ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ദ്വാരപാലക ശില്‍പങ്ങള്‍ കൊടുത്തുവിടാമെന്ന റിപ്പോര്‍ട്ടെത്തി; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; വിജയ് മല്യ സ്വര്‍ണം പൂശിയ കട്ടിളയും വാതിലും എവിടെ? പുനര്‍നിര്‍മാണത്തിന് കൊണ്ടുപോയവ തിരിച്ചെത്തിയില്ലെന്ന് മുരാരി ബാബുവിന്റെ വെളിപ്പെടുത്തലോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിയുന്നു

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ദ്വാരപാലക ശില്‍പങ്ങള്‍ കൊടുത്തുവിടാമെന്ന റിപ്പോര്‍ട്ടെത്തി

Update: 2025-10-07 12:37 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കൈക്കൊള്ളാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുങ്ങുന്നത്. ഇക്കാര്യം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി. വിജിലന്‍സ് സംഘം കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് ഈ ആഴ്ച സമര്‍പ്പിച്ചേക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സംബന്ധിച്ച് കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം ദ്വാരപാലക ശില്‍പങ്ങള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാമെന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിലെത്തിയപ്പോള്‍, ബോര്‍ഡ് ഒറ്റക്കെട്ടായാണ് അതിനെ എതിര്‍ത്തത്. നടപടിക്കനുസൃതമായി കാര്യങ്ങള്‍ മുന്നോട്ടു പോകണമെന്നായിരുന്നു നിലപാട്. മണ്ഡലകാല മകരവിളക്ക് മഹോത്സവത്തിന് ലക്ഷക്കണക്കിന് ഭക്തരാണ് എത്തറാള്ളുത്. അതിനുള്ള മുന്നൊരുക്കങ്ങള്‍ മാസങ്ങള്‍ക്കുമുമ്പ് ആരംഭിച്ചുകഴിഞ്ഞു.

മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ സാധിക്കണം. പ്രസിഡന്റിന്റെയും മന്ത്രിയുടേയും ഒക്കെ രാജി ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. പക്ഷെ വീടുകളിലേക്ക് മാര്‍ച്ച് നടത്തുന്നത് ധാര്‍മികമാണോ എന്ന് ആലോചിക്കണമെന്നും പ്രശാന്ത് പറഞ്ഞു.

അതേമസമയം ശബരിമല ക്ഷേത്രത്തില്‍നിന്നു പുനര്‍നിര്‍മാണത്തിനായി കൊണ്ടുപോയ സ്വര്‍ണം പൂശിയ കട്ടിളയും വാതിലും കടത്തിയതായി ആരോപണവും പുറത്തുവന്നതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിയുകയാണ്. വ്യവസായി വിജയ് മല്യയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ശബരിമല ക്ഷേത്രത്തില്‍ സ്വര്‍ണം പൂശിയ കട്ടിളയും വാതിലും പുനര്‍നിര്‍മാണത്തിനായി കൊണ്ടുപോയിരുന്നു. എന്നാല്‍, ശബരിമലയില്‍ ഇപ്പോഴുള്ളത് പുതിയ കട്ടിളയും വാതിലുമാണ് എന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ളവര്‍ പറയുന്നത്.

അങ്ങനെയെങ്കില്‍, നേരത്തെ അവിടെയുണ്ടായിരുന്ന സ്വര്‍ണം പതിപ്പിച്ച കട്ടിളയും വാതിലും എവിടെ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. പുനര്‍നിര്‍മാണത്തിനായി പഴയ കട്ടിളയും വാതിലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടതായി ഇപ്പോള്‍ സസ്‌പെന്റ് ചെയ്ത ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു വ്യക്തമാക്കിയത്. സ്വര്‍ണപ്പാളി ഇളക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് അവ കൊടുത്തുവിട്ടത് എന്നാണ് അദ്ദേഹം പറയുന്നത്.

2019 മാര്‍ച്ച് 11-നാണ് ശബരിമല ക്ഷേത്രസന്നിധാനത്തെ ശ്രീകോവിലില്‍ പുതിയ സ്വര്‍ണവാതില്‍ ഘടിപ്പിക്കുന്നത്. ഉണ്ണികൃഷണന്‍ പോറ്റിയും സി.കെ. വാസുദേവനും ബെംഗളൂരുവിലുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് സ്പോണ്‍സര്‍ഷിപ്പില്‍ ആ സ്വര്‍ണവാതില്‍ പണിഞ്ഞുനല്‍കിയത്. വാതില്‍ സ്വര്‍ണം പൂശുന്നതിനായി നാലുകിലോ സ്വര്‍ണം ഉപയോഗിച്ചു എന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി അവകാശപ്പെട്ടിരുന്നത്.

