സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ ആ ബേബി ഡോള്‍ ആര്‍ച്ചി അടിമുടി ഫേക്ക്! അമേരിക്കന്‍ പോണ്‍ താരത്തിന് ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത് വഴിത്തിരിവായി; അന്വേഷണത്തില്‍ തെളിഞ്ഞത് അസമിലെ വീട്ടമ്മയോട് മുന്‍കാമുകന്‍ ചെയ്ത പ്രതികാരത്തിന്റെ കഥ; വെര്‍ച്വല്‍ ലോകം ഞെട്ടിയ 'ഡീപ് ഫേക്ക്' ചതിയുടെ കഥ
സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ ആ ബേബി ഡോള്‍ ആര്‍ച്ചി അടിമുടി ഫേക്ക്
കൊല്‍ക്കത്ത: ഇന്ത്യയിലെ ഇന്‍സ്റ്റാഗ്രാം സെന്‍സേഷനായ ബേബിഡോള്‍ ആര്‍ച്ചിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം ഇരട്ടിയായി 1.4 ദശലക്ഷമായി ഉയര്‍ന്നത് സൈബറിടങ്ങളില്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. ഒരിക്കല്‍ ചുവന്ന സാരിയുടുത്ത് കൊണ്ട് അവര്‍ പ്രത്യക്ഷപ്പെട്ടത് ആരാധകര്‍ക്ക് ഹരമായി മാറുകയായിരുന്നു. ഇതിനൊപ്പം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയില്‍ അവര്‍ അമേരിക്കന്‍ അഡല്‍റ്റ് ഫിലിം സ്റ്റാര്‍ കുന്ദ്ര ലസ്റ്റിനൊപ്പം പോസ് ചെയ്യുന്നതായി കാണിച്ചിരുന്നു. പെട്ടെന്ന് തന്നെ എല്ലാവരും അവരെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുകയായിരുന്നു.
ബേബിഡോള്‍ ആര്‍ച്ചി എന്ന പേര് ഗൂഗിള്‍ സെര്‍ച്ചില്‍ ട്രെന്‍ഡായി മാറുകയും ചെയ്തു. എണ്ണമറ്റ മീമുകളും ആരാധക പേജുകളും സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ പിന്നീടാണ് ഒരു സത്യം എല്ലാവരും മനസിലാക്കുന്നത് അങ്ങനെ ഒരാള്‍ ഈ ലോകത്തില്ല എന്നത്. ഈ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വ്യാജമായിരുന്നു. അതിനായി ഉപയോഗിച്ച മുഖം ഒരു യഥാര്‍ത്ഥ സ്ത്രീയുമായി സാദൃശ്യം പുലര്‍ത്തിയിരുന്നു - അസമിലെ ദിബ്രുഗഡ് നഗരത്തിലെ ഒരു വീട്ടമ്മ.. അവരുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് സത്യം പുറത്തുവന്നു.
യുവതിയുടെ മുന്‍ കാമുകന്‍ പ്രതിം ബോറ അറസ്റ്റിലായി. ബോറയും ഈ യുവതിയും തമ്മില്‍ ഇടക്കാലത്ത്് പിണങ്ങിയെന്നും അതിന്റെ പ്രതികാരമായിട്ടാണ് ഇത്തരമൊരു കൃത്യം ചെയ്തത് എന്നുമാണ് ബോറ പോലീസിനോട് പറഞ്ഞത്. മെക്കാനിക്കല്‍ എഞ്ചിനീയറായ ബോറ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്വന്തമായി പഠിച്ചയാളുമാണ്. കാമുകിയുടെ സ്വകാര്യ ഫോട്ടോകള്‍ ഉപയോഗിച്ച് ഇയാള്‍ ഒരു വ്യാജ പ്രൊഫൈല്‍ സൃഷ്ടിക്കുകയായിരുന്നു.
