അനേകം സ്ത്രീകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്; മക്കളോടൊപ്പമുള്ള ചിത്രങ്ങളും നാണക്കേട്; എപ്സ്റ്റീനെ കെട്ടാന്‍ താല്പര്യം കാണിച്ച് സാറാ; ബക്കിങ്ങാം പാലസില്‍ വിരുന്ന്; അമേരിക്കയില്‍ പോയി നിയമത്തിന് കീഴടങ്ങാന്‍ സ്റ്റാര്‍മാര്‍: ആന്‍ഡ്രു രാജകുമാരന്‍ ഊരാ കുടുക്കിലേക്ക്
ആന്‍ഡ്രു രാജകുമാരന്‍ ഊരാ കുടുക്കിലേക്ക്
ലണ്ടന്‍: ചാള്‍സ് രാജാവിന്റെ സഹോദരന്‍, രാജകുമാരന്‍ എന്ന പദവി നഷ്ടമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ - വിന്‍ഡ്‌സര്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് കൂപ്പുകുത്തുകയാണ്. കുട്ടിപ്പീഢകനായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രങ്ങളില്‍ ആന്‍ഡ്രു ഒന്നിലധികം സ്ത്രീകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇന്നലെ എപ്സ്റ്റീന്‍ ഫയല്‍സില്‍ പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ മുന്‍ ഡ്യൂക്ക് ഓര്‍ യോര്‍ക്ക് ക്യാമറയിലേക്ക് തുറിച്ചു നോക്കി ഒരു സ്ത്രീയുടെ വയറില്‍ കൈവയ്ക്കുന്ന ദൃശ്യമുണ്ട്. എന്നാല്‍, ഈ ഫോട്ടോ എടുക്കാനുണ്ടായ സാഹചര്യമെന്തെന്നോ, എവിടെ വെച്ചാണ് എടുത്തതെന്നോ ഉള്ള വിവരം അമേരിക്കന്‍ നീതിന്യായ വകുപ്പ് വ്യക്തമാക്കിയിട്ടില്ല.
നേരത്തേ പുറത്തു വിട്ട മറ്റ് ചില വ്യക്തികളുടെ ഫോട്ടോകളുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍ ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത് എപ്സ്റ്റീനിന്റെ ന്യൂയോര്‍ക്കിലുള്ള വീട്ടില്‍ വെച്ചാണ് എന്നാണ് മനസ്സിലാകുന്നത്. 2010 ല്‍ ആന്‍ഡ്രു എപ്സ്റ്റീന്റെ വീട്ടില്‍ പോയിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തിരുന്നു. അതിനിടയില്‍, തന്റെ മക്കളായ യൂജീന്റെയും ബിയാട്രീസിന്റെയും ചിത്രങ്ങള്‍ ആന്‍ഡ്രു കുട്ടിപ്പീഢകന് അയച്ചു കൊടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ മാതാപിതാക്കളുടെ അവിഹിത നടപടികളുടെ കഥയില്‍ ഇവരുടെ പേരും അനാവശ്യമായി വലിച്ചിഴക്കപ്പെട്ടിരിക്കുന്നു.
2011 ലും 2012 ലും അയച്ച രണ്ട് ഈമെയിലുകള്‍ക്കൊപ്പമാണ് ആന്‍ഡ്രു തന്റെ പെണ്മക്കളുടെ ചിത്രങ്ങള്‍ അയച്ചത്. ഇന്നലെ അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട ചിത്രങ്ങളില്‍ ഈ ചിത്രങ്ങളും ഉള്‍പ്പെട്ടിരുന്നു. എപ്സ്റ്റീനുമായുള്ള ബന്ധം ഉപേക്ഷിച്ചു എന്ന് ആന്‍ഡ്രു അവകാശപ്പെട്ടിരുന്ന കാലത്തിനു ശേഷമാണ് സ്വന്തം കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ സഹിതം ആന്‍ഡ്രു ആശംസാ സന്ദേശം അയച്ചതെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, എച്ച് ആര്‍ എച്ച് ഡ്യൂക്ക് ഓഫ് യോര്‍ക്ക് എന്ന അന്നത്തെ ഔദ്യോഗിക മെയിലില്‍ നിന്നാണ് ഇത് അയച്ചിരിക്കുന്നത് എന്നതും ഗൗരവകരമായ കാര്യമാണ്.
