ക്രൈസ്തവ സ്‌കൂളുകളില്‍ നിസ്‌കാരമുറി ചോദിച്ചവരെ നിലയ്ക്കു നിര്‍ത്താന്‍ മുസ്ലിം സമുദായത്തിലെ തന്നെ വിവേകികള്‍ മുന്നിലുണ്ടായിരുന്നു; കുട്ടികളെ മുന്നില്‍ നിര്‍ത്തി ഹിജാബിന്റെ പേരില്‍ മറ്റുള്ളവരുടെ സ്ഥാപനങ്ങളില്‍ അരാജകത്വമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെയും തിരുത്തണം; എഡിറ്റോറിയലുമായി ദീപിക; കത്തോലിക്കാ സഭ ഉറച്ച നിലപാടില്‍
കൊച്ചി: മതസ്വാതന്ത്ര്യമാണെന്ന വ്യാഖ്യാനം ചമച്ച്, കഴിഞ്ഞ വര്‍ഷം ക്രൈസ്തവ സ്‌കൂളുകളില്‍ നിസ്‌കാരമുറി ചോദിച്ചവരെ നിലയ്ക്കു നിര്‍ത്താന്‍ മുസ്ലിം സമുദായത്തിലെതന്നെ വിവേകികള്‍ മുന്നിലുണ്ടായിരുന്നുവെന്ന ഓര്‍മ്മപ്പെടുത്തലുമായി കത്തോലിക്കാ സഭ. ദീപകിയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് നിലപാട് വിശദീകരണം. കുട്ടികളെ മുന്നില്‍ നിര്‍ത്തി ഹിജാബിന്റെ പേരില്‍ മറ്റുള്ളവരുടെ സ്ഥാപനങ്ങളില്‍ അരാജകത്വമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെയും ഒപ്പമുള്ളവര്‍ തിരുത്തണം. അല്ലെങ്കില്‍ ഇസ്ലാമോഫോബിയയുടെ കാരണമന്വേഷിച്ച് ഏറെ അലയേണ്ടിവരുമെന്നും എഡിറ്റോറിയല്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ക്രൈസ്തവ സ്‌കൂളുകളില്‍ നിസ്‌കാരമുറികള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടവര്‍ ഇക്കൊല്ലം ഹിജാബ് ധരിക്കാനുള്ള ആവശ്യവുമായി എത്തിയിരിക്കുകയാണ്. ഒരു ജനാധിപത്യ-മതേതര സമൂഹത്തെ മതശാഠ്യങ്ങള്‍കൊണ്ട് പൊറുതിമുട്ടിക്കുന്നവരെ നിയന്ത്രിക്കണം. പള്ളുരുത്തിയിലുള്‍പ്പെടെ എല്ലാ സ്‌കൂളുകളിലെയും യൂണിഫോം മാനേജ്‌മെന്റുകള്‍ തീരുമാനിക്കട്ടെ; താത്പര്യമില്ലാത്തവര്‍ക്കു മതപ്രകടനങ്ങള്‍ അനുവദിക്കുന്ന സ്‌കൂളിലേക്കു പോകാമല്ലോ-ഇതാണ് നിലപാട് വിശദീകരണം. വിദേശരാജ്യങ്ങളില്‍ കുടിയേറി സ്വന്തം മതത്തിന്റെ പ്രകടനങ്ങള്‍കൊണ്ട് അന്നാട്ടുകാരെ പ്രകോപിപ്പിക്കുന്നതിന്റെ ഫലം ഇന്ത്യക്കാരുള്‍പ്പെടെ ലോകമെങ്ങും അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. മതേതരസമൂഹത്തെ വെറുപ്പിക്കുന്ന ഇത്തരം പ്രകടനക്കാര്‍ ഇപ്പോഴുള്ളതു പള്ളുരുത്തിയിലെ പള്ളിക്കൂടത്തിലാണെന്ന് ദീപിക പറയുന്നു. വിഷയത്തില്‍ പിന്നോട്ട് പോകില്ലെന്ന സൂചനയാണ് എഡിറ്റോറിയലിലൂടെ സഭ നല്‍കുന്നത്.
