'മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തി'; പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത് ദിലീപ്; നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കാന്‍ പ്രോസിക്യൂഷനാകുമോ? അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റവും ദിലീപിനെതിരെ
'മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തി'
കൊച്ചി: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന നടിയെ ആക്രമിച്ച കേസിലെ വിധി പുറത്തുവരാന്‍ ഇനി നാലുനാള്‍ മാത്രമാണുള്ളത്. കേസില്‍ ദിലീപിനെ കുറ്റക്കാരനായി കോടതി കണ്ടെത്തുമോ എന്നതാണ് ഉയരുന്നതിലാണ് ആകാംക്ഷ. എട്ടര വര്‍ഷം നീണ്ട വിചാരണക്ക് ഒടുവിലാണ് കേസില്‍ വിധി പറയാന്‍ കോടതി ഒരുങ്ങുന്നത്. ദിലീപിന്റെ ജീവിതത്തില്‍ നിര്‍ണായകമായ വിധിയാണ് പുറത്തുവരാനുള്ളത്.
ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍, ഗൂഢാലോചന നടത്തിയത് നടന്‍ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ പങ്കാളിത്തം എട്ടര വര്‍ഷത്തിനിപ്പുറവും സംശയാതീതമായി സംശയാമായി തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ കഴിയുമോ എന്നതാണ് ഏറെ നിര്‍ണായകം. കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് പുറത്തിറങ്ങിയത്.
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍, ക്രിമിനല്‍ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരെ ചുമത്തിയ പ്രധാന കുറ്റം. ഇതിന് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത് ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ക്രിമിനല്‍ ഭീഷണി തുടങ്ങിയ വകുപ്പുകളും ചുമത്തി. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു എന്ന വകുപ്പും കുറ്റകൃത്യം ചെയ്യാനുള്ള പദ്ധതി മറച്ചു വെക്കലും, ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതിന്റെ മറ്റു ചില ആരോപണങ്ങളും ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തി.
കൂടാതെ ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാത്തതിന് തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റവും ദിലീപിനെതിരെയുണ്ട്. ആലുവ പാലസില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ നിഷേധിക്കാനാവാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് 2017 ജൂലൈ പത്തിന് അറസ്റ്റിലാകുന്നത്.
85 ദിവസത്തിനു ശേഷം ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷമാണ് ദിലീപ് ജയില്‍ മോചിതനായത്. അറസ്റ്റിന് തൊട്ടു പിന്നാലെ താരസംഘടന അമ്മ ദിലീപിനെ പുറത്താക്കി. എട്ടാം പ്രതി ദിലീപിന്റെ ഗൂഡാലോചനയും പങ്കും സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ആകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപ് കേസിലെ വിധി പറയുക. നടിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി എന്‍.എസ്.സുനില്‍ എന്ന പള്‍സര്‍ സുനി അടക്കം ഒന്‍പത് പ്രതികളാണ് വിചാരണ നേരിട്ടത്. എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയത്. ദിലീപ് ഉള്‍പ്പടെ എല്ലാ പ്രതികളും ഡിസംബര്‍ എട്ടിന് വിചാരണക്കോടതിയില്‍ ഹാജരാകണം. വാദം ഉള്‍പ്പടെയുള്ള വിചാരണ നടപടികള്‍ കഴിഞ്ഞ ഏപ്രില്‍ 11നാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് കഴിഞ്ഞ 27 തവണയും വാദത്തില്‍ വ്യക്തത വരുത്താനായി കോടതി കേസ് മാറ്റുകയായിരുന്നു.
നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈം ബ്രാഞ്ചാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. അനുബന്ധ കുറ്റപത്രം അനുസരിച്ച് ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപിനെ പ്രതിചേര്‍ത്തത്. 2017 ഫെബ്രുവരി 17നാണ് കൊച്ചി നഗരത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്. 2018 മാര്‍ച്ചിലാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു. 2017 ഫെബ്രുവരിയില്‍ അറസ്റ്റിലായ പള്‍സര്‍ സുനിക്ക് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടപടി വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ചാണ് സുപ്രീം കോടതി സുനിക്ക് ജാമ്യം അനുവദിച്ചത്.
2017 ജൂലായ് 10നാണ് ദിലീപ് അറസ്റ്റിലായത്. പിന്നീട് ഒക്ടോബറില്‍ ഉപാധികളോടെ ജാമ്യം ലഭിച്ചു. ആദ്യം ഏഴു പ്രതികളുണ്ടായിരുന്ന കേസില്‍ പിന്നീട് ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഇക്കഴിഞ്ഞ ഏപ്രിലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.
