ബജറ്റില്‍ പ്രഖ്യാപനമില്ലെങ്കിലും അതിവേഗ റെയില്‍ പദ്ധതിയില്‍ പ്രതീക്ഷ വിടാതെ ഇ ശ്രീധരന്‍; പൊന്നാനിയില്‍ ഓഫീസ് നാളെ തന്നെ തുറക്കും; കേന്ദ്ര അനുമതി കിട്ടുമെന്നും മെട്രോമാന്‍; കെ റെയില്‍ വേണ്ടെന്ന് കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കാത്തതാണ് തിരിച്ചടിയായതെന്ന് കുറ്റപ്പെടുത്തലും

ബജറ്റില്‍ പ്രഖ്യാപനമില്ലെങ്കിലും അതിവേഗ റെയില്‍ പദ്ധതിയില്‍ പ്രതീക്ഷ വിടാതെ ഇ ശ്രീധരന്‍

Update: 2026-02-01 08:20 GMT

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ അതിവേഗ റെയില്‍ പദ്ധതിയെ കുറിച്ച് പ്രഖ്യാപനങ്ങള്‍ ഇല്ലെങ്കിലും പ്രതീക്ഷ കൈവിടാതെ മെട്രോമാന്‍ ഇ ശ്രീധരന്‍. കേരളത്തിനായുള്ള അതിവേഗ റെയില്‍ പദ്ധതിയില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. കേന്ദ്ര ബജറ്റില്‍ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമുണ്ടാകില്ലെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് നാളെ പൊന്നാനിയില്‍ ഓഫീസ് തുറക്കുന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കേന്ദ്ര അനുമതി കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതി വൈകുന്നതിന് പ്രധാന കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് ഇ ശ്രീധരന്‍ കുറ്റപ്പെടുത്തിയിരുന്നു. കെ റെയില്‍ വേണ്ടെന്ന് ഔദ്യോഗികമായി കേന്ദ്രത്തെ അറിയിക്കാത്തതാണ് വലിയ തിരിച്ചടിയായത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇതിനായി കേന്ദ്രത്തിന് കത്തയച്ചിട്ടില്ല. സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് വെക്കുന്ന ആര്‍ആര്‍ടിഎസ് പദ്ധതി വെറുമൊരു 'തിരഞ്ഞെടുപ്പ് സ്റ്റണ്ട്' മാത്രമാണ്. ഇത് മണ്ടന്‍ തീരുമാനമാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

നേരത്തെ കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമ മാത്രം എന്നാണ് ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചത്. ബജറ്റില്‍ കേരളത്തിന് ഹൈ സ്പീഡ് റെയിലുമില്ല, ഒന്നുമില്ല എന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ധനകാര്യ കമ്മീഷനെ അസ്ഥിരപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണെന്നും കേരളത്തിന്റെ ഒരു ആവശ്യത്തിന് പോലും പരിഗണന ലഭിക്കാത്ത ബജറ്റാണിതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കണ്ണില്‍ പൊടി ഇടാന്‍ എന്തെങ്കിലും തരാമെന്ന് പറഞ്ഞു എന്നിട്ട് അതും ഉണ്ടായില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇ ശ്രീധരനെയും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. ശ്രീധരന്‍ ഒരു സ്വകാര്യ വ്യക്തി മാത്രമാണെന്നും അതിവേഗ റെയിലിന് അനുമതി നല്‍കേണ്ടത് കേന്ദ്ര റെയില്‍വേ മന്ത്രാലയമാണെന്നുമാണ് ബ്രിട്ടാസ് പറഞ്ഞത്.

