'എന്നും ഞങ്ങള്‍ക്കൊരു ബലമായിരുന്നു തഹസില്‍ദാര്‍ എന്ന നിലയില്‍ റാന്നിയില്‍ നവീന്റെ പ്രവര്‍ത്തനം; ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോര്‍ക്കുമ്പോള്‍' : നവീന്‍ ബാബുവിനെ അനുസ്മരിച്ച് ദിവ്യ എസ് അയ്യര്‍

നവീന്‍ ബാബുവിനെ അനുസ്മരിച്ച് ദിവ്യ എസ് അയ്യര്‍

Update: 2024-10-15 10:17 GMT

തിരുവനന്തപുരം: ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അനുസ്മരിച്ച് കുറിപ്പുമായി വിഴിഞ്ഞം സീപോര്‍ട്ട് എംഡി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്. പത്തനംതിട്ടയില്‍ തന്റെ കീഴില്‍ തഹസില്‍ദാറായി പ്രവര്‍ത്തിച്ചിരുന്നയാളാണ് നവീനെന്ന് ദിവ്യ പറഞ്ഞു. റാന്നിയില്‍ തഹസില്‍ദാര്‍ എന്ന നിലയിലുള്ള നവീനിന്റെ പ്രവര്‍ത്തനം എന്നും തങ്ങള്‍ക്കൊരു ബലമായിരുന്നുവെന്നും ഈ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്നും ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ താമസിക്കുന്ന സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കണ്ണൂരില്‍ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച അദ്ദേഹം ഇന്ന് ട്രെയിനില്‍ പോകേണ്ടതായിരുന്നു. സ്ഥലത്തെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ എഡിഎം നവീന്‍ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതില്‍ മനംനൊന്താണ് എംഡിഎം ജീവനൊടുക്കിയത്.

ദിവ്യ എസ് അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം

വിശ്വസിക്കാനാകുന്നില്ല നവീനേ!

പത്തനംതിട്ടയില്‍ എന്റെ തഹസില്‍ദാറായി റാന്നിയില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകര്‍ത്തിയ ഈ ചിത്രത്തില്‍ നിങ്ങള്‍ ആദരണീയനായ റവന്യു മന്ത്രി കെ. രാജന്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തില്‍ വലതുവശം എന്റെ പിറകെ ഇളംപച്ച ഷര്‍ട്ട് ഇട്ട് മാസ്‌ക് അണിഞ്ഞു നവീന്‍ നില്‍പ്പുണ്ട്. രണ്ടാം ചിത്രത്തിലും പിറകില്‍ പിങ്ക് ഷര്‍ട്ടും മാസ്‌കും അണിഞ്ഞ് നവീന്‍ നില്‍ക്കുമ്പോള്‍ റവന്യു മന്ത്രി വിസിറ്റേഴ്‌സ് നോട്ടില്‍ അഭിനന്ദനക്കുറിപ്പ് എഴുതുന്നു.

എന്നും ഞങ്ങള്‍ക്കൊരു ബലമായിരുന്നു തഹസില്‍ദാര്‍ എന്ന നിലയില്‍ റാന്നിയില്‍ നവീന്റെ പ്രവര്‍ത്തനം. ഏതു പാതിരാത്രിയും, ഏതു വിഷയത്തിലും കര്‍മനിരതനായി, ഈ ചിത്രങ്ങളില്‍ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീന്‍ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവര്‍ത്തകന്‍ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോര്‍ക്കുമ്പോള്‍..




അമ്മ മരണപ്പെട്ട തരുണത്തില്‍ ഞാന്‍ നവീന്റെ വീട്ടില്‍ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകനായിരുന്നു നവീന്‍ എന്ന് അന്നു ഞാന്‍ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. ദുഃഖം പേറാന്‍ ഞങ്ങളും ഒപ്പമുണ്ട്.

Tags:    

Similar News