അരവിന്ദ് കേജ്‌രിവാള്‍ രാജിവച്ചു: സര്‍ക്കാരുണ്ടാക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് അവകാശ വാദം ഉന്നയിച്ച് അതിഷി മര്‍ലേന; ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി

അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി പദം ഒഴിയുന്നത് 11 വര്‍ഷത്തിന് ശേഷം

Update: 2024-09-17 14:51 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രാജിവച്ചു. ലഫ്.ഗവര്‍ണര്‍ വി.കെ.സക്‌സേനയുടെ വസതിയിലെത്തി കേജ്‌രിവാള്‍ രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കേജ്‌രിവാള്‍ ഗവര്‍ണറുടെ വസതിയിലെത്തിയത്. അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജും ഗോപാല്‍ റായിയും ലഫ്റ്റനന്റ് ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍, അതിഷി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിച്ചു. പുതിയ സര്‍ക്കാരില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ ആരൊക്കെ കൈകാര്യം ചെയ്യുമെന്ന ചോദ്യമാണ് പ്രധാനം. രണ്ട് ദിവസത്തിന് ശേഷം ഡല്‍ഹിയില്‍ എഎപി ബഹുജന റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.

എഎപിയുടെ നിയമസഭാകക്ഷി യോഗത്തില്‍ കേജ്രിവാളാണ് അതിഷിയുടെ പേര് മുന്നോട്ടുവച്ചത്. സ്ഥാനമേല്‍ക്കുന്നതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി. ഇന്നലെ കെജ്രിവാള്‍ രാജി പ്രഖ്യാപനം നടത്തിയ പശ്ചാത്തലത്തിലാണ് പുതിയ മുഖ്യമന്ത്രിക്കായി എഎപി ചര്‍ച്ച നടത്തിയത്. ഇന്ന് രാവിലെ ചേര്‍ന്ന എംഎല്‍എമാരുടെ നിര്‍ണായക യോഗത്തില്‍ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. ഈ മാസം 26,27 തീയതികളിലായി ഡല്‍ഹി നിയമസഭ സമ്മേളനം ചേരും.

ഇതില്‍ പുതിയ മുഖ്യമന്ത്രിയും സര്‍ക്കാരും ഭൂരിപക്ഷം തെളിയിക്കും. അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്ന പ്രമേയം കെജ്രിവാളാണ് യോഗത്തില്‍ അവതരിപ്പിച്ചത്. എംഎല്‍എമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാല്‍ റായ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കേജ്‌രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അതിഷി. കല്‍കാജി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ അതിഷി എഎപിയുടെ രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്. അതിഷിയെ മുഖ്യമന്ത്രിയാക്കാനുള്ള കേജ്‌രിവാളിന്റെ നിര്‍ദേശത്തെ എഎപി എംഎല്‍എമാര്‍ പിന്തുണച്ചു.

മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നു ജയില്‍മോചിതനായ ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ കേജ്രിവാള്‍ അപ്രതീക്ഷിതമായി രാജിപ്രഖ്യാപനം നടത്തുകയായിരുന്നു. ജാമ്യം കിട്ടിയെങ്കിലും അഴിമതിയാരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണു ഭരണത്തില്‍നിന്ന് ഒഴിയാനും പാര്‍ട്ടി നേതൃത്വത്തില്‍ ശക്തമാകാനും കേജ്രിവാള്‍ തീരുമാനിച്ചത്. മദ്യനയ അഴിമതിക്കേസിനു പുറമേ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതുമായി ബന്ധപ്പെട്ട ആരോപണവും സജീവമാണ്. ജാമ്യ കാലയളവില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് സന്ദര്‍ശിക്കരുതെന്ന ഇ.ഡി കേസിലെ ജാമ്യവ്യവസ്ഥ സിബിഐ കേസില്‍ ജാമ്യം നല്‍കിയപ്പോഴും സുപ്രീം കോടതി മാറ്റിയിട്ടില്ല.

