ഗ്ലാസും ബമ്പറും ബോണറ്റും ഹെഡ് ലൈറ്റും മാറ്റിയ രൂപമാറ്റം; മാര്‍ച്ചില്‍ മതിലിലിടിച്ചു കേടുപാടുണ്ടായെന്ന നിലയിലാണ് ക്‌ളെയിം കൊടുത്തു; ഈ വാഹനം അപകട സമയത്തോട് അടുപ്പിച്ച് വടകര-തലശേരി റോഡിലൂടെ സഞ്ചരിച്ചെന്ന സിസിടിവി ദൃശ്യം തുമ്പായി; കൊലക്കേസിനെ വെല്ലും അന്വേഷണം; ദൃഷാനയെ കോമയിലാക്കിയ വില്ലന്‍ കുടുങ്ങിയ കഥ
വടകര: ഒമ്പതു വയസുകാരിയെ ഇടിച്ചിട്ട കാര്‍ ഒമ്പതര മാസത്തിനുശേഷം പൊലീസ് കണ്ടെത്തുന്നത് കൊലക്കേസിനെ പോലും വെല്ലും അന്വേഷണത്തിലൂടെ. പുറമേരി മീത്തലേ പുനത്തില്‍ ഷജീല്‍ ഓടിച്ച കെ.എല്‍. 18 ആര്‍ 1846 വെള്ള സ്വിഫ്റ്റ് കാറാണ് അപകടം വരുത്തിയത്. കാര്‍ കസ്റ്റഡിയിലെടുത്തു. യു.എ.ഇയിലേക്ക് കടന്ന ഷജീലിനെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
വെള്ള മാരുതി സ്വിഫ്ട് കാറാണെന്നും വടകരയിലെ രജിസ്‌ട്രേഷനായ കെ.എല്‍.18 ആണെന്നും ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ നല്‍കിയ സൂചന മാത്രമായിരുന്നു പിടിവള്ളി. അപകടം നടന്നശേഷം കാര്‍ ഭാര്യവീട്ടില്‍ കൊണ്ടിട്ടിരിക്കുകയായിരുന്നു. കാര്‍ നന്നാക്കാന്‍ ഇന്‍ഷ്വറന്‍സ് ക്‌ളെയിം ചെയ്തിരുന്നു. അതിലാണ് പ്രതിയും വാഹനവും കുടുങ്ങിയത്. ഫെബ്രുവരി 17നായിരുന്നു അപകടം. മാര്‍ച്ചില്‍ മതിലിലിടിച്ചു കേടുപാടുണ്ടായെന്ന നിലയിലാണ് ക്‌ളെയിം കൊടുത്തത്. ഫെബ്രുവരി 17ന് ശേഷമുള്ള ഇന്‍ഷ്വറന്‍സ് ക്‌ളെയിമുകള്‍ പരിശോധിച്ചതാണ് നിര്‍ണ്ണായകമായത്. ഇതില്‍ നിന്നും ഈ വാഹനം അപകട സമയത്തോട് അടുപ്പിച്ച് വടകര-തലശേരി റോഡിലൂടെ സഞ്ചരിച്ചെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടെത്തി. അങ്ങനെ പിടിവീണു. തെളിവ് നശിപ്പിക്കാന്‍ വണ്ടിയുടെ പുറത്തുള്ള അടയാളങ്ങള്‍ വരെ മാറ്റി. അപകടമുണ്ടായത് ഡ്രൈവറുടെ ശ്രദ്ധ മാറിയപ്പോഴായിരുന്നുവെന്നും വ്യക്തമായി.
