''എന്തോ കുഴപ്പമുണ്ട്, യുകെയില്‍'', പറയുന്നത് ലോകം കണ്ട ഏറ്റവും മികച്ച ഹൃദയാരോഗ്യ വിദഗ്ധരില്‍ ഒരാളായ ഡോ. ജോസ് പെരിയപ്പുറം; തന്നെ വിഷമിപ്പിക്കുന്നത് യുകെയിലെ കാത്തിരിപ്പ് സമയമെന്നു തുറന്നു പറച്ചില്‍; യുകെയില്‍ വിദഗ്ധ പരിശീലനം നേടിയ ഡോ. പെരിയപ്പുറം നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ജീവിതത്തിലേക്ക് വന്നത് പതിനായിരങ്ങള്‍

''എന്തോ കുഴപ്പമുണ്ട്, യുകെയില്‍': പറയുന്നത് ഡോ. ജോസ് പെരിയപ്പുറം

Update: 2025-04-04 09:27 GMT

ലണ്ടന്‍: ''യുകെയില്‍ എന്‍എച്ച്എസ് നിയന്ത്രിക്കുന്ന ആരോഗ്യ മേഖലക്ക് എന്തോ കുഴപ്പമുണ്ട്'' - പറയുന്നത് ലോകം അറിയപ്പെടുന്ന ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ. ജോസ് പെരിയപ്പുറം. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഭാഗമായി പദ്മ ഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ഡോ. പെരിയപ്പുറം ഹൃദയ ചികിത്സാ രംഗത്ത് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ പ്രമുഖ ഇന്ത്യന്‍ മാധ്യമം ദി ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് ആരോഗ്യ കാര്യത്തില്‍ കേരളത്തെയും യുകെയെയും പ്രത്യേകം പരാമര്‍ശിക്കാന്‍ കാരണമായത്.

കേരളത്തിലെ ആരോഗ്യ സംവിധാനം സംബന്ധിച്ച ചോദ്യം ഉയര്‍ന്നപ്പോഴാണ് നാലര പതിറ്റാണ്ട് മുന്‍പ് യുകെയിലെത്തി ഹൃദയ ചികിത്സാ രംഗത്തെ മാറ്റങ്ങള്‍ക്ക് മുന്‍പേ നടക്കാന്‍ വേണ്ടി കൂടുതല്‍ അറിവ് സമ്പാദിച്ച വിവരങ്ങളും അദ്ദേഹം പങ്കുവച്ചത്. ആരോഗ്യ രംഗത്ത് ലോകത്തിന് മാതൃക ആയി മാറിയ ഇംഗ്ലണ്ടില്‍ ഇപ്പോള്‍ ചെറിയ രോഗകാരണം കൊണ്ട് പോലും രോഗികള്‍ മരിക്കാന്‍ ഇടയാക്കുന്ന സാഹചര്യത്തെയാണ് ഡോ. പെരിയപ്പുറം വിമര്‍ശന ബുദ്ധിയോടെ കാണുന്നത്.

യുകെയിലെ ആരോഗ്യനില പരിതാപകരം തന്നെ

ഇതിനകം 20000ലേറെ ഹൃദയ ശസ്ത്രക്രിയ നടത്തിയ ഡോ. പെരിയപ്പുറം ഈ രംഗത്തെ ലോകത്തെ തന്നെ ഏറ്റവും വിലമതിക്കാനാകാത്ത ചികിത്സകന്‍ കൂടിയാണ്. യുകെയില്‍ നിന്നും നിരന്തരം ചികിത്സാ സംബന്ധിച്ച വിവരങ്ങള്‍ക്ക് പ്രസ്തസ്തരായ ഡോക്ടര്‍മാര്‍ പോലും സമീപിക്കുന്ന ഡോ. പെരിയപ്പുറം യുകെയിലെ ചികിത്സാ രീതികള്‍ പിഴവുള്ളതാണ് എന്ന് പറയുമ്പോള്‍ അതില്‍ സഗൗരവം ചിന്തിക്കേണ്ട കാര്യങ്ങളുണ്ട്.