മദ്യനയക്കേസില്‍ മാര്‍ച്ച് 21ന് അറസ്റ്റിലായ കേജ്രിവാള്‍ ജയിലില്‍ കഴിഞ്ഞ 6 മാസവും മുഖ്യമന്ത്രി പദവിയില്‍ തുടര്‍ന്നിരുന്നു. ഫെബ്രുവരിയിലാണു സംസ്ഥാനത്തു തിരഞ്ഞെടുപ്പു നടക്കേണ്ടത്. എഎപിക്കെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ശക്തമായ ഒരുക്കങ്ങള്‍ വേണമെന്നാണു പാര്‍ട്ടി വിലയിരുത്തല്‍. മുഖ്യമന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടുന്നതിനു തടസ്സമില്ലെങ്കിലും കേന്ദ്രവും ലഫ്. ഗവര്‍ണറുമായി കൂടുതല്‍ യുദ്ധമുണ്ടാക്കി ഭരണം തടസ്സപ്പെടുത്തേണ്ടതില്ലെന്ന ചിന്തയും കേജ്‌രിവാളിന്റെ രാജി തീരുമാനത്തിനു പിന്നിലുണ്ട്.

2013ലാണു കേജ്രിവാള്‍ ആദ്യമായി ഡല്‍ഹി മുഖ്യമന്ത്രി പദവിയില്‍ എത്തുന്നത്. കോണ്‍ഗ്രസുമായുള്ള കൂട്ടുകക്ഷി സര്‍ക്കാര്‍ ഒരുവര്‍ഷം നീണ്ടില്ല. 2015ല്‍ മിന്നും ജയവുമായി അധികാരത്തിലെത്തിയ എഎപി 2020ല്‍ വീണ്ടും വിജയിച്ചു. 11 വര്‍ഷത്തിന് ശേഷമാണ് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി പദം ഒഴിയുന്നത് 11 വര്‍ഷത്തിന് ശേഷം കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു അതിഷി. ഈ വകുപ്പുകള്‍ ഉള്‍പ്പെടെ 14 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. ഡല്‍ഹിയിലെ കല്‍കാജിയില്‍ നിന്നുള്ള എംഎല്‍എയാണ്. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മര്‍ലേന.

43ാം വയസ്സില്‍ ഡല്‍ഹി മുഖ്യമന്ത്രി പദത്തിലെത്തുന്ന അതിഷി മര്‍ലേനാ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. ഡല്‍ഹിയില്‍ എഎപിയുടെ ഭരണതുടര്‍ച്ചയ്ക്ക് സഹായകരമായ പരിഷ്‌ക്കരണ നടപടികളുടെയും ചുക്കാന്‍ അതിഷിക്കായിരുന്നു. നിലവില്‍ മമത ബാനര്‍ജിക്കു പുറമെ രാജ്യത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏക വനിത അതിഷിയാകും.

അതിനിടെ അതിഷി പാവ മുഖ്യമന്ത്രിയാണെന്ന് വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. അതിഷി ഡമ്മി മുഖ്യമന്ത്രിയെന്നായിരുന്നു അടുത്തിടെ പാര്‍ട്ടി വിട്ട സ്വാതി മലിവാള്‍ എംപിയുടെ വിമര്‍ശനം.ഡല്‍ഹിയെ ദൈവം രക്ഷിക്കട്ടെയെന്നും പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കുടുംബത്തിലെ അംഗമാണ് ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയെന്നും അവര്‍ പറഞ്ഞു. സ്വാതി മലിവാളിനോട് രാജ്യസഭാംഗത്വം രാജിവെക്കാന്‍ ആവശ്യപ്പെട്ട എഎപി, ബിജെപിക്കു വേണ്ടി പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നും നാണവും ധാര്‍മികതയും ഉണ്ടെങ്കില്‍ രാജിവെച്ച് പോകണമെന്നും പറഞ്ഞു.

Tags:    

Similar News