മോഴ്‌സിലോസ്‌കോപ്പ് കാണാതായി എന്നത് ആരോഗ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകും; താനില്ലാതെ ആയാലും തനിക്ക് പ്രശ്‌നമില്ല, ഏതുരീതിയിലുള്ള അന്വേഷണത്തെയും ഭയക്കുന്നില്ല; വിവാദങ്ങളില്‍ ആരോഗ്യമന്ത്രിയോട് ക്ഷമ പറഞ്ഞു; ഓഫീസ് റൂമില്‍ ആര്‍ക്കു വേണമെങ്കിലും കയറാം; അന്വേഷണ സമിതിയെ അവിശ്വസിക്കുന്നില്ലെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍
മോഴ്‌സിലോസ്‌കോപ്പ് കാണാതായി എന്നത് ആരോഗ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകും
തിരുവനന്തപുരം: താനുമായി ബന്ധപ്പെട്ട വിഷയം സംഘടന ഏറ്റെടുത്തുവെന്നും ഉപകരണം തിരിച്ചറിയാതെ പോയതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണം കാണാതായ സംഭവത്തില്‍ അടക്കം അന്വേഷണം നടക്കട്ടെയെന്നും താന്‍ തുറന്ന പുസ്തകമാണെന്നും ഡോ. ഹാരിസ് പറഞ്ഞു. താനില്ലാതെ ആയാലും തനിക്ക് പ്രശ്‌നമില്ല. ഏതുരീതിയിലുള്ള അന്വേഷണത്തെയും ഭയക്കുന്നില്ല.
മോഴ്‌സിലോസ്‌കോപ്പ് കാണാതായി എന്നത് ആരോഗ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ മീഡിയ്ക്ക് മുന്നില്‍ വിവരങ്ങള്‍ പങ്കു വെയ്ക്കുന്നത് ചട്ടലംഘനം ആണെന്നും ഡോ.ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാരിന് സമ്മര്‍ദ്ദം ഉണ്ടാക്കിയെന്നും അദേഹം പറഞ്ഞു.
അന്വേഷണ സമിതിയെ അവിശ്വസിക്കുന്നില്ല. വിവാദങ്ങള്‍ ദു:ഖമുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി തന്നെ നേരില്‍ വന്ന് കണ്ട് സംസാരിച്ചിരുന്നു. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയോട് ക്ഷമപറഞ്ഞു. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെതിരായിരുന്നില്ല. ഉപകരണങ്ങളടക്കം ഇല്ലാത്ത വിഷയത്തില്‍ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് എത്താത്താണ് പ്രശ്‌നം. ഉദ്യോഗസ്ഥ തലത്തില്‍ ഫയല്‍ നീങ്ങാതെ കിടന്നു. സര്‍ക്കാര്‍ തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും വിവാദങ്ങള്‍ക്കൊന്നുമില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. തന്റെ റൂമില്‍ ഒരു രഹസ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൊഴ്‌സിലോസ്‌കോപ് കണ്ടെത്തി ഇനി അതില്‍ കൂടുതല്‍ അഭിപ്രായം ഇല്ല. ബില്ല്, ഡെലിവറി ചെല്ലാന്‍ ഇതിനെ കുറിച്ച് ഒന്നും അറിയില്ല. കുറച്ച് പേപ്പര്‍ കൈയ്യില്‍ കിട്ടും അത്രമാത്രം. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്ന് ഡോ.ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. മുറിയില്‍ ഒരാള്‍ കയറി എന്ന ആരോപണത്തിലും ഹാരിസ് മറുപടി പറഞ്ഞു. അതില്‍ ഒരു അസ്വാഭാവികതയുമില്ല. തന്റെ മുറിയില്‍ എല്ലാവര്‍ക്കും കയറാമെന്ന് അദേഹം പറഞ്ഞു.
മോഴ്‌സിലോസ്‌കോപ്പിന്റെ ഒരു ഭാഗം കാണാന്‍ ഇല്ല എന്നായിരുന്നു എന്നോട് ചോദിച്ചതെന്ന് ഡോ.ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ കുറ്റം പറയാന്‍ താല്പര്യമില്ല. ഉപകരണങ്ങള്‍ എത്തിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. തനിക്കെതിരെ ആരോപണമുണ്ടെങ്കില്‍ അന്വേഷിക്കട്ടെയെന്നും വിശ്വാസമുണ്ടെങ്കില്‍ സംരക്ഷിക്കട്ടെയെന്നും ഡോ.ഹാരിസ് പറഞ്ഞു. പരമാവധി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് ഡോ.ഹാരിസ് പറഞ്ഞു.
അതേസമയം ആരോപണങ്ങള്‍ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെ ഡോ. ഹാരിസിന് എതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ഉപകരണം കാണാതായതില്‍ കൂടുതല്‍ അന്വേഷണമുണ്ടാകില്ലെന്നും അസ്വാഭാവികമായ പെട്ടി കണ്ടതിലും സി.സി.ടി.വി ദൃശ്യത്തിലും അന്വേഷണമുണ്ടാകില്ലെന്നാണ് സൂചന. ആര്‍ക്കെതിരെയും നടപടിക്ക് ശിപാര്‍ശയില്ലാതെ ഡി.എം.ഇ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകില്ല എന്ന് കെ.ജി.എം.സി.ടി.എക്ക് ആരോഗ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചു. ആരോഗ്യമന്ത്രിയുമായി കെ.ജി.എം.സി.ടി.എ ചര്‍ച്ച നടത്തും. ഇതിനിടെ ഒരാഴ്ചത്തെ അവധിക്ക് ശേഷം ഡോ. ഹാരിസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിച്ചു. രണ്ടു ദിവസം കൂടി അവധി ഉള്ളപ്പോഴാണ് ഡോ. ഹാരിസ് ഇന്ന് ജോലിയില്‍ തിരികെ പ്രവേശിച്ചത്. ഏറ്റുമുട്ടലിനില്ലെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും ഡോ. ഹാരിസ് വാര്‍ത്താസമ്മേളനത്തിനിടെ സൂചന നല്‍കി.
അതിനിടെ, ഡോ. ഹാരിസ് ചിറക്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് വാര്‍ത്താസമ്മേളനത്തിനിടെ വന്നത് ഡി.എം.ഇയുടേതാണെന്ന് തെളിഞ്ഞു. കോള്‍ വന്നപ്പോള്‍ പ്രിന്‍സിപ്പലിന്റെ ഫോണില്‍ തെളിഞ്ഞ ചിത്രം ഡി.എം.ഇ ഡോ. വിശ്വനാഥന്റേതാണ്. ഇത് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്.