ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് കോടികള്‍ കൈമാറുന്നതിന് കണക്കില്ല; പദ്ധതി നടത്തിപ്പിന് ജീവനക്കാരുടെ തന്നെ കടലാസ് കമ്പനികള്‍; കോടികള്‍ സര്‍ക്കാര്‍ കൈമാറുന്നത് യാതൊരു മാനദണ്ഡവും പാലിക്കാതെ; ഗ്രാഫീന്‍ പദ്ധതിയില്‍ ദുരൂഹതകള്‍ ഏറെ; ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള സിസ തോമസിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കാന്‍ ഗവര്‍ണര്‍

ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് കോടികള്‍ കൈമാറുന്നതിന് കണക്കില്ല;

Update: 2025-09-01 06:39 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രോ ചാന്‍സലറായ കേരള ഡിജിറ്റല്‍ സര്‍വകലാശാല നിര്‍വഹണ ഏജന്‍സിയായ ഗ്രാഫീന്‍ ഉത്പാദന പദ്ധതി നടത്തിപ്പില്‍ കോടികളുടെ ക്രമക്കേട്. പദ്ധതി നടത്തിപ്പിന് അനുവദിച്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഫണ്ടായ 237 കോടിരൂപയോളം രൂപ ഡിജിറ്റല്‍ സര്‍വകലാശാലക്ക് കൈമാറിയത് വ്യക്തമായ മാര്‍ഗരേഖകളില്ലാതെ. ക്രമക്കേടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന മുന്‍ വൈസ് ചാന്‍സലര്‍ സിസ തോമസിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി ഗവണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഒരു ഫൈനാന്‍സ് ഓഫീസര്‍ പോലുമില്ലാത്ത ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഒഴുകിയെത്തുന്നത് കോടികളുടെ ഫണ്ട്. കേരള ഡിജിറ്റല്‍ സര്‍വകലാശാലക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകളില്‍ കൃത്യമായ കണക്കില്ല. പദ്ധതി നടത്തിപ്പിന് തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ കമ്പനിയുടെ വിശ്വാസ്യതയെക്കുറിച്ചും ഏറെ സംശയങ്ങള്‍.

ഗ്രാഫീന്‍ ഗവേഷണ വികസന പദ്ധതിക്കായി കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സ്ഥാപിച്ച 94.85 കോടി രൂപയുടെ ഫണ്ട് തുടക്കത്തില്‍ ഇന്‍ഡ്യ ഗ്രാഫീന്‍ എഞ്ചിനീയറിങ് ആന്‍ഡ് ഇന്നോവേഷന്‍ സെന്റര്‍ (ഐ.ജി.ഇ.ഐ.സി) എന്ന കമ്പനിക്കാണ് അനുവദിച്ചത്. പിന്നീട്, ഒരു തിരുത്തല്‍ ഉത്തരവ് പുറപ്പെടുവിക്കുകയും കേരള ഡിജിറ്റല്‍ സര്‍വകലാശാലയെ നിര്‍വ്വഹണ ഏജന്‍സിയായി നിയമിക്കുകയും ചെയ്തു. യാതൊരു വിശദീകരണവുമില്ലാതെയാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്്. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര ഇലക്ട്രോണിക്‌സ്- വിവര സാങ്കേതികവിദ്യ മന്ത്രാലയത്തിന്റെയും വ്യവസായ പങ്കാളികളുടെയും പങ്കാളിത്തത്തോടുകൂടി നടപ്പാക്കുന്ന പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 47.22 കോടി രൂപ, കേന്ദ്ര ഇലക്ട്രോണിക്‌സ്- വിവര സാങ്കേതികവിദ്യ മന്ത്രാലയം 37.63 കോടി രൂപ, വ്യവസായ പങ്കാളികള്‍ - 10 കോടി രൂപ എന്നിങ്ങനെയാണ് തുടക്കത്തില്‍ വകയിരുത്തിയത്.

