കോവളം ഭാഗത്ത് നിന്നു വന്ന കെഎസ് ആര്‍ ടിസി ബസ് സിഗ്നലില്‍ നിറുത്തി; ഈ സമയം സ്വകാര്യ ബസ് ഇടതുവശത്തു കൂടി മറികടന്ന് വലത്തേക്ക് യൂടേണ്‍ എടുത്ത് ഗാന്ധിപാര്‍ക്ക് ഭാഗത്തേക്ക് തിരിഞ്ഞു; ഞെരിഞ്ഞ് അമര്‍ന്നത് സീബ്രാ ലൈനിലൂടെ നടന്ന പാവം മനുഷ്യന്‍; കിഴക്കേകോട്ടയിലേത് എല്ലാ അര്‍ത്ഥത്തിലും കൊലപാതകം; ഉല്ലാസിന് സംഭവിച്ചത്
തിരുവനന്തപുരം: റോഡ് മുറിച്ച് കടക്കുന്നതിനിടെ കിഴക്കേക്കോട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസിനും സ്വകാര്യ ബസിനും ഇടയില്‍ ഞെരുങ്ങി കേരള ബാങ്ക് മാനേജര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതില്‍ പിന്നില്‍ മത്സരയോട്ടം. കോട്ടയ്ക്കകത്തെ കേരള ബാങ്ക് റീജിയണല്‍ ഓഫീസില്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ സീനിയര്‍ മാനേജര്‍ കൊല്ലം കൂട്ടിക്കട വെണ്‍പാലക്കര ഗ്യാലക്‌സിയില്‍ എം.ഉല്ലാസ് (52) ആണ് മരിച്ചത്. കെ.എസ്.ആര്‍.ടി.സി ബസുമായി അകലം പാലിക്കാതെ ഇടതുവശത്തുകൂടി അമിത വേഗതയില്‍ സ്വകാര്യബസ് ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിന് ഇടയാക്കിയത്.
ചാല പള്ളിയില്‍ ജുമാ നമസ്‌കാരം കഴിഞ്ഞു ബാങ്കിലേക്ക് തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. പഴവങ്ങാടിക്കും നോര്‍ത്ത് ബസ് സ്റ്റാന്‍ഡിനും ഇടയിലുള്ള സിഗ്‌നലിനു സമീപത്തുള്ള സീബ്രാ ലൈനില്‍ക്കൂടിയാണ് ഉല്ലാസ് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. ഗാന്ധിപാര്‍ക്ക് ഭാഗത്തുനിന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ഇരുബസുകളുടെയും ഡ്രൈവര്‍മാരെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിപാര്‍ക്കിന് എതിര്‍വശം നോര്‍ത്ത് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ട്രാഫിക് സിഗ്‌നല്‍ ലൈറ്റിന് മുന്നിലായിരുന്നു അപകടം. ഉല്ലാസിന്റെ ശരീരമാകെ ചതഞ്ഞരഞ്ഞു. ആന്തരികാവയവങ്ങള്‍ തകര്‍ന്ന് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
കോവളം ഭാഗത്ത് നിന്നുവന്ന കെ.എസ്.ആര്‍.ടി.സി ബസ് സിഗ്നലില്‍ നിറുത്തിയിട്ടിരുന്നു. ഈ സമയം സ്വകാര്യബസ് കെ.എസ്.ആര്‍.ടി.സി ബസിനെ ഇടതുവശത്തുകൂടി മറികടന്ന് വലത്തേക്ക് യൂടേണ്‍ എടുത്ത് ഗാന്ധിപാര്‍ക്ക് ഭാഗത്തേക്ക് തിരിഞ്ഞു. നിറുത്തിയിട്ട കെ.എസ്.ആര്‍.സി.സി ബസിന് മുന്നിലൂടെ നടന്നു പോകുകയായിരുന്ന ഉല്ലാസ് അതിനിടെ ഇരുബസുകള്‍ക്കുമിടയില്‍ പെട്ട് ഞെരിഞ്ഞമര്‍ന്നു. സ്വകാര്യബസ് ഡ്രൈവര്‍ അസീമിനെ ഒന്നാംപ്രതിയും, കെ.എസ്.ആര്‍.