അത്യാധുനിക അണ്ടര്‍വാട്ടര്‍ വീഡിയോ മോണിറ്ററിംഗ്! ഈ വര്‍ഷം ഇന്ത്യന്‍ നാവികസേനയില്‍ കമ്മീഷന്‍ ചെയ്യുന്ന പതിനൊന്നാമത്തെ കപ്പല്‍; ഡൈവിംഗ് സപ്പോര്‍ട്ട് ക്രാഫ്റ്റ് ആല്‍ഫാ 20 ഇനി സേനയുടെ ഭാഗം
കൊച്ചി: ഇന്ത്യന്‍ നാവികസേന തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക കപ്പലായ ഡൈവിംഗ് സപ്പോര്‍ട്ട് ക്രാഫ്റ്റ് ആല്‍ഫാ 20 ഔദ്യോഗികമായി സേനയുടെ ഭാഗമായി. ഈ വര്‍ഷം ഇന്ത്യന്‍ നാവികസേനയില്‍ കമ്മീഷന്‍ ചെയ്യുന്ന പതിനൊന്നാമത്തെ കപ്പലാണിത്. കൊല്‍ക്കത്തയിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റം ലിമിറ്റഡ് നിര്‍മ്മിച്ച അഞ്ച് ഡൈവിംഗ് സപ്പോര്‍ട്ട് ക്രാഫ്റ്റുകളില്‍ ആദ്യത്തേതാണിത്.
കപ്പലിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവും ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗിന്റെ ക്ലാസിഫിക്കേഷന്‍ നിയമങ്ങള്‍ക്കനുസരിച്ചാണ്. 390 ടണ്‍ ഭാരമുള്ള കാറ്റമരന്‍-ഹള്‍ കപ്പലാണിത്. അത്യാധുനിക ഡൈവിംഗ് ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള ഈ കപ്പല്‍, തീരദേശ ജലാശയങ്ങളിലെ അടിയന്തിര ഡൈവിംഗ് ദൗത്യങ്ങള്‍, തുറമുഖങ്ങളിലെ തടസ്സങ്ങള്‍ നീക്കല്‍, വെള്ളത്തിനടിയിലെ അറ്റകുറ്റപ്പണികള്‍, പരിശോധനകള്‍ എന്നിവയ്ക്ക് നിര്‍ണായക പങ്ക് വഹിക്കും.
അത്യാധുനിക അണ്ടര്‍വാട്ടര്‍ വീഡിയോ മോണിറ്ററിംഗ്, റെക്കോര്‍ഡിംഗ്, ട്രാക്കിംഗ് സൗകര്യങ്ങള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷിതവും ദീര്‍ഘ നേരമുള്ള ഡൈവിംഗ് പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിനായി, രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന റീ കംപ്രഷന്‍ ചേംബര്‍ കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. നിര്‍മ്മാണ ഘട്ടത്തില്‍ ഹൈഡ്രോ ഡൈനാമിക് വിശകലനവും മോഡല്‍ പരിശോധനയും വിശാഖപട്ടണത്തെ നേവല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കല്‍ ലബോറട്ടറിയില്‍ വെച്ച് പൂര്‍ത്തിയാക്കിയിരുന്നു.
ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ സമീര്‍ സക്സേനയുടെ അധ്യക്ഷതയിലായിരുന്നു കമ്മീഷനിങ് ചടങ്ങുകള്‍. മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥര്‍, മുന്‍ നാവിക സേനാംഗങ്ങള്‍, ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കമാന്‍ഡിംഗ് ഓഫീസര്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ ഹേമന്ത് സിംഗ് ചൗഹാന്‍ കമ്മീഷനിംഗ് വാറന്റ് വായിച്ചതോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ദേശീയഗാനത്തിന്റെ അകമ്പടിയോടെ നാവിക സേനാ പതാകയും, ക്രാഫ്റ്റ് സജീവ സേവനത്തിലേക്ക് ചേര്‍ത്തതിന്റെ സൂചനയായി കമ്മീഷനിംഗ് പെനന്റ് ഉയര്‍ത്തുകയും ചെയ്തു.
മെച്ചപ്പെട്ട കരുത്ത്, കാര്യക്ഷമത, ആധുനിക ഡൈവിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്ള ഡി.എസ്.സി എ20, ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹന സജ്ജീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും സമുദ്ര സുരക്ഷാ സംവിധാനത്തില്‍ നിര്‍ണായക ശക്തിയായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് വൈസ് അഡ്മിറല്‍ സമീര്‍ സക്സേന പറഞ്ഞു.