ബോറ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ബേബിഡോള്‍ ആര്‍ച്ചി 2020 ലാണ് സൃഷ്ടിക്കപ്പെട്ടത്. ആദ്യ അപ്ലോഡുകള്‍ 2021 മെയ് മാസത്തിലാണ് നടത്തിയത്. പ്രാരംഭ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത അവരുടെ യഥാര്‍ത്ഥ ചിത്രങ്ങളായിരുന്നുവെന്നാണ് പോലീസ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇരയായ ബോറയുടെ കാമുകിയാകട്ടെ സമൂഹ മാധ്യമങ്ങളില്‍ ഒന്നും ഉള്‍പ്പെട്ടിരുന്ന ആളും ആയിരുന്നില്ല. പിന്നീട് സംഭവം മനസിലായതിന് ശേഷമാണ് അവര്‍ പരാതി നല്‍കിയത്.
282 പോസ്റ്റുകളുള്ള ബേബിഡോള്‍ ആര്‍ച്ചിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമല്ല. ബോറയ്‌ക്കെതിരായ പരാതിയില്‍, ലൈംഗിക പീഡനം, അശ്ലീല വസ്തുക്കളുടെ വിതരണം, അപകീര്‍ത്തിപ്പെടുത്തല്‍, പ്രശസ്തിക്ക് കോട്ടം വരുത്തുന്ന വ്യാജരേഖ ചമയ്ക്കല്‍, വ്യക്തിവല്‍ക്കരണത്തിലൂടെയുള്ള വഞ്ചന, സൈബര്‍ കുറ്റകൃത്യം എന്നിവ കൈകാര്യം ചെയ്യുന്ന നിയമ വകുപ്പുകള്‍ പോലീസ് ചുമത്തിയിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ബോറയ്ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.
കുന്ദ്ര ലസ്റ്റിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെയാണ ഈ കള്ളം പൊളിഞ്ഞടുങ്ങിയത്. ആധികാരികതയിലേക്ക് അന്വേഷണം നീണ്ടപ്പോല്‍ ചതിയുടെ കഥ പുറത്തുവന്നു. ഡീപ് ഫേക്ക് വീഡിയോ ഇതിന് മുമ്പും ഇന്ത്യയില്‍ വിവാദമായിട്ടുണ്ട്. അന്ന് സിനിമാ നടിമാരുടെ അടക്കം വിവാദ വ്യാജചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.
തികച്ചും യാഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോയും നിര്‍മ്മിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഡീപ് ഫേക്ക്. ഇന്റര്‍നെറ്റില്‍ ലഭ്യമായ ചിത്രങ്ങളോ വീഡിയോകളോ എടുത്താണ് ഇതുണ്ടാക്കുന്നത്. ജനറേറ്റീവ് എഐയുടെ വലിയൊരു അപകടമാണിത്. ഓണ്‍ലൈന്‍ കമ്പനികള്‍ ശേഖരിക്കുന്ന വ്യക്തിപരമായ ഡേറ്റ ഡീപ്പ് ഫേക്ക് ഉണ്ടാക്കാനന്‍ ഉപയോഗിക്കുന്നുണ്ട്. തമാശക്കും പ്രചാരണത്തിനും ഇങ്ങനെ ഡീപ് ഫേക്ക് ചെയ്യാറുണ്ട്. എന്നാല്‍ പ്രശസ്തരുടെ വീഡിയോകള്‍ മാത്രമല്ല ഡീപ് ഫേക്കായി ഉണ്ടാക്കുന്നത്. മറ്റൊരു വ്യക്തിയുടെ കൃത്രിമ വീഡിയോ സൃഷ്ടിച്ച് അനായാസം തട്ടിപ്പ് നടത്താന്‍ ഇതുകൊണ്ട് സാധിക്കും. അതുകൊണ്ട് ഡീപ് ഫേക്കിനെ കരുതിയിരിക്കേണ്ടതാണ്.