രണ്ടുപതിറ്റാണ്ടിനിടെ ഇഡി കണ്ടുകെട്ടിയത് 1.54 ലക്ഷം കോടി രൂപയുടെ വസ്തുക്കള്‍; 1739 കുറ്റപത്രങ്ങളും സമര്‍പ്പിച്ചു; കഴിഞ്ഞവര്‍ഷം മാത്രം കണ്ടു കെട്ടിയത് 30,000 കോടി; കണ്ടുകെട്ടലുകളില്‍ ഒരുവര്‍ഷത്തിനിടെ 141 ശതമാനത്തിന്റെ വര്‍ധന; ഇഡിയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് പുറത്ത്

രണ്ടുപതിറ്റാണ്ടിനിടെ ഇഡി കണ്ടുകെട്ടിയത് 1.54 ലക്ഷം കോടി രൂപയുടെ വസ്തുക്കള്‍

Update: 2025-05-13 02:26 GMT

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന ഏജന്‍സി സജീവമായത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതിന് ശേഷമാണ്. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ ഇഡിയെ ഉപയോഗിക്കുന്നു എന്ന ആക്ഷേപം നേരത്തെ ശക്തമാണ്. ഇതിനിടെയും അഴിമതിക്കാരുടെ പണം വലിയ തോതിലാണ് ഇഡി കണ്ടുകെട്ടുന്നത് എന്നാണ് വ്യക്തമാകുന്ന കാര്യം. കള്ളപ്പണക്കേസുകളില്‍ ഇഡി രണ്ടുപതിറ്റാണ്ടിനിടെ കണ്ടുകെട്ടിയത് 1.54 ലക്ഷം കോടി രൂപയുടെ സ്വത്തുക്കളാണെന്നാണ് പുറത്തുവരുന്ന വിവരം.

രാജ്യത്തെ വിവിധകോടതികളിലായി 1739 കുറ്റപത്രങ്ങളും സമര്‍പ്പിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തെ ഇഡി കേസുകളുടെ എണ്ണം കുത്തനെയുയര്‍ന്നു. കഴിഞ്ഞവര്‍ഷം മാത്രം 30,000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇഡിയുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്താമാക്കുന്നത്. കണ്ടുകെട്ടലുകളില്‍ ഒരുവര്‍ഷത്തിനിടെ 141 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. അതേസമയം, അറസ്റ്റുകളില്‍ 21 ശതമാനത്തിന്റെ കുറവുണ്ടായി. 2024-25 സാമ്പത്തികവര്‍ഷം 30 കേസിലായി കണ്ടുകെട്ടിയ 15,261 കോടി രൂപയുടെ സ്വത്ത് ഇരകള്‍ക്ക് തിരിച്ചുനല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണ ഏജന്‍സി എന്നനിലയില്‍ ഇഡി നിലവില്‍വന്നത് 1956 മേയ് ഒന്നിനാണ്. ആദ്യകാലത്ത് വിദേശനാണ്യനിയന്ത്രണ ചട്ടത്തിന്റെ (ഫെറ) ലംഘനംമാത്രം അന്വേഷിക്കാന്‍ ചുമതലയുള്ള ഏജന്‍സിയായിരുന്നു. ഫെറ പിന്നീട് വിദേശനാണ്യ വിനിമയ ചട്ടമായി (ഫെമ). എന്നാല്‍, 2002-ല്‍ കള്ളപ്പണംവെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) വന്നതോടെ ഇഡിയുടെ അധികാരങ്ങള്‍ വിശാലമായി. 2005 മുതല്‍ ഈ നിയമം നടപ്പാക്കിത്തുടങ്ങിയതോടെയാണ് ഇഡി കേസുകള്‍ കൂടാന്‍തുടങ്ങിയത്.

കള്ളപ്പണ ഇടപാടുകളില്‍ത്തന്നെ ആദ്യഘട്ടത്തില്‍ മയക്കുമരുന്നുബന്ധമുള്ള കേസുകളായിരുന്നു രജിസ്റ്റര്‍ചെയ്തിരുന്നവയിലേറെയും. അതില്‍ത്തന്നെ 30 ലക്ഷം രൂപയെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലേ ഇഡിക്ക് കേസെടുക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. 2012-ല്‍ പിഎംഎല്‍എ നിയമം ഭേദഗതിചെയ്തതോടെയാണ് ഈ പരിധി എടുത്തുകളഞ്ഞത്.