ടി സി ഡ്രൈവര്‍ സെബാസ്റ്റ്യനെ രണ്ടാംപ്രതിയുമാക്കി ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി കെ.ബി.ഗണേശ് കുമാര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ശബ്ദംകേട്ട് ബസുകളില്‍ ഇരുന്നവരുള്‍പ്പെടെ ബഹളമുണ്ടാക്കുമ്പോഴേക്കും ഉല്ലാസിന്റെ ശരീരമാകെ ചതഞ്ഞരഞ്ഞിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. കെഎസ്ആര്‍ടിസി ബസിന്റെയും സ്വകാര്യ ബസിന്റെയും ഡ്രൈവര്‍മാര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഉദാസീനമായി മനുഷ്യജീവന് ആപത്തുണ്ടാക്കും വിധം ഇരു ഡ്രൈവര്‍മാരും വാഹനം ഓടിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. തൊട്ടടുത്തുണ്ടായിരുന്ന പൊലീസ് വാഹനമെത്തി ഉല്ലാസിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമാണ് സ്ഥിരീകരിച്ചത്.
അപകടത്തിന് തൊട്ടുപിന്നാലെ ഇരു ബസ് ഡ്രൈവര്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേകോട്ടയില്‍ സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസുകളും തമ്മിലുള്ള മത്സരം ജീവനെടുക്കുന്നത് ഇതാദ്യമല്ല. ഉല്ലാസിന്റെ കബറടക്കം ഇന്ന് വൈകിട്ട് 4ന് മയ്യനാട് ആയിരംതെങ്ങ് ജുമാ മസ്ജിദ് (പടിഞ്ഞാറേ പള്ളി) കബര്‍സ്ഥാനില്‍. ഭാര്യ:സുനിജ (ലൈബ്രേറിയന്‍, സെക്രട്ടേറിയറ്റ്). മകന്‍:അമല്‍ (കൊല്ലൂര്‍വിള സര്‍വീസ് സഹകരണ ബാങ്ക്).
കിഴക്കേകോട്ടയില്‍ നിരവധി ബസ് അപകടങ്ങളാണ് അടുത്തകാലത്ത് ഉണ്ടായിട്ടുള്ളത്. യാതൊരു നിയന്ത്രണവുമില്ലാതെയാണ് കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. ബസ് യൂടേണെടുക്കുന്നതും നിര്‍ത്തുന്നതുമൊക്കെ ഡ്രൈവര്‍മാര്‍ക്ക് തോന്നുന്ന രീതിയിലാണ്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് സ്വകാര്യ ബസുകളും നിര്‍ത്തുന്നത്. ഇത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കെഎസ്ആര്‍ടി- സ്വകാര്യ ബസുകളുടെ മത്സരയോട്ടങ്ങളും നടക്കാറുണ്ട്.
റോഡ് മുറിച്ച് കടക്കുന്നവരെ പോലും ശ്രദ്ധിക്കാതെയാണ് സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ അപകടകരമായ രീതിയില്‍ സ്വകാര്യ ബസ് നിര്‍ത്തുന്നതും പ്രശ്‌നമാണ്. എപ്പോഴും തിരക്ക് അനുഭവപ്പെടുന്ന കിഴക്കേകോട്ട റോഡിലൂടെ ജിവന്‍ കയ്യില്‍പിടിച്ചാണ് കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്നത്. ബസുകളുടെ മത്സരയോട്ടത്തിനിടയില്‍ കാല്‍നട യാത്രക്കാരുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാറില്ലെന്ന പരാതി വ്യാപകമാണ്.