'ബില്‍ഡര്‍ എന്നെയും ചതിച്ചു; പോലീസിനും ഇതറിയാം എന്നിട്ടും കേസ്': രാഷ്ട്രീയ വേട്ടയാടലിനെതിരെ ഷിബു ബേബി ജോണ്‍; ഫ്‌ളാറ്റ് തട്ടിപ്പില്‍ ആര്‍ എസ് പി സെക്രട്ടറിയ്‌ക്കെതിരായ കേസില്‍ രാഷ്ട്രീയമോ? ആരോപണം നിഷേധിച്ച് മുന്‍ മന്ത്രി എത്തുമ്പോള്‍
തിരുവനന്തപുരം: ഫ്‌ലാറ്റ് നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണിനും കുടുംബാംഗങ്ങള്‍ക്കും എതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. നാലാഞ്ചിറ പാറോട്ടുകോണം സ്വദേശി അലക്‌സ് നല്‍കിയ പരാതിയിലാണ് നടപടി. ആരോപണങ്ങള്‍ ഷിബു തള്ളി കളഞ്ഞു.
കടകംപള്ളി വില്ലേജിലെ ആന്റ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിര്‍മ്മിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ഫ്‌ലാറ്റ് നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. 2020 നവംബറിലാണ് പണം കൈമാറിയത്. 2022 ഓഗസ്റ്റില്‍ പണി പൂര്‍ത്തിയാക്കി ഫ്‌ലാറ്റ് കൈമാറാമെന്നായിരുന്നു കരാര്‍. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും ഫ്‌ലാറ്റ് നല്‍കുകയോ വാങ്ങിയ തുക തിരികെ നല്‍കുകയോ ചെയ്തില്ലെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. ഷിബു ബേബി ജോണിന് പുറമെ അദ്ദേഹത്തിന്റെ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും കമ്പനി ഭാരവാഹികളും പ്രതിപ്പട്ടികയിലുണ്ട്:
വിശ്വാസവഞ്ചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരന്‍ ഹാജരാക്കിയ ബാങ്ക് രേഖകളും എഗ്രിമെന്റും പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയേക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടയില്‍ ഷിബു ബേബി ജോണിനും കുടുംബത്തിനുമെതിരെ ഉയര്‍ന്ന ഈ കേസ് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
തനിക്കും കുടുംബത്തിനുമെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെയും ഭരണപരാജയങ്ങള്‍ക്കെതിരെയും താന്‍ ഉയര്‍ത്തുന്ന ശബ്ദത്തെ അടിച്ചമര്‍ത്താനാണ് ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പരാതിക്ക് ആസ്പദമായ കമ്പനിയില്‍ താനോ കുടുംബമോ സജീവമായ ദൈനംദിന ഇടപെടലുകള്‍ നടത്തുന്നില്ലെന്നും, കേവലം ഡയറക്ടര്‍മാര്‍ എന്ന നിലയിലാണ് പേരുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ പണമൊന്നും ആരില്‍ നിന്നും വാങ്ങിയിട്ടില്ല. തന്നെയും ബില്‍ഡര്‍ ചതിക്കുകയായിരുന്നു. ഇത് പോലീസിനും അറിയാം. എന്നിട്ടും കേസെടുത്തുവെന്ന് ഷിബു ബേബി ജോണ്‍ പറയുന്നു.
ഫ്‌ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള തടസ്സങ്ങള്‍ ഒരു സിവില്‍ തര്‍ക്കമായി പരിഹരിക്കേണ്ടതിന് പകരം ക്രിമിനല്‍ കേസായി മാറ്റി തന്നെ അപമാനിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. പരാതിക്കാരന് നല്‍കാനുള്ള തുക സംബന്ധിച്ച കാര്യങ്ങള്‍ ബിസിനസ് മര്യാദകളോടെ തീര്‍പ്പാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതിനെ രാഷ്ട്രീയമായ ആയുധമാക്കാനാണ് ഭരണപക്ഷത്തെ ചിലര്‍ തിരക്കഥ തയ്യാറാക്കിയത്. കേസിനെ ഭയക്കുന്നില്ലെന്നും കോടതിയില്‍ സത്യം തെളിയുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇത്തരം വ്യാജ കേസുകള്‍ കൊണ്ട് തന്റെ രാഷ്ട്രീയ പോരാട്ടത്തെ തളര്‍ത്താനാവില്ലെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഷിബു ബേബി ജോണിനെപ്പോലൊരു മുതിര്‍ന്ന യു.ഡി.എഫ് നേതാവിനെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് യു.ഡി.എഫും ആരോപിക്കുന്നു. എന്നാല്‍ പോലീസ് നടപടി സ്വാഭാവികമായ നിയമപ്രക്രിയ മാത്രമാണെന്നാണ് ഇടത് മുന്നണിയുടെ നിലപാട്.