മുരാരി ബാബു പറയുന്നതനുസരിച്ച്, ശ്രീകോവിലില്‍ നേരത്തെ ഉണ്ടായിരുന്ന കട്ടളയും വാതിലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടു. ശേഷം അദ്ദേഹമത് പുനര്‍നിര്‍മിച്ച് തിരിച്ചുകൊണ്ടുവന്നു. ഇതില്‍ എത്രത്തോളം സത്യമുണ്ട് എന്നതാണ് പുതിയ പ്രശ്നം. കാരണം, മുരാരി ബാബു പറഞ്ഞത് സത്യമാണെങ്കില്‍, ശബരിമല ക്ഷേത്രത്തില്‍ 2019 മാര്‍ച്ചിന് മുമ്പുണ്ടായിരുന്ന കട്ടിളയും വാതിലും എവിടെ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

അതേസമയം ശബരിമലയിലെ ദ്വാരപാലകശില്പങ്ങളുടെ സ്വര്‍ണപ്പാളിക്ക് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ഹൈക്കോടതി നിയമിച്ചിരുന്നു. സ്വര്‍ണപ്പാളികള്‍ ആര്‍ക്കെങ്കിലും വിറ്റിട്ടുണ്ടാകാമെന്ന് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് എ. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വംബെഞ്ചിന്റെ നടപടി.

പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ആറ് ആഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. കുറ്റകൃത്യം കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. അന്വേഷണം പൂര്‍ണമായും കോടതിയുടെ നിയന്ത്രണത്തിലാവും. ബന്ധപ്പെട്ട കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പ് അനുമതി തേടണം. 2024 ഒക്ടോബര്‍ 16ന് ദ്വാരപാലക പീഠം സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് നിര്‍ദേശിച്ചതില്‍ വിശദമായ അന്വേഷണം വേണം. ദ്വാരപാലകശില്പങ്ങള്‍ക്ക് മുമ്പുതന്നെ സ്വര്‍ണാവരണം ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

വിഷയത്തില്‍ പ്രാഥമികാന്വേഷണം നടത്തിയ ദേവസ്വം വിജിലന്‍സ് എസ്.പി സുനില്‍കുമാര്‍ തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയിരുന്നു. മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ടും കൈമാറി. വെള്ളിയാഴ്ച അന്തിമറിപ്പോര്‍ട്ട് നല്‍കുമെന്നാണ് കരുതപ്പെടുന്നത്. സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണപ്പാളികള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി അനുവദിച്ചു.

വിജയ് മല്യയുടെ നേതൃത്വത്തിലുളള യു.ബി ഗ്രൂപ്പിന്റെ ഫിനാന്‍സ് മാനേജര്‍ 2008-ല്‍ ദേവസ്വംബോര്‍ഡിന് അയച്ച കത്തും ഇതിനിടെ ചര്‍ച്ചയായിട്ടുണ്ട്. ദ്വാരപാലകശില്പങ്ങള്‍ക്ക് സ്വര്‍ണപ്പാളി സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കത്ത്. 1.564 കിലോ സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്. ശ്രീകോവിലിനടക്കം ആകെ 30.29 കിലോഗ്രാമാണ് ഉപയോഗിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, 2019-ല്‍ സ്വര്‍ണപ്പാളികള്‍ സ്വര്‍ണംപൂശുന്നതിനായി ചെന്നൈയിലേയ്ക്ക് കൊണ്ടുപോയപ്പോള്‍ ദേവസ്വം മഹസറില്‍ ചെമ്പാണെന്നാണ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍പോറ്റിയുടെ കൈവശമാണ് ഇത് കൊടുത്തുവിട്ടിരുന്നത്.

സ്വര്‍ണം പൂശിയശേഷം കുറച്ച് ബാക്കിയുണ്ടെന്നും ഇത് നിര്‍ധനപെണ്‍കുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാനാകുമോയെന്നും ചോദിച്ച് ഉണ്ണികൃഷ്ണന്‍പോറ്റി 2019 ഡിസംബര്‍ ഒമ്പതിന് അന്നത്തെ ദേവസ്വം പ്രസിഡന്റിന് ഇ മെയില്‍ അയച്ചിട്ടുണ്ട്. ബോര്‍ഡിന്റെ അഭിപ്രായം തേടിയായിരുന്നു ഇ മെയില്‍. പോറ്റിയുടെ കൈവശം ബാക്കി സ്വര്‍ണം ഉണ്ടായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ദേവസ്വം ഉദ്യോഗസ്ഥര്‍ പോറ്റിയുമായി ചേര്‍ന്ന് ക്ഷേത്രത്തിന്റെ പരിശുദ്ധിയെപ്പോലും വഞ്ചിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കരുതേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു.

Tags:    

Similar News