എല്ലാം മൊസാദ് ചോര്‍ത്തുമെന്ന പേടിയില്‍ മൊബൈല്‍ ഉപേക്ഷിച്ചു പേജറിലേക്ക്; അവിടെയും വിടാതെ ഇസ്രായേലിന്റെ ചാരക്കണ്ണുകള്‍; കൂട്ട പൊട്ടിത്തെറിയില്‍ തകര്‍ന്നത് ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല
കൂട്ട പൊട്ടിത്തെറിയില്‍ തകര്‍ന്നത് ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല
ബെയ്‌റൂത്ത്: ലെബനോനിലെ സായുധ സേനാ വിഭാഗമായ ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച സംഭവം ലോകത്തെ നടുക്കുകയാണ്. ഈ ലോകത്ത് ഇസ്രായേലിന്റെ ചാരകണ്ണുകളില്‍ നിന്നും ആര്‍ക്കും രക്ഷയില്ലെന്ന സൂചനയാണ് ഇതോടെ പുറത്തുവന്നത്ത. ലെബനോന്‍ രാജ്യത്ത് ഉടനീളം സായുധ സേനയായ ഹിസ്ബുള്ള ആശയ വിനിമയത്തിന് പ്രധാനമായും ഉപയോഗിക്കുന്ന പേജറുകളാണ് ഒരേസമയം പൊട്ടിത്തെറിച്ചത്.
2750 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പലര്‍ക്കും മുഖത്തും കണ്ണിലുമാണ് പരിക്കേറ്റത്. മരണസംഖ്യ ഉയരുമെന്നും വിവരമുണ്ട്. ആക്രമണത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. ഇസ്രായേലിന്റെ ആസൂത്രിത ആക്രമണത്തിനെതിരെ പ്രതികാരം ചെയ്യുമെന്നും ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്. അപ്രതീക്ഷി അടിയാണ് ഹിസ്ബുള്ളക്ക് നേരിടേണ്ടി വന്നത്.
ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഉന്നതരടക്കം കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തുവെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ ശത്രുവിന് ലൊക്കേഷന്‍ കണ്ടെത്തി ആക്രമിക്കാനാവുമെന്നതിനാലാണ് ഹിസ്ബുള്ള അംഗങ്ങള്‍ പേജറുകള്‍ ഉപയോഗിക്കുന്നത്. ലെബനോനിലാകെ പേജറുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ ശൃംഖലയാണ് ഇന്ന് തകര്‍ക്കപ്പെട്ടത്. മൊബൈല്‍, സ്മാര്‍ട്ട് ഫോണുകള്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യാനാകും. ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളെയും നിരീക്ഷണങ്ങളെയും ചെറുക്കുന്നതിനുവേണ്ടിയാണ് ഹിസ്ബുള്ള അംഗങ്ങള്‍ പേജര്‍ ഉപയോഗിക്കുന്നത്.
ആസൂത്രിതമായ ആക്രമണമെന്നാണ് സംഭവത്തില്‍ ഹിസ്ബുള്ളയുടെ പ്രതികരണം. ആരോപണങ്ങള്‍ പോലെ ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെങ്കില്‍ ലോക ചരിത്രത്തില്‍ തന്നെ പുതിയ ഒരു ആക്രമണ രീതിക്കാണ് വഴി തുറന്നിരിക്കുന്നത്. ഹിസ്ബുള്ള അടുത്തിടെ ഇറക്കുമതി ചെയ്ത ഏറ്റവും പുതിയ മോഡല്‍ പേജറാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് ഉറവിടങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പേജറുകളില്‍ കൃത്രിമം കാണിച്ചിരിക്കാം എന്നാണ് നിഗമനം. പൊട്ടിത്തെറിയുടെ പിന്നിലുള്ള കൃത്യമായ കാരണം വ്യക്തമല്ല.
ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ശസ്ത്രുവായ ഇസ്രായേലിനാണെന്നും അപ്രതീക്ഷിത തിരിച്ചടി നല്‍കുമെന്നും ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണത്തിന്റെ പിന്നില്‍ ഇസ്രായേലാണെന്ന് ലബനാന്‍ ഭരണകൂടവും ആരോപിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി നജീബ് മികാതി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തു. ലബനാന്റെ പരമാധികാരത്തിന്റെ ഗുരുതര ലംഘനമാണിതെന്നും സകല മാനദണ്ഡങ്ങള്‍ പ്രകാരവും കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞതായി സര്‍ക്കാര്‍ മാധ്യമമായ എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
പേജര്‍ പൊട്ടിത്തെറിച്ച് ആയിരങ്ങള്‍ക്ക് പരിക്കേറ്റതിനെക്കുറിച്ച് യു.എന്നില്‍ പരാതിപ്പെടുമെന്ന് ലബനാന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. ആക്രമണം അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണെന്ന് യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു. അതേസമയം ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തെ ശക്തമായി അപലപിച്ച ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ്, ഇസ്രായേലിന്റേത് യുദ്ധക്കുറ്റമാണെന്നും ഹിസ്ബുല്ല കനത്ത തിരിച്ചടി നല്‍കുമെന്നും വ്യക്തമാക്കി.
ഹിസ്ബുല്ലക്കെതിരെ യുദ്ധം ശക്തമായി തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സുരക്ഷാ മന്ത്രിസഭ തിങ്കളാഴ്ച വൈകീട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പേജര്‍ ആക്രമണം. കഴിഞ്ഞ വര്‍ഷം ഗസ്സയില്‍ ആക്രമണം തുടങ്ങിയ ശേഷമാണ് ഇസ്രായേലുമായി ഹിസ്ബുല്ല ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. തുടര്‍ന്ന് ലബനാനുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തര മേഖലയില്‍നിന്ന് 60,000ത്തോളം ഇസ്രായേല്‍ പൗരന്മാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നിരുന്നു. സ്വന്തം വീടുകളിലേക്ക് ഇവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുകയാണ് ഹിസ്ബുല്ലയുമായുള്ള യുദ്ധത്തിന്റെ ലക്ഷ്യമെന്നും ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ പരിക്കേറ്റ ലബനാനിലെ ഇറാന്റെ സ്ഥാനപതി മൊജ്തബ അമാനി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇറാന്‍ സ്ഥാനപതി കാര്യാലയത്തിലെ രണ്ട് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ തലസ്ഥാനമായ തെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏത് ഘട്ടത്തിലും ഇറാന്റെ ആക്രമണമുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കവേയാണ് സ്ഥാനപതിയും പേജര്‍ ആക്രമണത്തിന് ഇരയായത്.
ഗാസയും ഹമാസും ഇറാനും ഹിസ്ബുള്ളയും ഒരു ചേരിയിലും ഇസ്രയേല്‍ മറു ചേരിയിലും നില്‍ക്കുമ്പോള്‍ മധ്യേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമോയെന്നാണ് ഇനി അറിയേണ്ടത്. അങ്ങിനെ പോയാല്‍ യുക്രൈന്‍ റഷ്യ സംഘര്‍ഷത്തിനൊപ്പം ലോക സമ്പദ് വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുന്നതാവും അതും.