'22 എയിംസ് പ്രഖ്യാപിച്ചുകഴിഞ്ഞു. രണ്ട് എയിംസ് ഉളള സംസ്ഥാനമുണ്ട്. ആയുര്‍വേദ എയിംസ് പ്രഖ്യാപിച്ചു. അതിലും കേരളമില്ല. ഉള്‍നാടന്‍ ജലഗതാഗതമുളള കേരളത്തിന് പരിഗണനയില്ല. പട്നയ്ക്കും വാരാണസിക്കുമാണ് നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ഒരു ആവശ്യത്തിന് പോലും പരിഗണന ലഭിക്കാത്ത ബജറ്റായിരുന്നു. കേരളം ആമയെപ്പോലെ ആകണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനെ സാധൂകരിക്കുന്ന ബജറ്റാണിത്': ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

നേരത്തെ കെ റെയിലിന് പകരം ബദല്‍ പാതയ്ക്കായി ഒന്നിച്ചുനിന്ന സര്‍ക്കാരും ശ്രീധരനും ഇപ്പോള്‍ നേര്‍ക്കുനേര്‍ പോരിലാണ്. ശ്രീധരനെ സ്‌പെഷ്യല്‍ ഓഫീസറായി കേന്ദ്രം നിയമിച്ചിട്ടില്ലെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചപ്പോള്‍, ശ്രീധരന്‍ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയല്ലേ എന്നായിരുന്നു എംവി ഗോവിന്ദന്റെ പരിഹാസം. ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശം കേന്ദ്ര റെയില്‍വേ മന്ത്രി അറിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് മെട്രോമാനെ പ്രകോപിപ്പിച്ചത്. പൊന്നാനിയില്‍ തുടങ്ങുന്ന ഓഫീസിലൂടെ പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ അഭിപ്രായം നേരിട്ട് കേള്‍ക്കാനാണ് ശ്രീധരന്റെ നീക്കം.

സില്‍വര്‍ ലൈനിന് പകരം ശ്രീധരന്‍ നിര്‍ദേശിച്ച ബദല്‍ പാതക്ക് സാധ്യത കല്‍പിച്ച് കെ.വി തോമസിനെ മധ്യസ്ഥനാക്കി മാസങ്ങളോളം ഒന്നിച്ച് നീങ്ങിയ ശേഷമാണ് ഇപ്പോള്‍ ഇരുകൂട്ടരും ഏറ്റുമുട്ടുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍പാത (ആര്‍.ആര്‍.ടി.എസ്)മണ്ടന്‍ തീരുമാനമാണെന്നും സര്‍ക്കാര്‍ മാതൃകയാക്കുന്ന ഡല്‍ഹി ആര്‍.ആര്‍.ടി.എസ് സബര്‍ബന്‍ സര്‍വിസാണെന്നും അത് ഒരിക്കലും ഹൈസ്പീഡാക്കാന്‍ പറ്റില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ശ്രീധരന്‍.

അതേസമയം ശ്രീധരന്‍ നിര്‍ദേശിച്ച പദ്ധതിയുമായി കേന്ദ്രത്തെ സമീപിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്നതാണ് ബദല്‍ നീക്കത്തിന് കാരണമായി സര്‍ക്കാര്‍ വിശദീകരണം. ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ പാതയും സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത ആര്‍.ആര്‍.ടി.എസ് പദ്ധതിയും തമ്മില്‍ വേഗത, സ്റ്റേഷനുകളുടെ എണ്ണം, ഭരണപരമായ നിയന്ത്രണം എന്നിവയില്‍ വലിയ വ്യത്യാസങ്ങളുണ്ട്. പരിസ്ഥിതി ആഘാതം ലഘൂകരിക്കുന്നതിന് രണ്ട് പദ്ധതികളും എലിവേറ്റഡ് പാതകളാണ് നിര്‍ദേശിക്കുന്നത്

