ഇതുവരെ കണ്ടെത്തിയത് നൂറോളം അസ്ഥികളും നിരവധി തലയോട്ടികളും; മൃതദേഹാവശിഷ്ടങ്ങള്‍ 16 വര്‍ഷത്തിലേറെ പഴക്കമുള്ളവ; ശുചീകരണ തൊഴിലാളി കുഴിച്ചിടുന്നത് കണ്ടുവെന്ന് സമ്മതിച്ച് പ്രദേശവാസിയായ സ്ത്രീയും; ധര്‍മ്മസ്ഥലയില്‍ കൂട്ടക്കൊലകള്‍ ഉണ്ടായെന്ന് ഉറപ്പ്; ഇനി അറിയേണ്ടത് ആര് എന്തിന് എന്ന്
ധര്‍മ്മസ്ഥലയില്‍ കൂട്ടക്കൊലകള്‍ ഉണ്ടായെന്ന് ഉറപ്പ്
ധര്‍മ്മസ്ഥലയിലെ കൂട്ട ശവസംസ്‌ക്കാരക്കേസില്‍, സാക്ഷിയായ ശുചീകരണത്തൊഴിലാളി പറഞ്ഞത് സത്യമാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു. കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഇതുവരെ 100 അസ്ഥികൂടങ്ങള്‍ കണ്ടെടുത്തുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സൈറ്റ് 6, സൈറ്റ് 11-എ എന്നിവിടങ്ങളില്‍ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയ അവശിഷ്ടങ്ങള്‍, 16 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്.
എസ്ഐടി ഇത് സ്ഥിരീകരിക്കുന്നില്ലെങ്കിലും, ചില കന്നഡ മാധ്യമങ്ങളും, ന്യൂസ് 18നും, ഇന്ത്യാടുഡെയും ഈ വിവരം വാര്‍ത്തയാക്കിയിട്ടുണ്ട്. ധര്‍മ്മസ്ഥല ആക്ഷന്‍ കമ്മറ്റി അംഗങ്ങളും കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് സമ്മതിക്കുന്നുണ്ട്. ഇനി ഏതാനും ഇടത്തുമാത്രമാണ് പരിശോധന നടത്താനുള്ളത്. ഇതോടെ ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്ര പരിസരത്ത് നടന്നുവെന്ന് പറയുന്ന കൊലകള്‍ സത്യമാണ് എന്ന് വരികയാണ്. ഇനിയാണ് എസ്ഐടിക്കുമുന്നില്‍ അതി ഗുരുതരമായ പ്രശ്നമുള്ളത്. ഇനി ആരാണ് കൊല നടത്തിയത്, എന്തിനായിരുന്നു ഈ മൃഗീയ പാതകങ്ങള്‍ എന്നാണ് അറിയേണ്ടിയിരിക്കുന്നത്.
എന്തെല്ലാം പ്രകോപനങ്ങള്‍ ഉണ്ടായിട്ടും കൃത്യമായി ഖനനം നടത്തിയ എസ്ഐടി സംഘത്തിനും അഭിനന്ദനം ഉയരുന്നുണ്ട്. നേരത്തെ മാര്‍ക്ക്ചെയ്ത പ്രദേശത്തുനിന്ന് മാറിപ്പോലും, കുഴിക്കാന്‍ എസ്ഐടി അനുമതി നല്‍കിയിരുന്നു. 2003-ല്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അനന്യ ഭട്ടിന്റെ അമ്മ സുജാത ഭട്ടിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ മഞ്ജുനാഥ് എന്‍, എസ്‌ഐടിയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും സാക്ഷിക്ക് ഓര്‍മ്മയുടെ അടിസ്ഥാനത്തില്‍ സ്ഥലം പരിഷ്‌ക്കരിക്കാന്‍ അനുവദിച്ച തീരുമാനത്തെ ന്യായീകരിക്കുകയും ചെയ്തു.
