ജമ്മു കാശ്മീരിനെ നടുക്കിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി; മരണസംഖ്യ ഉയര്‍ന്നേക്കും; കൊല്ലപ്പെട്ടത്, ഗാന്‍ദെര്‍ബാലില്‍ തുരങ്കനിര്‍മാണത്തിന് എത്തിയ ആറ് തൊഴിലാളികളും ഒരു ഡോക്ടറും; ഭീകരര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ

ജമ്മു കാശ്മീരിനെ നടുക്കിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

Update: 2024-10-21 00:51 GMT

ശ്രീനഗര്‍: ജമ്മു കാശ്മീരിനെ നടുക്കി ജമ്മു കാശ്മീരില്‍ ഗഗന്‍ഗിറിലെ ഗുന്ദ് മേഖലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി ഉര്‍ന്നു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ ഒരു ഡോക്ടറും ഉള്‍പ്പെടുന്നുണ്ട്. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലാണ് നിര്‍മാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. ആറ് തൊഴിലാളികളാണ് മരിച്ചത്.

ഗഗന്‍ഗിറില്‍ നിന്ന് പുറത്തുവരുന്ന മരണസംഖ്യ അന്തിമമല്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്സിലൂടെ അറിയിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്കും സ്വദേശികള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയതായി അദ്ദേഹം അറിയിച്ചു. ഗന്‍ഗിറിലെ ഗുന്ദ് മേഖലയിലെ തുരങ്കനിര്‍മാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. സ്വകാര്യ കമ്പനിക്കാണ് നിര്‍മാണ കരാര്‍. പ്രദേശം ഇപ്പോള്‍ പോലീസിന്റേയും സുരക്ഷാസേനയുടേയും നിരീക്ഷണത്തിലാണ്.

ജോലി കഴിഞ്ഞു തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാംപിലേക്കു തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. ഭീകരരെ കണ്ടെത്താന്‍ സുരക്ഷാസേന വ്യാപക തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷോപിയാനില്‍ ബിഹാറില്‍നിന്നുള്ള തൊഴിലാളിയെയും ഭീകരര്‍ വെടിവച്ചുകൊന്നിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, ലഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ തുടങ്ങിയവര്‍ ആക്രമണത്തെ അപലപിച്ചു. ഭീകരര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.

തൊഴിലാളികള്‍ക്കു നേരെ നടന്ന ആക്രമണത്തെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഭീരുത്വവും നീചവുമെന്നു വിശേഷിപ്പിച്ചു. തൊഴിലാളികള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബാഗംങ്ങളെ തന്റെ ദുഖം അറിയിക്കുന്നതായും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എക്‌സില്‍ കുറിച്ചു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ഥിക്കുന്നതായും നിതിന്‍ ഗഡ്കരി എക്‌സില്‍ കുറിച്ചു.

കാശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ സോനാമാര്‍ഗ്ഗിനെയും ഗഗാനീറിനെയും ബന്ധിപ്പിക്കുന്ന തുരങ്കത്തിന്റെ നിര്‍മ്മാണത്തിനാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ എത്തിയിരുന്നത്. കൊല്ലപ്പെട്ട ഡോക്ടര്‍ കാശ്മീരുകാരനാണ്. ഡോ. ഷാനവാസ് എന്നാണ് ഇയാളുടെ പേര്. ബുദ്ഗാം ജില്ലയില്‍ നിന്നുള്ളയാളാണ്. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണം നടന്നയുടനെ സംയുക്ത പോലീസ് സേനയും സിആര്‍പിഎഫും സൈന്യവും സ്ഥലത്തേക്ക് കുതിച്ചെത്തി. കാശ്മീര്‍ ഐജി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

അതേസമയം, ഡല്‍ഹി രോഹിണിയില്‍ സ്‌കൂളിലുണ്ടായ പൊട്ടിത്തെറിയില്‍ കേന്ദ്ര ഏജന്‍സികളുടെയും ദില്ലി പൊലീസിന്റെയും അന്വേഷണം തുടരുന്നു. ഇന്നലെ പൊട്ടിത്തെയുണ്ടായ സ്ഥലത്തുനിന്നും ശേഖരിച്ച സാമ്പിളിന്റെ പ്രാഥമിക പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. ഇതിലൂടെ ഏത് തരം സ്‌ഫോടക വസ്തുവാണ് ഉപയോഗിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ സ്ഥിരീകരിക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നത് തുടരുകയാണ്.

Tags:    

Similar News