പ്രത്യേകിച്ചും ജിപി ഡോക്ടര്‍മാരുടെ അപ്പോയ്ന്റ്മെന്റ് കിട്ടാന്‍ അടക്കമുള്ള കാലതാമസമാണ് ഡോ. ജോസ് പെരിയപ്പുറം വിമര്‍ശിക്കുന്നത്. മാത്രമല്ല ഹൃദയ ചികിത്സാ ആവശ്യമുണ്ടെന്നു കണ്ടെത്തിയ രോഗി ഒരു വര്‍ഷം വരെ ഒക്കെ കാത്തിരിക്കണം എന്ന സാഹചര്യം എങ്ങനെയാണ് ഒരു ഡോക്ടര്‍ എന്ന നിലയില്‍ ന്യായീകരിക്കാനാകുക.

ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ലഭിക്കുന്ന ചികിത്സാ സൗകര്യങ്ങളെ ഏറെ പ്രശംസിക്കേണ്ടതും. കേരളത്തില്‍ രോഗികള്‍ക്ക് ആവശ്യമായ സമയത്തു കൃത്യമായ ചികിത്സാ ലഭിക്കുന്നതില്‍ യുകെയിലേക്കാള്‍ ഏറെ മുന്നിലാണ് എന്ന് പറയേണ്ടി വരും എന്ന് ഡോക്ടര്‍ പെരിയപ്പുറം പറയുമ്പോള്‍ ആയിരകണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് സംവിധാനത്തിന്റെ പോരായ്മകള്‍ ഒരു കാലത്ത് എന്‍എച്ച്എസിന്റെ ഭാഗമായിരുന്ന മുതിര്‍ന്ന ഭിഷ്വഗരനില്‍ നിന്നും കേള്‍ക്കേണ്ടി വരുന്നതും കൗതുകകരമാണ്.

കാഷ്വാലിറ്റി കൈകാര്യം ചെയ്യാന്‍ പോലും ഡോക്ടര്‍മാരില്ല എന്ന വിവരം കേള്‍ക്കുമ്പോള്‍ സഹതപിക്കുവാന്‍ തന്നെയാണ് തോന്നുന്നത് എന്നും പെരിയപ്പുറം ഡോക്ടര്‍ - രോഗികള്‍ ഇഷ്ടത്തോടെ വിളിക്കുന്ന പേര് - ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ എവിടെ ചെന്നാലും യൂണിഫോമിറ്റി ഉള്ള ചികിത്സയാണു രോഗികള്‍ക്ക് ലഭിക്കുന്നത്. എത്തിക്സിന് ഏറ്റവും മാന്യതയുള്ള സ്ഥലം കൂടിയാണ് കേരളം. ഏതു രോഗിക്കും അരമണിക്കൂര്‍ ദൂരത്തില്‍ ഒരു ഹൃദയാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചേരാനാകും എന്നതും വലിയ നേട്ടം തന്നെയാണ്.

ഇംഗ്ലണ്ടില്‍ വിദഗ്ധ പരിശീലനത്തിന് എത്തിയ ഡോ. പെരിയപ്പുറത്തിന്റെ പ്രധാന ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഹൃദയ ശസ്ത്രക്രിയയില്‍ തന്റെ കയ്യൊപ്പ് വേണമെന്നത്. എന്നാല്‍ അദ്ദേഹം ഇംഗ്ലണ്ടില്‍ പരിശീലനം പൂര്‍ത്തിയാക്കുമ്പോഴേക്കും ഡല്‍ഹി എയിംസില്‍ ഈ നേട്ടം ഡോക്ടര്‍മാര്‍ സാധ്യമാക്കിയിരുന്നു. എങ്കില്‍ ഇന്ത്യയുടെ സ്ഥാനത്തു കേരളം ആകട്ടെ എന്ന ചിന്തയിലാണ് അദ്ദേഹം എണ്‍പതുകളുടെ മധ്യത്തില്‍ കേരളത്തിലേക്ക് മടങ്ങി എത്തുന്നത്.

