ലോകത്തിന്റെ വിവിധ കോണുകളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ആശങ്കാജനകം; മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് സുഡാനില്‍ നിന്ന് വരുന്നത്; കോപ്റ്റിക് വിഭാഗം ക്രൈസ്തവര്‍ ഏറെ പീഡനം സഹിക്കുന്നു; വരുന്ന ഞായറാഴ്ച കലാപബാധിത പ്രദേശങ്ങളെ ഓര്‍ത്തു പ്രാര്‍ത്ഥിക്കണമെന്ന് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ ആഹ്വാനം
ലോകത്തിന്റെ വിവിധ കോണുകളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ആശങ്കാജനകം
തിരുവല്ല: സുഡാനിലും നൈജീരിയയിലും മ്യാന്‍മറിലും ലാറ്റിന്‍ അമേരിക്കയിലെ ചില രാജ്യങ്ങളിലും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന കൂട്ടക്കൊലയും ലൈംഗിക അതിക്രമങ്ങളും ആശങ്കാജനകമാണെന്ന് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ പറഞ്ഞു. ആഭ്യന്തര കലാപങ്ങള്‍ പലപ്പോഴും വംശീയ വേര്‍തിരിവുകള്‍ക്കും അതിലൂടെ വംശഹത്യകളിലേക്കും നയിക്കുന്നു. സ്വന്തം ദേശത്തു തന്നെ അപരരായിത്തീരുന്ന പൗരന്മാരുടെ സ്ഥിതി ഏറെ ഭീതിജനകമാണ്. ഇത്തരം കലാപങ്ങള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ പോലെയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ ഇടപെടല്‍ അനിവാര്യമാണ്.
മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് സുഡാനില്‍ നിന്ന് ദിനംപ്രതി കേള്‍ക്കുന്നത്. സായുധ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്നു. മനുഷ്യരെ തെരുവില്‍ തരംതിരിച്ചു നിര്‍ത്തി വെടിവെച്ചു കൊല്ലുന്നു. സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാക്കുന്നു. ജനങ്ങളുടെ കൂട്ടപലായനത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍, പ്രത്യേകിച്ചും കോപ്റ്റിക് വിഭാഗം ക്രൈസ്തവര്‍ ഏറെ പീഡനം സഹിക്കുന്നു.
പട്ടിണിയും കൂട്ടക്കൊലകളും ലൈംഗികാതിക്രമങ്ങളും ഉള്‍പ്പെടെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യം തീവ്രമായ ഭക്ഷ്യ ക്ഷാമത്തിലേക്കു കടന്നിരിക്കുന്നു. ഭക്ഷണം ലഭ്യമാകാതെ മരിച്ചുവീഴുന്നവരുടെ എണ്ണം ഏറിവരുന്നു. പ്രധാനമായും കുഞ്ഞുങ്ങളാണ് ഇതിന്റെ ഇരകള്‍.
യുക്രൈന്‍-റഷ്യ, ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധങ്ങളോടൊപ്പം ആഭ്യന്തര കലഹങ്ങളും വര്‍ദ്ധിച്ചു വരുമ്പോള്‍ മനുഷ്യകുലം ദുരന്തങ്ങളില്‍ നിന്നും ദുരന്തങ്ങളിലേക്കു വഴുതി വീഴുന്നു. ഈ സാഹചര്യങ്ങളില്‍ ആഗോള സമൂഹങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നതോടൊപ്പം കലാപങ്ങളുടെ ഇരയായ എല്ലാവരെയും ഓര്‍ത്തു നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. മാര്‍ത്തോമ്മാ സഭയുടെ എല്ലാ പള്ളികളിലും വരുന്ന ഞായറാഴ്ച കലാപബാധിത പ്രദേശങ്ങളെ ഓര്‍ത്തു പ്രാര്‍ത്ഥിക്കണമെന്നും മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.