സാക്ഷിയെ ന്യായീകരിച്ച് വീട്ടമ്മ
അതിനിടെ ധര്‍മ്മസ്ഥലയിലെ ശുചീകരണത്തൊഴിലാളിയായ സാക്ഷിയെ താന്‍ കണ്ടിരുന്നുവെന്ന് ഒരു വീട്ടമ്മ സമ്മതിക്കുന്നുണ്ട്. തന്റെ വീടിനോട് ചേര്‍ന്ന വനത്തില്‍ ഇയാള്‍ കിളക്കുന്നത് കണ്ടുവെന്നും വീട്ടില്‍നിന്ന് വെള്ളം വാങ്ങി കുടിച്ചിരുന്നുവെന്നും വീട്ടമ്മ മൊഴി നല്‍കിയിട്ടുണ്ട്.
പതിനൊന്നാമത്തെ പോയിന്റില്‍നിന്ന് മാറി നടന്ന തിരിച്ചലിലാണ് ഏറ്റവും കൂടുതല്‍ അസ്ഥികള്‍ കണ്ടെത്തിയത്. ഇങ്ങനെ കാട്ടില്‍ മൂന്ന് മീറ്റര്‍ കുഴിച്ചപ്പേഴാണ് നിരവധി അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. പരിശോധന തുടരും മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് പറയുന്ന നേത്രാവതി നദിക്കര 13 ഭാഗങ്ങളാക്കി തിരിച്ചാണ് പരിശോധന നടത്തുന്നത്. സൈറ്റ് നമ്പര്‍ 6ല്‍നിന്ന് ഒരു അസ്ഥികൂടം ലഭിച്ചിട്ടുണ്ട്. അതിനുശേഷം 11നടുത്തുനിന്നാണ് കൂടതല്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടുന്നത്. കണ്ടെത്തിയ അസ്ഥികളില്‍ അഞ്ചെണ്ണം പല്ല്, ഒന്ന് താടിയെല്ല്, രണ്ട് തുടയെല്ല്, ബാക്കി ഉള്ളവ പൊട്ടിയ നിലയില്‍ ഉള്ള അസ്ഥിഭാഗങ്ങളാണ്. ബാക്കിയുള്ള ഭാഗങ്ങള്‍ ഏതൊക്കെ എന്ന് തിരിച്ചറിയാന്‍ വിശദമായി ഫോറന്‍സിക് പരിശോധന നടത്തും. ഇവ പരിശോധിക്കുന്നത് ബെംഗളുരുവിലെ എഫ്എസ്എല്‍ ലാബിലാണ്.
ധര്‍മസ്ഥല മഞ്ജുനാഥക്ഷേത്രത്തിന്റെ പരിസരത്തായി ബലാല്‍സംഗം ചെയ്യപ്പെട്ട നിലയിലും കൈകാല്‍ വെട്ടിയ നിലയിലും, കണ്ടെത്തിയ നൂറോളം മൃതദേഹങ്ങള്‍ മറവുചെയ്തുവെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ ഭാഗമായാണ് അന്വേഷണം നടക്കുന്നത്. 1998 നും 2014 നും ഇടയില്‍ സ്ത്രീകളുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ശുചീകരണത്തൊഴിലാളി ആരോപിച്ചത്.. ഈ മൃതദേഹങ്ങള്‍ മറവുചെയ്യാന്‍ തന്നെ ക്ഷേത്ര അധികാരികള്‍ നിര്‍ബന്ധിച്ചവെന്നും അദ്ദേഹം പറയുന്നുണ്ട്.
കൊലകള്‍ സത്യമാണ് എന്ന് തെളിഞ്ഞതോടെ ധര്‍മ്മസ്ഥലയിലെ ധര്‍മ്മാധികാരി ഡോ വീരേന്ദ്ര ഹെഗ്ഡെയെയാണ് ആക്ഷന്‍ കമ്മറ്റി അടക്കമുള്ളവര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.