അദ്ദേഹത്തിന്റെ ആഗ്രഹം പോലെ തന്നെ കേരളത്തിലെ ആദ്യ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ഒക്കെ ഡോക്ടര്‍ പെരിയാപുറത്തിന്റെ പേരില്‍ തന്നെയാണ്. ഒരര്‍ത്ഥത്തില്‍ ഇംഗ്ലണ്ടില്‍ നിന്നും പെരിയപ്പുറം ഡോക്ടര്‍ മടങ്ങാന്‍ തീരുമാനിച്ചതിലൂടെയാണ് കേരളത്തില്‍ ഇപ്പോള്‍ പതിനായിരങ്ങള്‍ക്ക് പുതു ജീവന്‍ സ്വന്തമായത് എന്നും പറയാനാകും. കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്റെ ഗുരു തുല്യനായ ഡോ. ചന്ദ്ര മോഹനൊപ്പം ജോലി ചെയ്യുമ്പോഴാണ് മനസിലെ ആഗ്രഹങ്ങള്‍ പങ്കുവച്ചതും ഇംഗ്ലണ്ടില്‍ പോയി പരിശീലനം നേടാന്‍ അദ്ദേഹം ഉപദേശിച്ചതും. പരിശീലന ശേഷം നാട്ടിലേക്ക് മടങ്ങി വരണം എന്നാവശ്യപ്പെട്ടതും ഡോ. ചന്ദ്ര മോഹന്‍ തന്നെ ആയിരുന്നു എന്നും ഡോക്ടര്‍ പെരിയപ്പുറം സ്നേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തി സാക്ഷ്യപ്പെടുത്തുന്നു.

വാക്‌സിനല്ല വില്ലന്‍, കോവിഡാണ് പ്രശ്നം

വാക്സിന്‍ എടുത്തതിനെ തുടര്‍ന്ന് ആളുകള്‍ കുഴഞ്ഞു വീണു മരിക്കുന്നു എന്ന ആരോപണത്തെ നഖശിഖാന്തം ഖണ്ഡിക്കുകയാണ് ഡോ. പെരിയപ്പറം. ലോകത്തെ ഭൂരിഭാഗം ആളുകള്‍ക്കും കോവിഡ് ബാധിച്ചു എന്ന സത്യത്തില്‍ നിന്നും കൊണ്ടുവേണം നമ്മള്‍ ഈ വിഷയത്തെ കാണാന്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ വാക്സിന്‍ കിട്ടിയവര്‍ക്കൊക്കെയല്ല പ്രശ്നം ഉണ്ടാകുന്നത് മറിച്ചു കോവിഡ് ബാധിച്ചവര്‍ക്കാണ് പോസ്റ്റ് കോവിഡ് സിന്‍ഡ്രോം എന്ന നിലയില്‍ പൊടുന്നനെ കുഴഞ്ഞു വീണുള്ള മരണവും മറ്റും സംഭവിക്കുന്നത്.

ഇത്തരം സാഹചര്യങ്ങള്‍ ലോകത്തെ വിദഗ്ധരായ ആരോഗ്യപ്രവര്‍ത്തകര്‍ അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഇപ്പോള്‍ സൗകര്യപൂര്‍വം എല്ലാവരും അത് മറക്കുകയാണ്. പകരം വാക്സിനെ വില്ലനാക്കി മാറ്റാന്‍ ശ്രമിക്കുന്നു. വാക്സിനേക്കാള്‍ അപകടകാരി കോവിഡ് തന്നെയാണ് എന്ന ലളിതമായ കാര്യം അംഗീകരിക്കാന്‍ നാം തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെടുകയുമാണ്. വാക്സിന്‍ എടുക്കാത്തവര്‍ക്കും കോവിഡിന് ശേഷം പൊടുന്നനെയുള്ള മരണം സംഭവിക്കുന്നുണ്ട്. ഇതേക്കുറിച്ചു ലോകത്തു പലയിടത്തും പഠനങ്ങള്‍ നടക്കുകയാണ്. അതിനാല്‍ എടുത്തുചാടി നിഗമനത്തില്‍ എത്തുന്നതില്‍ മറ്റു ചില അജണ്ടകള്‍ ഉണ്ടെന്നു സംശയിക്കേണ്ടി വരും.

