'കേരളത്തില്‍ നിന്ന് ഐഎസ് റിക്രൂട്ട്മെന്റ് നടക്കുന്നു'; പി ജയരാജന്റെ പ്രസ്താവന വിവാദമാകുന്നു; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി; പ്രതികരിക്കാതെ അകലം പാലിച്ചു സിപിഎം നേതാക്കള്‍

പി ജയരാജന്റെ പ്രസ്താവന വിവാദമാകുന്നു

Update: 2024-09-18 02:56 GMT

കണ്ണൂര്‍: യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴിതെറ്റുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജന്‍ നടത്തിയ പ്രസ്താവനയോട പ്രതികരിക്കാതെ അകലം പാലിച്ചു സിപിഎം നേതാക്കള്‍. കേരളത്തില്‍ നിന്ന് ഐസിലേക്ക് നടന്ന റിക്രൂട്ട്മെന്റ് ഗൗരവതരമായി കാണണമെന്ന് പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. മതതീവ്രവാദ ആശയം ചിലരെ സ്വാധീനിക്കുന്നു. കണ്ണൂരില്‍ നിന്നടക്കം ചെറുപ്പക്കാര്‍ ഭീകര സംഘടനയുടെ ഭാഗമായെന്ന് പി ജയരാജന്‍ പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയും, പോപ്പുലര്‍ ഫ്രണ്ടും അപകടകരമായ ആശയ തലം സൃഷ്ടിക്കുന്നുവെന്ന് പി ജയരാജന്‍ പറഞ്ഞു. മുസ്ലിം രാഷ്ട്രീയവും, രാഷ്ട്രീയ ഇസ്ലാമും എന്ന പേരില്‍ പൊളിറ്റിക്കല്‍ ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രമേയമാക്കി പി ജയരാജന്‍ രചിച്ച പുസ്തകം അടുത്തമാസം പുറത്തിറങ്ങുന്നത് വിശദീകരിച്ചാണ് പരാമര്‍ശം. കൂടുതല്‍ വിശദാംശങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പി ജയരാജന്‍ വ്യക്തമാക്കി.

കശ്മീരിലെ കൂപ്വാരയില്‍ കണ്ണൂരില്‍ നിന്നുള്ള നാല് ചെറുപ്പക്കാര്‍ എത്തുകയും അവിടെ ഒരു ഏറ്റുമുട്ടലില്‍ അവര്‍ കൊല്ലപ്പെട്ടെന്നും പി ജയരാജന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ യുവാക്കള്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് ജയരാജന്‍ പറയുന്നുണ്ട്. പുസ്‌കത്തിന് വലിയ വിമര്‍ശനങ്ങള്‍ താന്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അതിനെയൊന്നും താന്‍ ഭയപ്പെടുന്നില്ലെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരളത്തില്‍നിന്ന് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന സിപിഎം മുതിര്‍ന്ന നേതാവ് പി. ജയരാജന്റെ പ്രസ്താവന സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഐഎസ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് മുമ്പ് നിരവധി തവണ ഔദ്യോഗികമായ വിവരങ്ങള്‍ പുറത്തുവന്നതാണ്. ഇതല്ലാത്ത വിവരങ്ങള്‍ ജയരാജന്റെ കൈവശമുണ്ടെങ്കില്‍ വ്യക്തമാക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.

ഇസ്ലാമോഫോബിയയുടെ അന്തരീക്ഷത്തില്‍ വിളവെടുക്കാന്‍ ഇറങ്ങിയ ജയരാജനും പാര്‍ട്ടിയും ചരിത്രത്തില്‍നിന്നും അനുഭവത്തില്‍നിന്നും ഒന്നും പഠിച്ചിട്ടില്ലെന്നതാണ് പ്രസ്താവന തെളിയിക്കുന്നത്. സംഘ്പരിവാറിലേക്ക് ഒഴുകുന്ന അണികളെ പിടിച്ചു നിര്‍ത്താന്‍ ഇത്തരം പൊടിക്കൈകള്‍ മതിയാവില്ലെന്ന് ഇടതുപക്ഷം മനസ്സിലാക്കണമെന്നും പ്രസ്താവനയില്‍ സോളിഡാരിറ്റി വ്യക്തമാക്കി.

അതേസമയം പൊളിറ്റിക്കല്‍ ഇസ്ലാം പരാമര്‍ശത്തില്‍ വിവാദം ശക്തമാകുന്നതിനിടെ എന്താണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ലെന്ന് എ വിജയരാഘവന്‍ പ്രതികരിച്ചു. പി ജയരാജന്റെ പുസ്തകത്തിന് താന്‍ ആണ് മുഖപ്രസംഗം എഴുതിയത്. പുസ്തകത്തെ പരിചയപ്പെടുത്തി ഒരു കുറിപ്പ് അതില്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നും ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്നായിരുന്നു സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ പരാമര്‍ശം. യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴി തെറ്റുന്നു. ചെറുപ്പക്കാരില്‍ തീവ്രവാദ ആശയം സ്വാധീനം ചെലുത്തുന്നുവെന്നും പി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നുള്ള യുവാക്കള്‍ മതഭീകരവാദ സംഘടനയുട ഭാഗമായിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. അടുത്ത മാസം പുറത്തിറങ്ങുന്ന 'മുസ്ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രദേശിക വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്റെ പരാമര്‍ശം.

Tags:    

Similar News