ദിവ്യയ്ക്ക് ഉടന്‍ ജാമ്യം കിട്ടിയാല്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന് സിപിഎമ്മിന് ഭയം; നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ നിയമ പോരാട്ടവും നിര്‍ണ്ണായകം; ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനം; പ്രത്യേക അന്വേഷണ സംഘം കോടതിയിലേക്ക്; ജാമ്യ ഹര്‍ജിയുമായി ദിവ്യയുടെ അഭിഭാഷകന്‍; ലീഗല്‍ ബാറ്റില്‍ വീണ്ടും
കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഒന്നാം പ്രതിയായ പിപി ദിവ്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. രണ്ട് ദിവസത്തേക്ക് ചോദ്യം ചെയ്യുന്നതിനായി പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. ഇതോടെ ദിവ്യയ്ക്ക് ജാമ്യം കിട്ടാനുള്ള സാധ്യത കുറയും. ദിവ്യയ്ക്ക് ജാമ്യം കിട്ടിയാല്‍ അത് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ സിപിഎമ്മിനുണ്ട്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ നിലപാട് കടുപ്പിക്കുന്നത്.
അറസ്റ്റിന് പിന്നാലെ രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴിയും അന്വേഷണ പുരോഗതിയും പ്രത്യേക അന്വേഷണ സംഘം മജിസ്ട്രേറ്റ് കോടതിയെ അറിയിക്കുമെന്നാണ് വിവരം. കണ്ണൂര്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കുന്നുണ്ട്. എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിന് പിന്നാലെയാണ് പി പി ദിവ്യജാമ്യാപേക്ഷ നല്‍കുന്നത്. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കപ്പെട്ടാല്‍ പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടിയേക്കും. പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും ലഭ്യമായ ശേഷമാണ് ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കുക. പിപി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേര്‍ന്നേക്കും. പി.പി ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരുക. അതുകൊണ്ട് തന്നെ കോടതിയില്‍ ജാമ്യത്തിന് വേണ്ടിയും നിഷേധിക്കാനും വാദപ്രതിവാദം വീണ്ടും സജീവമാകും.
മഞ്ജുഷ പി പി ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരുന്നതോടെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ശക്തമായ വാദമായിരിക്കും കോടതിയില്‍ നടക്കുക. പൊളിറ്റിക്കല്‍ ബാറ്റില്‍ അല്ല ലീഗല്‍ ബാറ്റിലാണ് തങ്ങള്‍ നടത്തുന്നതെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബുവും വ്യക്തമാക്കിയിരുന്നു. യാത്രയയപ്പ് ചടങ്ങില്‍ അധിക്ഷേപത്തിനിരയായ എ.ഡി.എം: കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ജില്ലാപഞ്ചായത്ത് മുന്‍ അധ്യക്ഷയുമായ പി.പി. ദിവ്യ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തതിനേത്തുടര്‍ന്ന് ജില്ലാപഞ്ചായത്ത് അധ്യക്ഷസ്ഥാനം രാജിവച്ച ദിവ്യ ഒളിവിലായിരുന്നു. ദിവ്യയ്‌ക്കെതിരെ സിപിഎം സംഘടനാ നടപടിയും എടുത്തേക്കും.
തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറായത്. തുടര്‍ന്ന്, തളിപ്പറമ്പ് അഡീഷണല്‍ ഫസ്റ്റ്ക്ല ാസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ പള്ളിക്കുന്നിലെ വനിതാജയിലിലേക്കു മാറ്റി. കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചതിനേത്തുടര്‍ന്ന് കണ്ണപുരം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാന്‍ വരുമ്പോള്‍ വാഹനം തടഞ്ഞുനിര്‍ത്തിയാണു ദിവ്യയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് രണ്ടുമണിക്കൂറിലേറെ ചോദ്യംചെയ്തു.
ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയിട്ടും ചോദ്യംചെയ്യാന്‍പോലും തയാറാകാതെ പോലീസ് ദിവ്യയെ സംരക്ഷിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ദിവ്യ നിരീക്ഷണത്തിലായിരുന്നെന്ന വിചിത്രവാദമാണ് അറസ്റ്റിനു പിന്നാലെ സിറ്റി പോലീസ് കമ്മിഷണര്‍ അജിത്കുമാര്‍ ഉന്നയിച്ചത്. കോടതി മുന്‍കൂര്‍ജാമ്യഹര്‍ജി തള്ളിയതിനു തൊട്ടുപിന്നാലെ, എ.ഡി.എമ്മിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേകസംഘം (എസ്.ഐ.ടി) കണ്ണൂരില്‍ യോഗം ചേര്‍ന്നു. തുടര്‍ന്ന്, ദിവ്യയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിവിധിക്കു പിന്നാലെ ഇരിണാവിലെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും ദിവ്യയെ കണ്ടെത്താനായില്ല.
ദിവ്യ ഒളിവില്‍ക്കഴിഞ്ഞത് എരിപുരത്തെ ബന്ധുവീട്ടിലായിരുന്നെന്നാണു സൂചന. നവീന്‍ ബാബുവിന്റെ മരണശേഷം രണ്ടുദിവസം ദിവ്യ ഇരിണാവിലെ വീട്ടിലുണ്ടായിരുന്നു. തുടര്‍ന്നാണ് എരിപുരത്തെ ബന്ധുവീട്ടിലേക്കു മാറിയത്.