'മുഖ്യമന്ത്രിയുടെ വിശദീകരണം ക്രൈസ്തവര്‍ പോഴരെന്ന മട്ടില്‍; ഒരു ക്രിസ്ത്യാനിപോലും അറിയാതെ ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞത്രേ! സര്‍, ഇനിയെങ്കിലും ആ റിപ്പോര്‍ട്ട് പുറത്തുവിടണം; മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ തള്ളി നിശിത വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം
'മുഖ്യമന്ത്രിയുടെ വിശദീകരണം ക്രൈസ്തവര്‍ പോഴരെന്ന മട്ടില്‍
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായി വിമര്‍ശിച്ച് കത്തോലിക്ക സഭയുടെ മുഖപത്രം ദീപികയുടെ മുഖപ്രസംഗം. ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഭൂരിഭാഗവും നടപ്പിലാക്കിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ തള്ളിയാണ് ദീപിക രംഗത്തുവന്നത്. കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്ന മട്ടിലാണ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചതും ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചതുമെന്ന് ദീപിക മുഖപ്രസംഗം ആരോപിച്ചു.
സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് 2023 മേയ് 17ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും നടപ്പാക്കണമെന്നും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് രണ്ടര വര്‍ഷത്തിലേറെയായി. സര്‍ക്കാര്‍ അനങ്ങിയില്ലെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പെട്ടെന്നു മുഖ്യമന്ത്രിയുടെ വിശദീകരണം; ''റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞു. ബാക്കി ഉടനെ ശരിയാക്കും.'' അതിദാരിദ്ര്യം തുടച്ചുനീക്കിയതിനേക്കാള്‍ ലാഘവത്തോടെ ഒരു ക്രിസ്ത്യാനിപോലും അറിയാതെ ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിലേറെയും നടപ്പാക്കിക്കഴിഞ്ഞത്രേ. സര്‍, ഇനിയെങ്കിലും ആ റിപ്പോര്‍ട്ട് പുറത്തുവിടണം. ഈ സമുദായം എത്ര ശ്രമിച്ചിട്ടും കണ്ടെത്താനാകാത്ത ആനുകൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് നന്ദി പ്രകടിപ്പിക്കാനാണെന്ന് മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നു.
2020 നവംബര്‍ അഞ്ചിനാണ് ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനെ ഒന്നാം പിണറായി സര്‍ക്കാര്‍ നിയമിച്ചത്. 2023 മേയില്‍ രണ്ടാം പിണറായി സര്‍ക്കാരിനു കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതില്‍നിന്നു സര്‍ക്കാര്‍ ക്രോഡീകരിച്ച ഉപശിപാര്‍ശകള്‍ ഉള്‍പ്പെടെയുള്ള 328 ശിപാര്‍ശകളില്‍ 220 ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. ബാക്കിയുള്ള ശിപാര്‍ശകള്‍ ഉടനടി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ച് ആശയക്കുഴപ്പം തീര്‍ക്കാന്‍ ഫെബ്രുവരി ആറിന് ബന്ധപ്പെട്ട സംഘടനാ ഭാരവാഹികളുടെ യോഗം ചേരുമെന്നും മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തിലും പറഞ്ഞു.
പക്ഷേ, റിപ്പോര്‍ട്ടിലെ ഏതെങ്കിലും ശിപാര്‍ശകള്‍ നടപ്പാക്കിയതിന്റെ ലക്ഷണമോ ഫലമോ എത്ര ശ്രമിച്ചിട്ടും ആര്‍ക്കും കണ്ടുപിടിക്കാനാകുന്നില്ല. ഏതൊക്കെ ശിപാര്‍ശകള്‍ എപ്പോള്‍, എവിടെ, എങ്ങനെ നടപ്പാക്കി എന്നറിയാനുള്ള അവകാശം ക്രൈസ്തവസമൂഹം കൈവെടിയില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
4.87 ലക്ഷം പരാതികളും വിവിധ ക്രൈസ്തവസഭകളും സംഘടനകളും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും അപഗ്രഥിച്ച് തയാറാക്കിയ റിപ്പോര്‍ട്ടും നിര്‍ദേശങ്ങളുമാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാതെ വന്നതോടെ ക്രൈസ്തവര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് 2023 ഡിസംബര്‍ 27ന് ന്യൂനപക്ഷമന്ത്രി വി. അബ്ദുറഹിമാന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചു.
2024 മാര്‍ച്ചില്‍, ശിപാര്‍ശകള്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായും പൊതുഭരണവകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളായുമുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചു. ഫിഷറീസ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകള്‍ക്ക് മുന്‍ഗണന നല്‍കി, കുറഞ്ഞ സമയത്തിനുള്ളില്‍ നടപ്പാക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങള്‍ സമിതി ഒരു മാസത്തിനുള്ളില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് നല്കുമെന്നും പറഞ്ഞുവെന്നും മുഖപ്രസംഗത്തിലുണ്ട്.
കമ്മിഷന്‍ സമര്‍പ്പിച്ച 284 ശുപാര്‍ശകളും 45 ഉപശുപാര്‍ശകളും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ 17 വകുപ്പുകള്‍ ഈ ശുപാര്‍ശകള്‍ നടപ്പിലാക്കി. 220 ശുപാര്‍ശകളിലും ഉപശുപാര്‍ശകളിലും നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏഴ് ശുപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുന്നതിനായി അതത് വകുപ്പുകള്‍ നടപടി സ്വീകരിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. നടപടി പൂര്‍ത്തിയാക്കാന്‍ ശേഷിക്കുന്ന ശുപാര്‍ശകള്‍ നിലവില്‍ പ്രാബല്യത്തിലുള്ള കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍, ചട്ടങ്ങള്‍, കോടതി ഉത്തരവുകള്‍ എന്നിവയില്‍ മാറ്റം വരുത്തിയാലോ മറ്റു വകുപ്പുകളില്‍നിന്ന് സമ്മതപത്രം ലഭ്യമാക്കിയാലോ മാത്രമേ നടപ്പിലാക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറിന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുന്നുണ്ട്. ഇക്കാര്യത്തിലെ അവ്യക്തതകള്‍ നീക്കാനും കാര്യങ്ങള്‍ അറിയാനും താത്പര്യവുമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ സംഘടനകള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തേ ഇതുമായി ബന്ധപ്പെട്ട പലതവണ യോഗങ്ങള്‍ നടന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കാനായി 2020- നവംബര്‍ അഞ്ചിനാണ് ജെ.ബി. കോശി കമ്മിഷനെ നിയമിച്ച് ഉത്തരവായത്. 2023 മേയ് 23-ന് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