ആയുര്‍വേദത്തെ തള്ളിപറയാനാകില്ല, അതിനു പരിമിതികളുമുണ്ട്

തന്റെ മുത്തച്ഛന്‍ ഒരു ആയുര്‍വേദ ചികിത്സകന്‍ ആയിരുന്നു എന്ന് തുറന്നു പറയുന്ന ഡോ. പെരിയപ്പുറം തങ്ങളുടെ വീട്ടില്‍ താളിയോലകള്‍ പഠന ഗ്രന്ഥമായി ഉണ്ടായിരുന്നതായും വെളിപ്പെടുത്തുന്നു. പൂര്‍ണമായും തള്ളിപ്പറയാന്‍ പറ്റും വിധം പാളിച്ചകള്‍ ഉള്ളതല്ല ആയുര്‍വേദം എന്ന് പറയുമ്പോള്‍ തന്നെ എന്തിനും അത് പ്രതിവിധിയല്ല എന്നും അദ്ദേഹം തുറന്നു പറയുന്നു. ഹൃദയം മാറ്റിവയ്ക്കുന്നതിലോ വാല്‍വ് തകരാറിലോ ഒന്നും ആയുര്‍വേദത്തിന് ഒന്നും ചെയ്യാനായില്ല.

അതൊരു ജീവിത ശൈലി ക്രമപ്പെടുത്തുന്ന ചികത്സ രീതിയാണ്. വാതം പോലെ ക്രോണിക് ആയ പല രോഗങ്ങള്‍ക്കും ആയുര്‍വേദം ഏറ്റവും മികച്ച ചികിത്സാ രീതി തന്നെയാണ്. ലൈഫ് സ്റ്റൈല്‍ മാറ്റിയെടുക്കാന്‍ വേണ്ടിയുള്ള ചികിത്സാ ആവശ്യമാണ് എങ്കില്‍ ആയുര്‍വേദത്തിനു വലിയ റോള്‍ നിര്‍വ്വഹിക്കാനുണ്ട്. എന്നാല്‍ ട്രോമാ എമര്‍ജന്‍സികളില്‍ അത് നിസ്സഹായമായി മാറുകയും ചെയ്യുകയാണ്.

ഹൃദയത്തിനും വിശ്രമം വേണം, ഹാര്‍ട്ട് റേറ്റ് കുറയ്ക്കണം

നമ്മളെല്ലാവരും ഹൃദയമിടിപ്പ് നമ്മുടെ കണ്‍ട്രോളില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണം എന്നാണ് ഡോക്ടര്‍ക്ക് ഉപദേശിക്കാനുള്ളത്. ഏറ്റവും കുറവ് ഹൃദയമിടിപ്പുള്ളവര്‍ ഏറ്റവും കൂടുതല്‍ കാലം ജീവിക്കാന്‍ ഇടയുണ്ട് എന്നാണ് അദ്ദേഹം കളിയായും കാര്യമായും പറഞ്ഞത്. വ്യായാമവും മറ്റും ചെയ്യുമ്പോള്‍ പൊടുന്നെനെ ഹൃദയത്തിനു ജോലി കൂടുകയാണ്. ലെസ് എനര്‍ജി ടൂ മോര്‍ വര്‍ക്ക് എന്ന തത്വം ഫോളോ ചെയ്യുന്നവര്‍ക്ക് ഹൃദയാരോഗ്യത്തിലും കൂടുതല്‍ ശ്രദ്ധ വേണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഒരിക്കലും പരിശീലനം ലഭിക്കാത്ത ഒരാള്‍ പൊടുന്നനെ മാരത്തണ്‍ ഓടാന്‍ ഇറങ്ങിയാല്‍ ഹൃദയമിടിപ്പ് നിരക്ക് മിനിറ്റില്‍ 200 വരെ ഉയരാന്‍ സാധ്യതതയുണ്ട്.