ഇക്കാരണങ്ങളാല്‍ 2014 മാര്‍ച്ചുവരെ 1883 കേസ് മാത്രമായിരുന്നു രജിസ്റ്റര്‍ചെയ്തത്. എന്നാല്‍, 2014 ഏപ്രില്‍മുതല്‍ 2024 മാര്‍ച്ചുവരെ ഇഡി കേസുകള്‍ കുത്തനെയുയര്‍ന്നു. ഈ കാലയളവില്‍ 5113 കേസിലാണ് അന്വേഷണം നടന്നത്. ഇഡിക്ക് കേസുകള്‍ രജിസ്റ്റര്‍ചെയ്യാന്‍ കുറ്റപത്രംവേണമെന്ന നിബന്ധന ഒഴിവാക്കിയതും കേസുകള്‍ കൂടാന്‍ കാരണമായി. ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സി എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്താല്‍ ഇഡിക്ക് കേസെടുക്കാമെന്ന സ്ഥിതിവന്നു.

പത്തുവര്‍ഷത്തിനിടെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെ രാഷ്ട്രീയനേതാക്കളുടെപേരില്‍ 193 കേസ് ഇഡി രജിസ്റ്റര്‍ചെയ്തതായി രണ്ടുമാസംമുന്‍പ് രാജ്യസഭയില്‍ വെളിപ്പെടുത്തലുണ്ടായിരുന്നു. അതേസമയം രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന അന്വേഷണ ഏജന്‍സികളിലൊന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പലപ്പോഴും ഇ.ഡി. നടപടികള്‍ വലിയ രാഷ്ട്രീയ കോലിളക്കങ്ങളും വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുള്ള ആയുധമായി ഇ.ഡിയെ ഉപയോഗിക്കുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന ആരോപണം. അടുത്തിടെ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൗതുകമുണര്‍ത്തുന്നതാണ്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 193 കേസുകളാണ് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇ.ഡി.രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതില്‍ രണ്ടു കേസുകളില്‍ മാത്രമാണ് കുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപിയുണ്ടായിട്ടുള്ളൂ. സിപിഎം രാജ്യസഭാ എംപി എ.എ.റഹീമിന്റെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം പങ്കുവെച്ചത്. തദ്ദേശ സ്ഥാപനങ്ങളിലടക്കമുള്ള ജനപ്രതിനിധികളായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ ഇ.ഡി.നടപടികളുടെ വിശദാംശങ്ങളാണ് റഹീം ചോദിച്ചതും മന്ത്രി മറുപടി നല്‍കിയതും.

193 കേസുകളില്‍ 71 ശതമാനവും 138 കേസുകളും 2019ല്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എടുത്തതാണ്. അതായത് അഞ്ചുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തതാണ്. ഇ.ഡി.കേസുകളില്‍ ശിക്ഷിക്കപ്പെട്ട രണ്ട് രാഷ്ട്രീയ നേതാക്കളും ഝാര്‍ഖണ്ഡില്‍നിന്നുള്ളവരാണ്. മുന്‍ മന്ത്രിമാരായ ഹരിനാരായണനും അനോഷ് എക്കയുമാണ് ശിക്ഷിക്കപ്പെട്ടത്. ഏഴു വര്‍ഷം തടവും പിഴയുമാണ് ഇരുവര്‍ക്കും ലഭിച്ചത്.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ഇ.ഡി. കേസുകളില്‍ സമീപ വര്‍ഷങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ എന്നും ഇതിന്റെ കാരണമെന്താണെന്നും റഹീം ചോദിച്ചിരുന്നു. അത്തരത്തിലുള്ള വിവരങ്ങളില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇഡി ഫയല്‍ ചെയ്ത 5,000 കേസുകളില്‍ 40 എണ്ണത്തില്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്ന് നേരത്തെ കോടതി ചൂണ്ടിക്കാണിച്ചിരുന്നു. പ്രോസിക്യൂഷന്‍ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മെച്ചപ്പെടുത്തല്‍ നടത്തണമെന്നും കോടതി നിര്‍ദേശിക്കുകയുണ്ടായി.

Tags:    

Similar News