ഷജീല്‍ കുടുംബവുമായി സഞ്ചരിക്കവേയാണ് കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകള്‍ ദൃഷാനയെയും അമ്മൂമ്മ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബിയെയും ഇടിച്ചിട്ടത്. വടകരയ്ക്ക് സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പില്‍ രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം. ബന്ധുവീട്ടിലേക്ക് പോകാനായി ബസിറങ്ങി റോഡ് മുറിച്ചുകടക്കവേയാണ് ഇടിച്ചുതെറിപ്പിച്ചത്. ബേബി (62) മരിച്ചു. കുട്ടി ഇപ്പോഴും കോമയിലാണ്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘമാണ് അന്വേഷിച്ചത്. മുണ്ടയാട് എല്‍പി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ദൃഷാനയ്ക്ക് ഗുരുതര പരുക്കേറ്റു. ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോമയില്‍ കഴിയുകയാണ് ദൃഷാന.
കേസ് അന്വേഷണത്തിന്റെ ഭാഗമായി 19,000 വാഹനങ്ങളാണ് പൊലീസ് പരിശോധിച്ചത്. 50,000 ഫോണ്‍കോളുകളും പരിശോധിച്ചു. അഞ്ഞൂറിലധികം വര്‍ക് ഷോപ്പുകളിലും അന്വേഷണസംഘം കയറിയിറങ്ങി. 40 കിലോമീറ്റര്‍ പരിധിയിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ദൃഷാനയെ ഇടിച്ചിട്ട ശേഷം ഊടുവഴിയിലൂടെയാണ് കാറുമായി ഷജീല്‍ രക്ഷപ്പെട്ടത്. അപകടത്തിനു ശേഷം പ്രതി വാഹനത്തിന് രൂപമാറ്റവും വരുത്തി. ഷജീല്‍ തെളിവ് നശിപ്പിക്കാന്‍ കാറില്‍ നടത്തിയത് വലിയ അറ്റകുറ്റപണികളാണ്. ഗ്ലാസ്, ബമ്പര്‍, ബോണറ്റ്, ഹെഡ് ലൈറ്റ് തുടങ്ങിയവ മാറ്റി. ഇവ വാങ്ങിയ കടയും ബില്ലും കണ്ടെത്തിയത് അന്വേഷണത്തില്‍ നിര്‍ണ്ണായകമായതായി അന്വേഷണ സംഘം വ്യക്തമാക്കി.
അപകടത്തില്‍ ബോണറ്റിനും ഡ്രൈവര്‍ സൈഡിലെ എ പില്ലറിനും, മെയിന്‍ ഗ്ലാസിനുമൊക്കെ ഡാമേജ് ഉണ്ടായിരുന്നു. ഇന്‍ഷുറന്‍സിനായി എടുത്ത ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹൈവേയുടെ പണി നടക്കുന്നതിനാല്‍ ക്യാമറകള്‍ പലതും നീക്കം ചെയ്തിരുന്നു. അതിനാലാണ് പ്രതിയെ തിരിച്ചറിയാന്‍ താമസമെടുത്തത്. ഇടറോഡുകളും, വര്‍ക്ക് ഷോപ്പുകളുമടക്കം പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. ഒരു കൊലക്കേസ് അന്വേഷിക്കുന്ന അതേ ഗൗരവത്തിലാണ് ഈ കേസ് അന്വേഷിച്ചതെന്നും ബെന്നി പറഞ്ഞു. ഷജീലുമായി ഫോണില്‍ പോലീസ് സംസാരിച്ചിരുന്നു. പ്രതി ആദ്യം കുറ്റം സമ്മതിച്ചില്ലെന്നും വീട്ടുകാരാണ് അപകടം നടന്നതായി സമ്മതിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അപകടം നടന്ന് മാസങ്ങള്‍ക്ക് ശേഷം ഇന്‍ഷുറന്‍സ് തുകയുമായി ബന്ധപ്പെട്ട ഷജീല്‍ സമീപിച്ചപ്പോഴാണ് പൊലീസിന് സംശയം തോന്നിയത്. മതിലില്‍ ഇടിച്ചു എന്ന കാരണം പറഞ്ഞാണ് ഇയാള്‍ ക്ലെയിമിനായി സമീപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷജിലിനെ പൊലീസിന് കണ്ടെത്താനായത്.