സാവധാനം റെഗുലര്‍ ആയി വര്‍ക്ക് ഔട്ട് ചെയ്യുന്നവര്‍ക്ക് ഈസി ആയി ഹൃദയത്തെ മെരുക്കാനാകും. കുറഞ്ഞ അധ്വാനത്തില്‍ കൂടുതല്‍ റിസള്‍ട്ട് എടുക്കുക എന്നതാണ് ഇതിനു വൈദ്യശാസ്ത്രപരമായി വിശേഷിപ്പിക്കുക. ജോലി സംബന്ധമായി എല്ലാവരും സ്ട്രെസ് അനുഭവിക്കുന്നതിനാല്‍ എല്ലാവര്‍ക്കും മെന്റല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് ആവശ്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നും ഡോ. പെരിയപ്പുറം ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ വര്‍ക് - ലൈഫ് ബാലന്‍സിംഗിന്റെ ആവശ്യകത കൂടുകയാണ് ഇപ്പോള്‍. ഡോക്ടര്‍മാര്‍ ആയാലും മറ്റു പ്രൊഫഷണലില്‍ ഉള്ളവര്‍ ആയാലും ജോലിക്ക് പുറമെ മറ്റു കാര്യങ്ങളില്‍ കൂടി സമയം ചിലവിടാന്‍ തയ്യാറായാല്‍ മാത്രമേ സ്ട്രെസില്‍ നിന്നും അതുവഴി ഉണ്ടാകുന്ന രോഗങ്ങളില്‍ നിന്നും വിമുക്തി നേടുവാന്‍ കഴിയൂ.

ജിമ്മിലും അപകടം എത്താം എപ്പോള്‍ വേണമെങ്കിലും

ജിമ്മിലും മറ്റും കഠിനമായി വര്‍ക്ക് ഔട്ട് ചെയ്തു ശരീരഭാരവും സൗന്ദര്യവും നിലനിര്‍ത്താന്‍ ശ്രമികുന്ന ചെറുപ്പക്കാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം അടുത്താണ് എന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഡോക്ടര്‍ പെരിയപ്പുറം. ചെറുപ്പക്കാര്‍ കഠിനമായി ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ ഹൃദയത്തിന്റെ പേശികള്‍ കൂടുതല്‍ ദൃഢമാകുകയാണ്. ഇതിനെ ഹൈപര്‍ട്രോഫി എന്നാണ് വൈദ്യശാസ്ത്രത്തില്‍ പറയുക. ഇത് ഹൃദയം കൂടുതല്‍ വികാസം തേടുന്ന അവസ്ഥയാണ്. സാധാരണയായി ഒരാളുടെ ഹൃദയത്തില്‍ ഒരു മിനിറ്റില്‍ 500 മില്ലിഗ്രാം രക്തമാണ് പമ്പു ചെയ്യുന്നത് സാധാരണ നിലയില്‍ ഒരാളുടെ ശരീരത്തില്‍ അഞ്ചു ലിറ്റര്‍ രക്തം ഉണ്ടെന്നാണ് പറയപ്പെടുന്നത്

ഇതില്‍ പത്തു ശതമാനം രക്തമാണ് സാധാരണ സാഹചര്യത്തില്‍ പോലും ഹൃദയത്തിലേക്ക് എത്തുന്നത്. എന്നാല്‍, ഇത് ജിമ്മിലും മറ്റും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നവരുടെ കാര്യത്തില്‍ ആകുമ്പോള്‍ ഏറെ കൂടുതല്‍ ബ്ലഡ് പമ്പു ചെയ്യും. ഇത് രണ്ടു ലിറ്റര്‍ ആയി പൊടുന്നെനെ ഉയരും. ഹൈപര്‍ടോഫി ഉള്ളവരുടെ കാര്യത്തില്‍ കൂടുതല്‍ രക്തം ഹൃദയത്തിന് ആവശ്യം ഉണ്ടാകുമെങ്കിലും അത് കിട്ടാറില്ല. ഇങ്ങനെയാണ് പൊടുന്നനെ കുഴഞ്ഞു വീണു ആളുകള്‍ മരിക്കാന്‍ ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. ഹൃദയത്തിന് ആവശ്യമായ രക്തം കിട്ടാതെ വരുമ്പോഴാണ് ആളുകള്‍ കുഴഞ്ഞു വീണു മരിക്കുന്ന സാഹചര്യം ഉണ്ടാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News