ഇടുക്കി ഗോള്‍ഡിന്റെ പ്രസക്തി മാഞ്ഞു; ഇടുക്കിയിലും കോട്ടയത്തും ടൂറിസ്റ്റ് കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് കാബുള്‍ മാഫിയ; രാസലഹരി എത്തുന്നത് അഫ്ഗാനില്‍ നിന്നും; വിമാനങ്ങളില്‍ എത്തുന്ന ലഹരി 'ദൈവത്തിന്റെ സ്വന്തം നാടിനെ' വിഴുങ്ങുന്നത് ഇങ്ങനെ

Update: 2025-12-27 02:34 GMT

കോട്ടയം: ഇടുക്കി ഗോള്‍ഡിന്റെ കാലം കഴിഞ്ഞു! ഇടുക്കിയിലെയും കോട്ടയത്തെയും ടൂറിസം കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിപ്പാര്‍ട്ടികളിലേക്ക് എത്തുന്ന രാസലഹരിയുടെ ഉത്ഭവം അഫ്ഗാനിസ്ഥാനാണെന്ന് പോലീസും എക്‌സൈസും കണ്ടെത്തി. ഇടുക്കി ഗോള്‍ഡ് ഏറെ ചര്‍ച്ചയായിരുന്നു മുമ്പ്. ഇതിന് ആവശ്യക്കാരും ഏറെയായിരുന്നു ഒരു കാലത്ത്. എന്നാല്‍ രാസ ലഹരി അതും മറികടക്കുകയാണ്. കേരളം രാസലഹരിക്ക് പിന്നാലെ പോകുമ്പോള്‍ തെളിയുന്നത് 'കാബൂള്‍' മാഫിയയാണ്.

ഡല്‍ഹി, ബെംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴി ഇന്ത്യയിലെത്തിക്കുന്ന ഈ മാരക ലഹരിവസ്തുക്കള്‍ പിന്നീട് ട്രെയിന്‍, ബസ് മാര്‍ഗങ്ങളിലൂടെയാണ് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് കടത്തുന്നത്. വിദേശത്തുനിന്ന് എത്തുന്ന ലഹരിമരുന്നിന്റെ സഞ്ചാരപഥത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ നേരത്തെ തന്നെ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബെംഗളൂരുവില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 99.073 ഗ്രാം എം.ഡി.എം.എ. കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പോലീസും സംയുക്തമായി പിടികൂടി. കോട്ടയം ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാസലഹരി വേട്ടയാണിതെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വാഗമണ്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി ലഹരിയെത്തിക്കുന്ന സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഈ വന്‍ വേട്ടയ്ക്ക് വഴിയൊരുക്കിയത്. ഈരാറ്റുപേട്ടയിലെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് വിമല്‍ രാജ് (24), ജീമോന്‍ (31), അബിന്‍ റെജി (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ മൊത്തക്കച്ചവടക്കാരില്‍ നിന്ന് ഒന്നര ലക്ഷം രൂപയ്ക്കാണ് ഇവര്‍ ഈ മാരക മരുന്ന് വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.

ബെംഗളൂരുവില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന ഈ രാസലഹരി നാട്ടില്‍ ഒരു ഗ്രാമിന് 3500 രൂപ നിരക്കിലാണ് ഇവര്‍ ആവശ്യക്കാര്‍ക്ക് വിറ്റിരുന്നതെന്നും പോലീസ് കണ്ടെത്തി. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. ഇവിടെ അഫ്ഗാന്‍ രാസലഹരി വലിയ പ്രതിസന്ധിയായി മാറുകയാണ്.

Tags:    

Similar News