'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; മന്ത്രിയുടെ വാക്കുകള്‍ വമിപ്പിക്കുന്നത് വിഷപ്പുക; കുട്ടികളില്‍ നിന്ന് പിടിച്ചത് പുകയിലയല്ല, കഞ്ചാവാണ്; പ്രതിഭ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെട്ട കഞ്ചാവ് കേസിനെ നിസാരവല്‍ക്കരിച്ച മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമര്‍ശനവുമായി 'ദീപിക'
'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'
കോട്ടയം: മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രമായ 'ദീപിക' ദിനപത്രം. രാജാവിന്റെ മകന്‍ ആണെങ്കിലും നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന് വിമര്‍ശനം. സജി ചെറിയാന്റെ പ്രസ്താവന കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കല്‍ ആണെന്നും ദീപിക ദിനപത്രത്തില്‍ വിമര്‍ശനം.
മകനെതിരായ കഞ്ചാവ് കേസില്‍ യു. പ്രതിഭ എം.എല്‍.എയെ പിന്തുണച്ച് മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് 'വിഷപ്പുകയും വിവരക്കേടും' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 'കൊച്ചുകുട്ടികളല്ലേ, അവര്‍ കമ്പനി കൂടും, സംസാരിക്കും, ചിലപ്പോള്‍ പുകവലിക്കും' എന്ന് പറഞ്ഞതിലൂടെ ആപത്കരമായൊരു സംസ്‌കാരത്തെ കേരളത്തിന്റെ സാംസ്‌കാരികമന്ത്രി നിസാരവത്കരിച്ചുവെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തി.
ഇത്തരം 'കൊച്ചുകുട്ടികള്‍' അവരുടെ തന്നെ ആയുസിനും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമാധാനത്തിനും ഭീഷണിയായിരിക്കുന്ന കാലത്ത് ഈ വാക്കുകള്‍ വമിപ്പിക്കുന്നത് വിഷപ്പുകയാണെന്നും മുഖപ്രസംഗം പറയുന്നു. കുട്ടികളില്‍ നിന്ന് പിടിച്ചത് പുകയിലയല്ല, ചെറിയ അളവിലെങ്കിലും കഞ്ചാവാണ്. മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.കെ. ജയരാജിനെ സ്ഥലം മാറ്റി. ഇത് പ്രൊമോഷന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത് ശരിയാകാം.
എന്നാല്‍, ആലപ്പുഴയുടെ തെക്കന്‍ മേഖലയിലെ ബിനാമി കള്ളുഷാപ്പുകള്‍ക്കെതിരെയും സ്പിരിറ്റ് കടത്തിനെതിരെയും കര്‍ശന നടപടി സ്വീകരിച്ചതിലൂടെ ഉന്നതര്‍ക്ക് അനഭിമതനായ, കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ, വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെ മലപ്പുറത്തേക്ക് മാറ്റിയത് സംശയത്തിനിടയാക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
യു. പ്രതിഭ എം.എല്‍.എയുടെ മകന്‍ ഉള്‍പ്പെട്ട കേസിനെ സജി ചെറിയാന്‍ എം.ടി. വാസുദേവന്‍ നായരുടെ പുകവലിയുമായി താരതമ്യം ചെയ്തതിനേയും ദീപിക വിമര്‍ശിച്ചു. 'എം.ടിയുടെ മഹത്വം അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രതിഭയിലാണ്, പുകവലിയിലല്ല. ഇത്തരം താരതമ്യങ്ങള്‍ കുബുദ്ധിയാണ്' എന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
മയക്കുമരുന്നിന്റെ കാര്യത്തിലെങ്കിലും രാഷ്ട്രീയവും മതവും കലര്‍ത്തരുത് എന്ന് രാഷ്ട്രീയനേതാക്കളോട് ആവശ്യപ്പെടുന്ന ദീപിക മുഖപ്രസംഗം, ഏതുരാജാവിന്റെ മകനാണെങ്കിലും 'നാര്‍ക്കോട്ടിക്സ് ഈസ് എ ഡെര്‍ട്ടി ബിസിനസ്' എന്ന വാചകത്തോടെയാണ് അവസാനിക്കുന്നത്.
കായംകുളത്ത് എസ്. വാസുദേവന്‍ പിള്ള അനുസ്മരണത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.എന്നാല്‍ കുട്ടികളുടെ പുകവലി നല്ല ശീലമല്ലെന്നും കുട്ടികളിലെ ലഹരി ഉപയോഗം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് എക്സൈസ് വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും മന്ത്രി എം.ബി. രാജേഷ് പ്രതികരിച്ചിരുന്നു. പ്രതിഭ എംഎല്‍എയുടെ മകനടക്കം ഒന്‍പത് യുവാക്കളെയാണ് തകഴിയില്‍ നിന്ന് കുട്ടനാട് എക്‌സൈസ് പിടികൂടിയത്. യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് സംഘം എത്തിയത്. പരിശോധനയില്‍ ഇവരില്‍ നിന്ന് മൂന്നു ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
എക്‌സൈസ് ചട്ടം 27-ാം വകുപ്പ് പ്രകാരം ആണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് ഇരുന്ന് പരസ്യമായി കഞ്ചാവ് വലിച്ചെന്നാണ് കേസ്. ഇത് ജാമ്യം കിട്ടുന്ന വകുപ്പാണ്. മൂന്ന് ഗ്രാം കഞ്ചാവ് മാത്രമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയതെന്ന് എക്‌സൈസ് റിപ്പോര്‍ട്ട്. കുപ്പിയില്‍ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനം (ബോങ്ങ്) ഇവരില്‍ നിന്ന് കണ്ടെടുത്തതായും എക്‌സൈസ് അറിയിച്ചിരുന്നു.