ദീപിക എഡിറ്റോറിയലിന്റെ പൂര്‍ണ്ണ രൂപം
നിസ്‌കാരമുറിയടച്ചപ്പോള്‍ ശിരോവസ്ത്രം
വിദേശരാജ്യങ്ങളില്‍ കുടിയേറി സ്വന്തം മതത്തിന്റെ പ്രകടനങ്ങള്‍കൊണ്ട് അന്നാട്ടുകാരെ പ്രകോപിപ്പിക്കുന്നതിന്റെ ഫലം ഇന്ത്യക്കാരുള്‍പ്പെടെ ലോകമെങ്ങും അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. മതേതരസമൂഹത്തെ വെറുപ്പിക്കുന്ന ഇത്തരം പ്രകടനക്കാര്‍ ഇപ്പോഴുള്ളതു പള്ളുരുത്തിയിലെ പള്ളിക്കൂടത്തിലാണ്.
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ മുസ്ലിം പെണ്‍കുട്ടിയെ ശിരോവസ്ത്രം (ഹിജാബ്) ധരിക്കാന്‍ അനുവദിക്കാത്തതിനെതിരേ മാതാപിതാക്കളും മുസ്ലിം സംഘടനയും സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്ന് രണ്ടു ദിവസം സ്‌കൂള്‍ അടയ്‌ക്കേണ്ടിവന്നു. കഴിഞ്ഞവര്‍ഷം ക്രൈസ്തവ സ്‌കൂളുകളില്‍ നിസ്‌കാരമുറികള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടവര്‍ ഇക്കൊല്ലം ഹിജാബ് ധരിക്കാനുള്ള ആവശ്യവുമായി എത്തിയിരിക്കുകയാണ്.
കോടതിവിധികളെപ്പോലും മാനിക്കാതെ, ഭരണഘടനാവകാശം നിഷേധിച്ചെന്ന ഇരവാദവും പൊക്കിപ്പിടിച്ചുള്ള നാടകങ്ങള്‍ക്ക് ബന്ധപ്പെട്ട സമുദായത്തിന്റെ നേതാക്കള്‍ തന്നെ തിരശീലയിടുന്നത് നല്ലതാണ്. ഒരു ജനാധിപത്യ-മതേതര സമൂഹത്തെ മതശാഠ്യങ്ങള്‍കൊണ്ട് പൊറുതിമുട്ടിക്കുന്നവരെ നിയന്ത്രിക്കണം. പള്ളുരുത്തിയിലുള്‍പ്പെടെ എല്ലാ സ്‌കൂളുകളിലെയും യൂണിഫോം മാനേജ്‌മെന്റുകള്‍ തീരുമാനിക്കട്ടെ; താത്പര്യമില്ലാത്തവര്‍ക്കു മതപ്രകടനങ്ങള്‍ അനുവദിക്കുന്ന സ്‌കൂളിലേക്കു പോകാമല്ലോ.
അച്ചടക്കത്തിന്റെ ഭാഗമായുള്ള യൂണിഫോം വസ്ത്രധാരണത്തെ മാനിക്കാതെ, എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ശിരോവസ്ത്രം ധരിക്കാന്‍ മാനേജ്‌മെന്റ് അനുവദിക്കാത്തതാണ് പ്രശ്‌നം. ഈ വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥിനി ഇതുവരെ ഹിജാബ് ധരിച്ചിരുന്നില്ലെങ്കിലും അപ്രതീക്ഷിതമായി അത് ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥിനിയെ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ളവര്‍ സ്‌കൂളിലെത്തി ബഹളമുണ്ടാക്കിയെന്നാണ് പിടിഎ പ്രസിഡന്റ് അറിയിച്ചത്.
