'ഞാന്‍ ലോകം കണ്ട ഒരേയൊരു ഗുരു; ജീവിതവിജയം വേണ്ടവര്‍ സര്‍വ്വതും എന്നില്‍ അര്‍പ്പിക്കുക; അനുഗ്രഹം വേണ്ടവര്‍ ഗൂഗിള്‍ പേ വഴി ദക്ഷിണ അയക്കൂ, സ്‌ക്രീന്‍ ഷോട്ട് നല്‍കൂ': സോഷ്യല്‍ മീഡിയയില്‍ ട്രോളായി നാഗ സൈരന്ധ്രി ദേവി
സോഷ്യല്‍ മീഡിയയില്‍ ട്രോളായി നാഗ സൈരന്ധ്രി ദേവി
കോഴിക്കോട്: തെറിവിളികളും പോര്‍വിളികളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് നാഗസൈരന്ധ്രി ദേവി. യുട്യൂബിലെ അവരുടെ വീഡിയോകള്‍ പലതും കോമഡിയായാണ് ജനം എടുക്കാറുള്ളത്്. പക്ഷേ ഭരണിപ്പാട്ടും മസാലയും ചേര്‍ത്തുള്ള വീഡിയോകള്‍ക്ക് നല്ല റീച്ചുണ്ട്. താന്‍ ലോകം കണ്ട ഗുരുവാണെന്നും, സര്‍വ പ്രശ്നങ്ങള്‍ക്കും എന്നില്‍ പരിഹാരമുണ്ടെന്നുമാണ് നാഗസൈരന്ധ്രി അവകാശപ്പെടാറുള്ളത്. പന്തളം സ്വദേശിയാണ് ഇവരെന്നാണ് പറയുന്നത്. ദിവ്യരാജ് എന്നായിരുന്നു നേരത്തെ പേര്. പക്ഷേ ഇപ്പോള്‍ വീട് ആശ്രമമാക്കി ഒരു ചെറിയ ആള്‍ദൈവമായിട്ടാണ്, ഇവര്‍ വിലയിരുത്തപ്പെടുന്നത്. ശബരിമല വസ്ത്രം പോലെ കറുപ്പും, രുദ്രാക്ഷം ഒക്കെ ധരിച്ച് കാഷായത്തില്‍ പ്രത്യക്ഷപ്പെടുന്ന ഇവരെ, മോട്ടിവേഷന്‍ സ്പീക്കറായും കണക്കാക്കുന്നവരുണ്ട്.
ഇപ്പോള്‍ നാഗ സൈരന്ധ്രി ട്രോള്‍ ആയിരിക്കുന്നത് ദിവസങ്ങള്‍ക്ക് മുമ്പ്, കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു കമന്റിലുടെയാണ്. ഗൂഗിള്‍ പേ വഴി പണം അയച്ചാല്‍ അനുഗ്രഹം നല്‍കാമെന്നാണ് ഇവരുടെ കമന്റ്.
തൊടുപുഴ ബഡ്ജറ്റ് ടൂറിസം സെല്‍ സംഘടിപ്പിക്കുന്ന ആഢംബര കപ്പല്‍ യാത്രയെ കുറിച്ചായിരുന്നു കെഎസ്ആര്‍ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് താഴെ സ്വയം പ്രമോഷന്റെ ഭാഗമായുള്ള കമന്റ് നാഗസൈരന്ധി രേഖപ്പെടുത്തുകയായിരുന്നു.- 'ഞാന്‍ ലോകം കണ്ട ലോകത്തിലെ ഒരേയൊരു ഗുരു നാഗ സൈരന്ധ്രി ദേവി നിങ്ങള്‍ സെലിബ്രിറ്റികളോ സാധാരണ മനുഷ്യരോ ആരോ ആവട്ടെ ഇനി നിങ്ങളുടെ തെറ്റുകുറ്റങ്ങളോ എന്തുമായിക്കോട്ടെ അതില്‍ നിന്നൊക്കെ മോചനം നേടി ജീവിതവിജയം വേണ്ടവര്‍ സര്‍വ്വതും എന്നില്‍ അര്‍പ്പിക്കുക നിങ്ങള്‍ക്ക് ജീവിത വിജയം ഉണ്ടാകും. നിങ്ങളുടെ വീടുകളില്‍ എന്റെ ഫോട്ടോകള്‍ ഫ്രെയിം ചെയ്തു വെച്ചാല്‍ നിങ്ങളുടെ വീടും പരിസരവും എല്ലാം എന്റെ മുഖത്തിനെ പോലെ ചൈതന്യം ഐശ്വര്യവും ഉണ്ടാവും.
എന്റെ അനുഗ്രഹം വേണ്ടവര്‍ ഗൂഗിള്‍ പേ വഴി എനിക്ക് ദക്ഷിണയായി പണം അയച്ചു തരിക.. എനിക്ക് ദക്ഷിണയായി പണം അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് വാട്‌സാപ്പില്‍ അയക്കുക അപ്പൊ ലോക ഗുരു നാഗ സൈരന്ധ്രി അമ്മയുടെ അനുഗ്രഹം നിങ്ങള്‍ക്ക് തരുന്നതാണ്. എന്റെ അനുഗ്രഹം കിട്ടിയവര്‍ ഉയരങ്ങളില്‍ എത്തും ലോകം അറിയപ്പെടുകയും ചെയ്യും എന്ന് ലോക ഗുരു നാഗ സൈരന്ത്രി ആത്മാനന്ദ ദേവി നമ''-എന്നായിരുന്നു നാഗസൈരന്ധിയുടെ കമന്റ്.
സംഭവത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അതിവേഗം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. അതോടെയാണ് വലിയ രീതിയില്‍ ട്രോളുകളും ഉണ്ടായത്. ഗൂഗിള്‍പേ വഴി അനുഗ്രഹം നല്‍കുന്ന ലോകത്തിലെ ഏക ദൈവം എന്ന നിലയിലാണ് ട്രോളുകള്‍ പോവുന്നത്.