കുറച്ച് കഞ്ഞി..എടുക്കട്ടേ ചേട്ടാ..!!; അതിവേഗത്തിൽ പായുന്ന ട്രെയിൻ; ഒരു മൂലയിൽ ഒന്നും അറിയാത്ത മട്ടിൽ ഒരാൾ; മുഖത്ത് നിഷ്കളങ്കമായ ചെറു പുഞ്ചിരി; വാഷ് ബേസിന് മുന്നിൽ നിന്ന് ആരൊക്കെയോ കഴിച്ച ഡിസ്പോസിബിൾ പാത്രങ്ങള്‍ വീണ്ടും കഴുകിയെടുത്ത് ജോലി; മനം മടുത്തുന്ന കാഴ്ച കണ്ട് 'വാ'പൊത്തി ആളുകൾ

Update: 2025-10-19 07:41 GMT

ഡൽഹി: റെയിൽവേ യാത്രക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിൽ വളരെ ഗുരുതരമായ വീഴ്ച കണ്ടെത്തിയതായി പരാതി. ഈറോഡ്-ജോഗ്ബാനി അമൃത് ഭാരത് എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 16601) ഉപയോഗിച്ച കണ്ടെയ്‌നറുകൾ കഴുകി വീണ്ടും ഭക്ഷണം വിതരണം ചെയ്യാൻ ശ്രമിച്ചുവെന്ന ഞെട്ടിക്കുന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് റെയിൽവേ വിശദീകരണവുമായി രംഗത്തെത്തി.

യാത്രക്കാരൻ പകർത്തിയ വീഡിയോയിൽ, റെയിൽവേ കാന്റീൻ ജീവനക്കാരനൊപ്പം ജോലി ചെയ്യുന്ന ഒരാൾ യാത്രക്കാരുള്ള കോച്ചിലെ വാഷ് ബേസിനിൽ ഡിസ്പോസിബിൾ അലുമിനിയം ഫോയിൽ കണ്ടെയ്‌നറുകൾ കഴുകുന്നത് കാണാം. കഴുകിയ പാത്രങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിനായി അടുക്കി വയ്ക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

വീഡിയോ പകർത്തിയ യാത്രക്കാരൻ ചോദ്യം ചെയ്തപ്പോൾ, കണ്ടെയ്‌നർ കഴുകുന്ന ജീവനക്കാരൻ പരിഭ്രാന്തനാവുകയും "തിരിച്ചയക്കാൻ വേണ്ടിയാണ് കഴുകിയത്" എന്ന് ആദ്യ വിശദീകരണം നൽകുകയും ചെയ്തു. എന്നാൽ, പാന്റ്രി വിഭാഗത്തിൽ നിന്ന് മാറി യാത്രക്കാരുള്ള കോച്ചിലെത്തി കണ്ടെയ്‌നറുകൾ കഴുകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മറുപടി നൽകാനായില്ല.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് രംഗത്തെത്തി. റെയിൽവേ മന്ത്രിയുടെ വാഗ്ദാനങ്ങൾക്കൊന്നും യാഥാർഥ്യവുമായി ബന്ധമില്ലെന്ന് തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചു. യാത്രക്കാരിൽ നിന്ന് ടിക്കറ്റിന് മുഴുവൻ പണം ഈടാക്കിയിട്ടും ഇത്തരം നിന്ദ്യമായ പ്രവൃത്തികൾ നടക്കുന്നത് റെയിൽവേ മന്ത്രിക്ക് നാണക്കേട് ഉണ്ടാക്കേണ്ടതാണെന്നും അവർ കുറ്റപ്പെടുത്തി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നുവന്നത്.

വിഷയം അതീവ ഗൗരവത്തോടെയാണ് റെയിൽവേ കണക്കിലെടുത്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തെറ്റ് ചെയ്ത ജീവനക്കാരനെ ഉടൻ തന്നെ തിരിച്ചറിഞ്ഞ് നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ, ഭക്ഷണ വിതരണത്തിന് ലൈസൻസ് നേടിയയാളുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും റെയിൽവേ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും റെയിൽവേ അറിയിച്ചു.

റെയിൽവേയുടെ വിശദീകരണം വന്നെങ്കിലും, സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കാനുള്ള സാധ്യതയുണ്ട്. ടിക്കറ്റ് നിരക്ക് വർധനവ് ചൂണ്ടിക്കാട്ടി റെയിൽവേയുടെ സേവനങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കുന്നവർക്ക് ഈ സംഭവം ഒരു വിഷയമായി മാറിയിട്ടുണ്ട്. ഭാവിയിൽ റെയിൽവേയുടെ ഭക്ഷണ വിതരണ സംവിധാനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്.

Tags:    

Similar News