സ്‌കൂളിലേക്ക് അതിക്രമിച്ചു കയറിയ ഇവരെ പോലീസെത്തി മാറ്റുകയും കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന്, പരീക്ഷ തുടങ്ങാനിരിക്കെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയുമൊക്കെ മാനസിക സമ്മര്‍ദമൊഴിവാക്കാന്‍ സ്‌കൂളിനു രണ്ടു ദിവസത്തേക്ക് അവധി നല്‍കാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിതയായി.
സ്‌കൂളുകളില്‍ യൂണിഫോം മറയ്ക്കുന്ന രീതിയിലുള്ള വേഷം പാടില്ലെന്നും യൂണിഫോം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും പറഞ്ഞ വിദ്യാഭ്യാസമന്ത്രി, സ്‌കൂള്‍ മാനേജ്‌മെന്റ് ഇത്തരം കാര്യങ്ങള്‍ ഉത്തരവാദിത്വബോധത്തോടെ കൈകാര്യം ചെയ്യണമെന്നും ബാലന്‍സ് ചെയ്താണു പ്രതികരിച്ചത്. മറ്റു മതസ്ഥര്‍ നടത്തുന്ന സ്‌കൂളുകളില്‍ നിസ്‌കാരമുറിയുടെയും ഹിജാബിന്റെയുമൊക്കെ മറയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന മതമൗലികവാദത്തെ ചെറുക്കുന്നതല്ലേ ഉത്തരവാദിത്വബോധം ഈ വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ഹര്‍ജിയില്‍ സ്‌കൂളിലും പരിസരത്തും ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുമുണ്ട്.
സര്‍ക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും പെണ്‍കുട്ടിയുടെ രക്ഷിതാവിനും കോടതി നോട്ടീസയച്ചു. ഹര്‍ജി നവംബര്‍ 10ന് വീണ്ടും പരിഗണിക്കും. മതവര്‍ഗീയത സമൂഹത്തെ ഛിന്നഭിന്നമാക്കുന്ന ഇക്കാലത്ത്, കുട്ടികളെയെങ്കിലും വെറുതേ വിട്ടുകൂടേ ഒന്നോ രണ്ടോ വ്യക്തികളോ മതസംഘടനയോ വിചാരിച്ചാല്‍ മറ്റെല്ലാവരും പേടിച്ചു പിന്മാറണമെന്ന നില, രാഷ്ട്രീയമൗനത്തിന്റെകൂടി ഫലമാണ്. മതേതരത്വമോ വര്‍ഗീയപ്രീണനമോ ഏതെങ്കിലുമൊന്ന് പാര്‍ട്ടികള്‍ ഒഴിവാക്കണം; ജനം തെറ്റിദ്ധരിക്കാതിരിക്കട്ടെ.
അഗസ്റ്റീനിയന്‍ സന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തില്‍ 30 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ പശ്ചിമകൊച്ചിയിലെ മികച്ച പഠനാന്തരീക്ഷമുള്ള സിബിഎസ്ഇ വിദ്യാലയങ്ങളിലൊന്നാണ്. പ്രീ കെജി മുതല്‍ പത്താം ക്ലാസ് വരെ വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള 450 ഓളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. മുസ്ലിം സമുദായത്തിലേത് ഉള്‍പ്പെടെ 449 മറ്റു വിദ്യാര്‍ഥികളെപ്പോലെ പെരുമാറാന്‍ പറ്റില്ലെന്ന വാശിയിലാണെങ്കില്‍ മാതാപിതാക്കള്‍ വിദ്യാര്‍ഥിനിയെ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന മറ്റേതെങ്കിലും സ്‌കൂളിലേക്കു മാറ്റേണ്ടതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ഏതായിരിക്കണമെന്നു നിശ്ചയിക്കുന്നതിന് മാനേജ്മെന്റിന് പൂര്‍ണ അധികാരമുണ്ടെന്ന് 2018ല്‍ കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖും 2022ല്‍ കര്‍ണാടക ഹൈക്കോടതിയും വിധിച്ചിട്ടുള്ളതാണ്. ഇതിനെതിരേയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചില്‍ ഭിന്നവിധി ഉണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം കേസ് വിശാല ബെഞ്ചിനു വിട്ടിരിക്കുകയാണ്.