അതിനിടയില്‍, ജയിലില്‍ നിന്നും പുറത്തിറങ്ങി ആറ് മാസങ്ങള്‍ക്ക് ശേഷം തന്നെ വിവാഹം ചെയ്യുവാന്‍ ആന്‍ഡ്രുവിന്റെ മുന്‍ ഭാര്യ എപ്സ്റ്റീനോട് ആവശ്യപ്പെട്ടതായ റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. പുതിയതായി പുറത്തുവിട്ട ചില ഈമെയില്‍ സന്ദേശങ്ങളാണ് ഇക്കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നത്. 2010 ജനുവരിയിലാണ് സാറ ഈ സന്ദേശം അയച്ചിട്ടുള്ളത്. 14 വയസ്സുള്ള പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് 13 മാസക്കാലത്തെ തടവ് കഴിഞ്ഞ് 2009 ല്‍ ആയിരുന്നു എപ്സ്റ്റീന്‍ പുറത്തിറങ്ങുന്നത്. അതിനു ശേഷമായിരുന്നു ഈ വിവാഹാഭ്യര്‍ത്ഥന.
നിങ്ങള്‍ ഒരു ലെജന്‍ഡ് ആണെന്നും നിങ്ങളെ വര്‍ണ്ണിക്കുവാന്‍ വാക്കുകളില്ലെന്നും സാറ ഫെര്‍ഗുസന്‍ ആ മെയിലില്‍ പറയുന്നു. എപ്സ്റ്റീന്റെ ദയാവായ്പിനും, ഉദാരമനസ്‌കതയ്ക്കും നന്ദി രേഖപ്പെടുത്തിയ സാറ, ഇനി മുതല്‍ എപ്സ്റ്റീനെ സേവിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ സാറ, തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുന്നുമുണ്ട്. ഏത് സാഹചര്യത്തിലാണ് ഈ മെയില്‍ അയച്ചത് എന്നകാര്യം പക്ഷെ വ്യക്തമാക്കിയിട്ടില്ല. അതിനു പുറമെ എപ്സ്റ്റീനും അയാളുടെ വി ഐ പി സുഹൃത്തുക്കള്‍ക്കും ബക്കിംഗ്ഹാം പാലസിലേക്ക് സന്ദര്‍ശനത്തിനെത്താനുള്ള വഴിയൊരുക്കാമെന്നും സാറ പറയുന്നുണ്ട്.
എന്നാല്‍, അത്തരത്തിലൊരു സന്ദര്‍ശനം എപ്സ്റ്റീന്‍ ബക്കിംഗ്ഹാം പാലസില്‍ നടത്തിയോ എന്ന കാര്യത്തിലും വ്യക്തതയില്ല. 2008 ല്‍ എപ്സ്റ്റീന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷവും സാറയും എപ്സ്റ്റീനുമായുള്ള ബന്ധം തുടര്‍ന്നിരുന്നു എന്നതിന് തെളിവാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന രേഖകള്‍. മാത്രമല്ല, അവ പലതും ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നുമുണ്ട്. അതിനിടയില്‍, ലോകം മുഴുവന്‍ ആരാധകരുള്ള ബ്രിട്ടീഷ് രാജകുടുംബത്തിന് തീരാകളങ്കം വരുത്തിവെച്ച ആന്‍ഡ്രു മൗണ്ട്ബാറ്റന്‍ - വിന്‍ഡ്‌സറിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും രംഗത്തെത്തി.
മുന്‍ രാജകുമാരന്റെ ചിത്രങ്ങളും മറ്റും പുറത്ത് വന്ന അവസരത്തില്‍ ആന്‍ഡ്രു അമേരിക്കയില്‍ പോയി കോണ്‍ഗ്രസ്സിന് മുന്‍പില്‍ സത്യം തെളിയിക്കണമെന്നാണ് സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബാലപീഢന കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീന്റെ ഇരകളോട് ആന്‍ഡ്രുവിന് ധാര്‍മ്മികമായ ബാദ്ധ്യതയുണ്ടെന്നും അത് നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരകള്‍ക്കായിരിക്കണം എപ്പോഴും പ്രഥമ പരിഗണന എന്നും, അവര്‍ പീഢിപ്പിക്കുന്ന വിവരം അറിയാവുന്നവര്‍ ആരായാലും അത് ഏത് വിധേനയും ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരകള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന സമീപനമാണ് ആധുനിക നിയമ വ്യവസ്ഥയുടേതെന്നും അതുകൊണ്ടു തന്നെ ആന്‍ഡ്രു അമേരിക്കയില്‍ പോയി ഈ കേസിന്റെ അന്വേഷണവുമായി പരമാവധി സഹകരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. തന്റെ കിഴക്കന്‍ ഏഷ്യാ സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തില്‍ ജപ്പാനിലാണ് പ്രധാനമന്ത്രി ഇപ്പോഴുള്ളത്.
