്സ്റ്റും ആല്‍ഫ ന്യൂമറിക് സന്ദേശങ്ങളും അയയ്ക്കാനാണ് ഉപയോഗിച്ചിരുന്നത്. ബീപ്പേഴ്‌സ്, ബ്ലീപ്പേഴ്‌സ് എന്നീ പേരുകളിലും വയര്‍ലസ് കമ്യൂണിക്കേഷന്‍ ഡിവൈസായ പേജര്‍ അറിയപ്പെടുന്നു.

Tags:    

Similar News