തങ്ങളുടെ സ്‌കൂളിന്റെ നിയമങ്ങള്‍ പാലിച്ച്, സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവരുടെ വികാരങ്ങളെ ബഹുമാനിച്ച് പഠിക്കാനെത്തുന്ന മുസ്ലിം ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും മാതൃക എന്താണ് ചിലര്‍ക്കു മാത്രം അസാധ്യമാകുന്നത് വിദേശരാജ്യങ്ങളില്‍ കുടിയേറി സ്വന്തം മതത്തിന്റെ പ്രകടനങ്ങള്‍കൊണ്ട് അന്നാട്ടുകാരെ പ്രകോപിപ്പിക്കുന്നതിന്റെ ഫലം ഇന്ത്യക്കാരുള്‍പ്പെടെ ലോകമെങ്ങും അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. ചെറുപ്പം മുതലേ കുട്ടികളില്‍ തീവ്ര മതവികാരം കുത്തിനിറയ്ക്കുന്ന ഇത്തരം പ്രകടനങ്ങളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരുകളും കോടതികളും ജാഗ്രത പാലിക്കണം. വിദ്യാര്‍ഥികളെയെങ്കിലും രക്ഷിക്കണം.
തങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള ഭരണഘടനാവകാശം നിഷേധിക്കുകയാണെന്ന ഇരക്കരച്ചിലുമായി സംഘടനാ പ്രതിനിധികള്‍ ചാനലുകളില്‍ പ്രകടനം തുടങ്ങിയിട്ടുണ്ട്. ശ്രദ്ധ പിടിച്ചുപറ്റാനും പ്രീണിപ്പിക്കാനുമായി കുരിശിനെയും ഏലസിനെയും കുങ്കുമത്തെയുമൊക്കെ, വ്യക്തിത്വം മറയ്ക്കുന്ന ഹിജാബിനോടു കൂട്ടിക്കെട്ടുന്നവരുമുണ്ട്. ഇവരൊക്കെ വളര്‍ന്നുവരുന്ന തലമുറയെ മതഭ്രാന്തിന് കൂട്ടിക്കൊടുക്കുകയാണ്. വിവിധ മതങ്ങളിലെ പുരോഹിത-സന്യാസ വേഷങ്ങളെ പിടിച്ചും ഹിജാബിനെ ന്യായീകരിക്കാന്‍ ശ്രമമുണ്ട്. സന്യസ്ഥരുടെ അനിവാര്യ സ്ഥാനചിഹ്നങ്ങളെ രാജ്യത്തെ വിദ്യാര്‍ഥികളെല്ലാം അനുകരിക്കാന്‍ തുടങ്ങിയാല്‍ എന്താകും സ്ഥിതിയെന്നുകൂടി അവര്‍ പറയട്ടെ.
മതസ്വാതന്ത്ര്യമാണെന്ന വ്യാഖ്യാനം ചമച്ച്, കഴിഞ്ഞ വര്‍ഷം ക്രൈസ്തവ സ്‌കൂളുകളില്‍ നിസ്‌കാരമുറി ചോദിച്ചവരെ നിലയ്ക്കു നിര്‍ത്താന്‍ മുസ്ലിം സമുദായത്തിലെതന്നെ വിവേകികള്‍ മുന്നിലുണ്ടായിരുന്നു. കുട്ടികളെ മുന്നില്‍ നിര്‍ത്തി ഹിജാബിന്റെ പേരില്‍ മറ്റുള്ളവരുടെ സ്ഥാപനങ്ങളില്‍ അരാജകത്വമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെയും ഒപ്പമുള്ളവര്‍ തിരുത്തണം. അല്ലെങ്കില്‍ ഇസ്ലാമോഫോബിയയുടെ കാരണമന്വേഷിച്ച് ഏറെ അലയേണ്ടിവരും.