സില്‍വര്‍ലൈനില്‍ നിന്ന് വ്യത്യസ്തമായി, ജനകീയ പ്രതിഷേധം കുറക്കാനും പരിസ്ഥിതി ആഘാതം ലഘൂകരിക്കാനുമായി ഏകദേശം 70-75 ശതമാനത്തോളം പാത തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും, 20 ശതമാനത്തോളം ഭൂഗര്‍ഭ പാതയായും നിര്‍മിക്കാനാണ് ഇ.ശ്രീധരന്റെ നിര്‍ദേശം. കേരളത്തിലെ പ്രധാന നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്നു എന്നത് പദ്ധതിയുടെ മറ്റൊരു വശം. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗത. എന്നാല്‍ സ്റ്റേഷനുകളില്‍ വേഗം വര്‍ധിപ്പിക്കുന്നതിനും കുറക്കുന്നതിനും എടുക്കുന്ന സമയം കണക്കിലെടുക്കുമ്പോള്‍ ശരാശരി വേഗത മണിക്കൂറില്‍ 135 കി.മീറ്ററായിരിക്കും. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള 430 കി.മീറ്റര്‍ ദൂരം മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് പിന്നിടാന്‍ സാധിക്കുമെന്നാണ് അവകാശവാദം. 86,000 കോടി മുതല്‍ ലക്ഷം കോടി വരെയാണ് നിര്‍മാണചെലവ്.

സര്‍ക്കാര്‍ വക ആര്‍.ആര്‍.ടി.എസ്

സില്‍വര്‍ലൈന്‍ പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍ വൈകുന്ന സാഹചര്യത്തിലാണ് ഡല്‍ഹി-മീററ്റ് മാതൃകയില്‍ തിരുവനന്തപുരം-കാസര്‍കോട് റീജണല്‍ റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി മെട്രോ നിയമങ്ങള്‍ക്ക് കീഴിലാണ് വരുന്നത്. ഇത് റെയില്‍വേ ബോര്‍ഡിന്റെ സങ്കീര്‍ണമായ അനുമതി നടപടികള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കി.മീറ്റര്‍ ദൂരത്തിലാണ് ആര്‍.ആര്‍.ടി.എസ് വിഭാവനം ചെയ്തത്. നാല് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കും. ആദ്യ ഘട്ടം 2027ല്‍ ആരംഭിച്ച് 2033ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. കൊച്ചി മെട്രോയുമായും തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ വരാനിരിക്കുന്ന മെട്രോകളുമായും ആര്‍.ആര്‍.ടി.എസിനെ ബന്ധിപ്പിക്കും. പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററാണ്. ശരാശരി വേഗത 100 കി.മീറ്ററും.

ഈ രണ്ട് പദ്ധതികളും തമ്മിലെ പ്രധാന വ്യത്യാസം അവയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ്. ശ്രീധരന്റെ അതിവേഗ പാത 51 ശതമാനം ഇന്ത്യന്‍ റെയില്‍വേയുടെയും 49 ശതമാനം സംസ്ഥാന സര്‍ക്കാറിന്റെയും പങ്കാളിത്തമുള്ള സംയുക്ത സംരംഭമാണ്. അതേസമയം, ആര്‍.ആര്‍.ടി.എസ് പദ്ധതിക്ക് ഡല്‍ഹി മോഡലില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും 20 ശതമാനം വീതം ഓഹരി പങ്കാളിത്തവും ബാക്കി 60 ശതമാനം അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നുള്ള വായ്പയുമാണ്.

സാമ്പത്തികമായി രണ്ട് പദ്ധതികളും വലിയ ബാധ്യതകളാണ് സംസ്ഥാനത്തിന് നല്‍കുന്നത്. ശ്രീധരന്റെ അതിവേഗ പാത ഏകദേശം ഒരു ലക്ഷം കോടി രൂപ ചെലവ് കണക്കാക്കുന്നു. നിര്‍മാണ ചെലവ് കി.മീറ്ററിന് 200 കോടി രൂപ. ആര്‍.ആര്‍.ടി.എസ് പദ്ധതിക്കും ഏകദേശം സമാനമായ ചെലവാണ് പ്രതീക്ഷിക്കുന്നത്. കി.മീറ്ററിന് 250 കോടി രൂപയോളം വേണ്ടിവരും. സില്‍വര്‍ലൈനിന്റെ ആദ്യ കണക്കായ 64,000 കോടിയേക്കാള്‍ ഈ രണ്ട് പദ്ധതികള്‍ക്കും ചെലവ് കൂടുതലാണ്. എലിവേറ്റഡ് നിര്‍മാണ രീതി തിരഞ്ഞെടുക്കുന്നതുകൊണ്ട് വിശേഷിച്ചും.

Tags:    

Similar News