പലവട്ടം കയറാന്‍ നോക്കിയിട്ടും പിന്‍കാലുകള്‍ ഉയര്‍ത്താനാവാതെ വിഷമിച്ചു; പനംപട്ട നല്‍കി ഉത്സാഹം കൂട്ടാന്‍ ശ്രമിച്ചെങ്കിലും രാവിലെ മുതലുള്ള കിടപ്പ് ക്ഷീണമായി; ഒടുവില്‍ കിണറിന്റെ ഒരുഭാഗം ഇടിച്ചുണ്ടാക്കിയ വഴിയിലൂടെ തോട്ടത്തിലേക്ക് നടന്നുകയറി; അരീക്കോട് മയക്ക് വെടി വയ്ക്കാതെ തന്നെ രാത്രി ദൗത്യത്തില്‍ കിണറ്റില്‍ വീണ ആനയെ കരയ്ക്ക് കയറ്റി

കിണറ്റില്‍ വീണ ആനയെ കരയ്ക്ക് കയറ്റി

Update: 2025-01-23 18:15 GMT

മലപ്പുറം: അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ ആനയെ കരയ്ക്ക് കയറ്റി. ആനയെ കയറ്റാനായി കിണറ്റില്‍ നിന്നു മണ്ണു മാന്തി, പാത നിര്‍മിച്ചാണ് പുറത്തെത്തിച്ചത്. വനം വകുപ്പിന്റെ രാത്രി ദൗത്യമാണ് ഫലം കണ്ടത്. ജനവാസ മേഖലയില്‍ നില്‍ക്കുന്ന ആനയെ കാടുകയറ്റി.

കിണറിന്റെ ഒരു വശത്ത് മണ്ണുമാന്തി നിര്‍മിച്ച വഴിയേ പുറത്തുവന്ന ആന തോട്ടത്തിലേക്ക് കയറിപോയി. പടക്കം പൊട്ടിച്ചും മറ്റും ആനയെ ഉള്‍വനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. വനംവകുപ്പിന്റെ 60 അംഗ ദൗത്യസംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മയക്കുവെടിവെച്ച ശേഷം രക്ഷാപ്രവര്‍ത്തനം നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വെടിവെക്കാതെ തന്നെ ആനയെ കരയ്ക്ക് കയറ്റാന്‍ സാധിച്ചു.

ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൂരങ്കല്ലില്‍ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് പുലര്‍ച്ചെയോടെ കാട്ടാന അകപ്പെട്ടത്. പ്രദേശത്ത് കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണു കൃഷിയിടത്തിലെ കിണറ്റില്‍ ആന വീണത്. ഏക്കര്‍ കണക്കിനു കൃഷിയാണ് കാട്ടാനകള്‍ നശിപ്പിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി കൃഷിയിടത്തില്‍ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടയിലാണ് ഇത് കിണറ്റില്‍ വീണത്.

കാട്ടാന അകപ്പെട്ട കിണറിന്റെ ഉടമ സണ്ണിയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം. 18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങള്‍ക്കും ശേഷം രാത്രി എട്ടോടെയാണ് കിണറ് പൊളിച്ച് ആനയെ പുറത്തെത്തിക്കാന്‍ തീരുമാനമുണ്ടായത്. തുടര്‍ന്ന് കിണറിന്റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തുകയായിരുന്നു.

ഇതിലൂടെ പലവട്ടം ആന കയറാന്‍ ശ്രമിച്ചെങ്കിലും പിന്‍കാലുകള്‍ കിണറ്റില്‍ നിന്ന് ഉയര്‍ത്താനാകാതെ കാട്ടാന പ്രയാസപ്പെട്ടു. ഇതിനിടയില്‍ ആനയ്ക്ക് പനംപട്ട ഉള്‍പ്പെടെ ഇട്ടു നല്‍കിയിരുന്നു. പലതവണ ആന വനംവകുപ്പ് ഒരുക്കിയ വഴിയിലൂടെ കയറാന്‍ ശ്രമിച്ചെങ്കിലും കിണറ്റിലേക്ക് വീണു. പിന്നീട് ഏറ്റവും ഒടുവിലായി രാത്രി പത്തോടെ നടത്തിയ ശ്രമത്തില്‍ ആന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറുകയായിരുന്നു. അക്രമങ്ങളൊന്നും കാണിക്കാതെ തന്നെ ആന സ്ഥലത്ത് നിന്ന് പോയി. റബ്ബര്‍ തോട്ടത്തിലേക്കാണ് ആന പോയത്. കാഴ്ചയില്‍ ആനയ്ക്ക് കാര്യമായ പരിക്ക് പ്രകടമല്ലെങ്കിലും ക്ഷീണിതനാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. രാവിലെ മുതല്‍ കിണറ്റില്‍ തന്നെ കിടന്നതിനാല്‍ കാട്ടാനയുടെ ആരോഗ്യസ്ഥിതി മോശമാണെന്നാണ് നേരത്തെ ഡിഎഫ്ഒ വ്യക്തമാക്കിയിരുന്നത്..

കിണറിന്റെ ഒരു ഭാഗം പൊളിച്ചതിനാല്‍ പുതിയൊരു കിണര്‍ നിര്‍മിക്കുന്നതിന് വേണ്ടിഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി സ്ഥലത്തിന്റെ ഉടമസ്ഥന്‍ സണ്ണിക്ക് നല്‍കും. പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കുന്നത് വരെ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തുണ്ടാകുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. ആനയെ വനത്തിനകത്തേക്ക് തുരത്താന്‍ നാളെ കുങ്കിയാനകളെ എത്തിക്കും. കര്‍ഷകരായ പ്രദേശവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി നാളെ ജില്ലാ കളക്ടറുട നേതൃത്വത്തില്‍ രാവിലെ 9 മണിക്ക് ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്.

Tags:    

Similar News