പൈലറ്റ് പദ്ധതിക്ക് 237 കോടി രൂപയുടെ ഭരണാനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിന്‍ഫ്രയെയും നിയോഗിച്ചിരുന്നു. ഗ്രാഫീന്‍ പോലുള്ള നൂതന വസ്തുക്കളുടെ ഗവേഷണത്തിനും ഉല്‍പാദനത്തിനുമുള്ള കേന്ദ്രമായി കേരളത്തെ മാറ്റാനും ഗ്രാഫീന്‍ അധിഷ്ഠിത സാങ്കേതികവിദ്യകളുടെ വികസനം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിട്ടത്. പദ്ധതിക്ക് കിഫ്ബിയില്‍ നിന്ന് വായ്പ തേടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു പുറമേ സ്വകാര്യ പങ്കാളികളെ ക്ഷണിക്കാനും തീരുമാനിച്ചിരുന്നു. ഐ.ജി.ഇ.ഐ.സിയെ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തതെന്ന ചോദ്യവും ഉയരുന്നു. കമ്പനിയുടെ മുന്‍ പ്രവര്‍ത്തന പരിചയം സംബന്ധിച്ചും സംശയങ്ങള്‍ ഏറെയാണ്.

പദ്ധതി നടപ്പിലാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഐ.ജി.ഇ.ഐ.സിയുടെ സ്ഥാപകരില്‍ രണ്ട്‌പേര്‍ ഡിജിറ്റല്‍ സര്‍വകലാശാലയുമായി നേരിട്ട് ബന്ധമുള്ളവരാണ്. സര്‍വകലാശാലയുടെ സ്പോണ്‍സറിംഗ് ഏജന്‍സിയായ ഐ.ഐ.ടി.എം.കെയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മാധവന്‍ നമ്പ്യാരും പ്രൊഫസര്‍ അലക്സ് ജെയിംസുമാണ് കമ്പനിയുടെ സ്ഥാപകര്‍. സര്‍വകലാശാലയിലെ ലക്ചറര്‍ കൂടിയാണ് അലക്സ് ജെയിംസ്. ഇവര്‍ ഉള്‍പ്പെടെ നാല് ഡയറക്ടര്‍മാരാണ് കമ്പനിയിലുള്ളത്. സര്‍വകലാശാലയിലും സ്വകാര്യ കമ്പനിയിലും സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തികള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ വെളിപ്പെടുത്താതെ ഇടപാടില്‍ പങ്കാളികളായതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

സര്‍വകലാശാലയില്‍ താല്‍ക്കാലിക വൈസ് ചാന്‍സലറായിരിക്കെയാണ് സിസ തോമസ് സര്‍വകലാശാലയില്‍ വിശദമായ അന്വേഷണം നടത്തി വിവരങ്ങള്‍ ശേഖരിച്ചത്. സര്‍ക്കാര്‍ ഫണ്ടുകള്‍ കൈമാറിയതില്‍ വ്യാപക ക്രമക്കേടുകള്‍ സിസ തോമസ് കണ്ടെത്തി. ഒരു ഫൈനാന്‍സ് ഓഫീസര്‍ പോലുമില്ലാതെയാണ് സര്‍വകലാശാലയില്‍ കോടികള്‍ കൈകാര്യം ചെയ്യപ്പെടുന്നത്. ഗ്രാഫീന്‍ പദ്ധതി നടത്തിപ്പിനുള്ള കമ്പനി രജിസ്റ്റര്‍ ചെയ്തതിലും അവ്യക്തതയുണ്ട്. കമ്പനിയുടെ രൂപീകരണത്തില്‍ സുതാര്യതയില്ലായ്മ, കമ്പനിയുടെ വിലാസത്തിലെ പൊരുത്തക്കേടുകള്‍, പദ്ധതി നിര്‍വ്വഹണത്തില്‍ വ്യക്തതയില്ലായ്മ, ഫണ്ട് വിനിയോഗത്തിലെ ക്രമക്കേടുകള്‍ തുടങ്ങിയ ഗുരുതര വിഷയങ്ങള്‍ വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Tags:    

Similar News